വരൾച്ച: പത്തംഗ കേന്ദ്രസംഘം എത്തുന്നു....

കേരളത്തിലെ വേനൽക്കെടുതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ കൃഷി വകുപ്പു ജോ. സെക്രട്ടറി അശ്വിനികുമാർ അധ്യക്ഷനായി പത്തംഗ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. ഏപ്രിൽ മാസത്തിൽ തന്നെ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണു ധാരണ. സംസ്ഥാനം 992.5 കോടി രൂപയുടെ അടിയന്തര സഹായമാണ് ആവ‌ശ്യപ്പെട്ടിരിക്കുന്നത്. 100 വർഷത്തെ ഏറ്റവും വലിയ വരൾച്ച‌യാണ് ഇത്തവണത്തേത്. കേന്ദ്ര വരൾച്ചാ മാനുവലിൽ പറയുന്നതു പോലെ സംസ്ഥാനത്തിനു സൗജന്യ ഭക്ഷ്യധാന്യവും മണ്ണെണ്ണയും നൽകാനും തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ സമയം അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബായ് സർക്കാർ ജോലികൾക്ക് ഇനി കൃത്രിമ ബുദ്ധിയുള്ള യന്ത്രമനുഷ്യർ!...

സാങ്കേതിക ലോകത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന നഗരമാണ് ദുബായ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ദുബായ് സര്‍ക്കാർ ജോലികൾ ഇനി യന്ത്രങ്ങൾ ഏറ്റെടുക്കുമെന്നാണ്. സ്മാര്‍ട്ട് ദുബായ് പദ്ധതിയുടെ ഭാഗമായി കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രമനുഷ്യരായിരിക്കും സർക്കാർ ജോലികൾ ചെയ്യുക. യുഎഇയിൽ എല്ലാ മേഖലകളിലും തൊഴിൽ കുറച്ച് യന്ത്രങ്ങളെ നിയമിക്കാനാണ് നീക്കം നടത്തുന്നത്. കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ നിയന്ത്രിക്കുന്നതിന് ജീവനക്കാരെയും നിയമിക്കും. ഇതിനുള്ള പരിശീലന സ്മാര്‍ട്ട് ലാബ് കഴിഞ്ഞ ദിവസം തുടങ്ങി.ആദ്യഘട്ടത്തിൽ 200 ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

തലയ്ക്കുള്ളിലെ ചിന്തകള്‍ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ്, അപ്‌ലോഡ് ചെയ്യാം, പദ്ധതി എലൻ മസ്കിന്റേത്!....

ശാസ്ത്ര ലോകത്ത് ദിവസവും പുതിയ കണ്ടെത്തലുകളാണ് നടക്കുന്നത്. മനുഷ്യന്റെ തലച്ചോറിലെ ചിന്തകൾ ഡൗൺലോഡ്, അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വരുന്നുവെന്നതാണ് പുതിയ വാർത്ത.സ്പേസ് എക്സ് കമ്പനി മേധാവി എലൻ മസ്കാണ് പുതിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്. മനുഷ്യനെ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുക. ഈ സംവിധാനം വിജയിച്ചാൽ മനുഷ്യ മനസ്സിലെ ചിന്തകൾ എല്ലാം കംപ്യൂട്ടറിന്റെ ഹാർഡ്ഡിസ്കിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. വേണമെങ്കിൽ മറ്റുള്ളവരുടെ മെമ്മറി മറ്റൊരാളിലേക്ക് അപ്‌ലോഡ് ചെയ്യാനും സാധിക്കും. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിത സ്ഥിരീകരണമോ പ്രതികരണമോ വന്നിട്ടില്ല. സംഗതി പ്രാവർത്തികമായാൽ സാങ്കേതിക ലോകത്ത് വൻ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന കണ്ടെത്തലാകും ഇത്.

സ്റ്റീവ് ജോബ്‌സിന്റെ ആദ്യ കംപ്യൂട്ടര്‍ ലേലത്തിന്, വില 2.08 കോടി രൂപ!...

ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടറിന് എന്തു വിലയാകും? അതും പതിറ്റാണ്ടുകൾ പഴക്കമുള്ള ഒന്നിന്? വളരെ തുച്ഛമായ വിലയേ കിട്ടു എന്നായിരിക്കും ഉത്തരം അല്ലേ? എന്നാല്‍ കേട്ടോളൂ 1976ല്‍ നിർമ്മിച്ച ഒരു ലാപ്ടോപ്പ് കോടികൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ലേലത്തിന് എത്തുകയാണ്. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആദ്യ കംപ്യൂട്ടർ എന്നതാണ് ഇതിന്റെ പ്രത്യേകത.ആപ്പിളിന്റെ ആദ്യ ഉത്പന്നത്തിന് പ്രതീക്ഷിക്കുന്നത് നൂറിരട്ടിയിലേറെ തുകയാണ്. ആപ്പിള്‍ സ്ഥാപകരായ സ്റ്റീവ്‌ ജോബ്‌സും സ്റ്റീവ് വൊസ്‌നിയാക്കും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ യഥാര്‍ഥ രേഖകള്‍ സഹിതമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഈ ആപ്പിള്‍ കംപ്യൂട്ടര്‍ ലേലത്തിനെത്തുന്നത്.ആപ്പിളിന്റെ കന്നി കംപ്യൂട്ടറുകളില്‍ എട്ടെണ്ണം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സ്റ്റീവ് ജോബ്‌സിന്റെ കംപ്യൂട്ടറാണ് 2.62 ലക്ഷം പൗണ്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലേലത്തിന് വെക്കുന്നത്.

ഇന്നത്തെ ചിന്ത - ഏതു കാര്യമായാലും വിജയത്തിലേക്കുള്ള വഴി ആ കാര്യത്തിലുള്ള താല്പര്യത്തില്‍ അടങ്ങിയിരിക്കുന്നു

- സര്‍ വില്യം ഓസ്‌ലര്‍