ചേരുവകൾ
നുറുക്ക് ഗോതമ്പ് - 50 ഗ്രാം
കടലപ്പരിപ്പ് - 50 ഗ്രാം
ചെറുപയർ പരിപ്പ് - 50 ഗ്രാം
മാതളം - 1 എണ്ണം
മാമ്പഴം - 2 എണ്ണം
ചക്കപ്പഴം - 100 ഗ്രാം
പൈനാപ്പിൾ - 100 ഗ്രാം
കപ്പപ്പഴം - 2 എണ്ണം
ഏത്തപ്പഴം - 2 എണ്ണം
ഈന്തപ്പഴം - 100 ഗ്രാം
റംബുട്ടാൻ - 10 എണ്ണം
പപ്പായ - 100 ഗ്രാം
പഞ്ചസാര - 100 ഗ്രാം
വെല്ലം - 1 Kg
കരിമ്പിൻജ്യൂസ് - 1 ഗ്ലാസ്
തേൻ - 50 ഗ്രാം
പനംകൽക്കണ്ടം - 50 ഗ്രാം
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
ചുക്കുപൊടി - 1 1/2 ടീസ്പൂൺ
ബദാം - 100 ഗ്രാം
കുങ്കുമപ്പൂവ് - 1 ടീസ്പൂൺ
തേങ്ങാപ്പാൽ
ഒന്നാം പാൽ - അര ലീറ്റർ
രണ്ടാം പാൽ - ഒരു ലീറ്റർ
മൂന്നാം പാൽ - ഒരു ലീറ്റർ
നെയ്യ് - 150 ഗ്രാം
കൊട്ടത്തേങ്ങ - 10 ഗ്രാം
കശുവണ്ടി - 25 ഗ്രാം
തണ്ണിമത്തൻ വിത്ത് - 10 ഗ്രാം
താമരവിത്ത് - 20 ഗ്രാം
ചൗവ്വരി - 100 ഗ്രാം
തയ്യാറാക്കുന്ന വിധം.
ഗോതമ്പ്, കടലപ്പരിപ്പ്, ചെറുപയറ്റിൻ പരിപ്പ് ഇവ കുതിർത്തിയശേഷം രണ്ട് ലീറ്റർ വെള്ളത്തിൽ വേവിച്ച് വയ്ക്കുക. ഏത്തപ്പഴം, ഈന്തപ്പഴം, പൈനാപ്പിൾ, കപ്പപ്പഴം, റംബൂട്ടാൻ, പപ്പായ മാമ്പഴം ഇവ കൊത്തി അരിഞ്ഞശേഷം ഓരോന്നും പ്രത്യേകം നെയ്യിൽ വഴറ്റി ഉടച്ചു വയ്ക്കുക. ഇവ ഒന്നിച്ചാക്കി മൂന്നാം പാൽ ഒഴിച്ച് വേവിക്കുക. മൂന്നാം പാൽ വറ്റി പഴങ്ങൾ വെന്ത് കഴിയുമ്പോൾ പഞ്ചസാര ചേർത്ത് വിളയിക്കുക. ഇതിലേയ്ക്ക് ചൗവ്വരി വേവിച്ച് വച്ചിരിക്കുന്നത് ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. ഇതിലേയ്ക്ക് വെല്ലം ഉരുക്കിയത് ചേർത്ത് നന്നായി യോജിപ്പിച്ച് തിളച്ച് കഷണങ്ങളിൽ മധുരം പിടിച്ചു കഴിയുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, ചെറുപയറ്റിൻ പരിപ്പ് ഇവയും ഒരു ടേബ് ൾ സ്പൂൺ നെയ്യും ചേർത്ത് അടുപ്പിൽ വച്ച് ഇളക്കുക. നന്നായി തിളച്ചു കുറുകി പായസപരുവമാകുമ്പോൾ കരിമ്പിൻ ജ്യൂസ് ചേർക്കുക. ഇതിലേയ്ക്ക് അമ്പത് ഗ്രാം ബദാം കാൽ കപ്പ് ഒന്നാം പാൽ കുങ്കുമപ്പൂവ് ഇവ അരച്ച് പായസത്തിൽ ചേർത്ത് കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക, തേൻ ചേർക്കുക, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി ഇവ ചേർക്കുക. ഇത്രയും സമയം കൊണ്ട് പായസം കുറുകിക്കാണും. ഇതിലേയ്ക്ക് ഒന്നാം പാൽ ചേർത്ത് ചെറിയ തിള വരുമ്പോൾ ഇറക്കാം. ബദാം, പിസ്ത, കശുവണ്ടി, താമരവിത്ത്, തണ്ണിമത്തൻ വിത്ത് ഇവ നെയ്യിൽ വഴറ്റി പായസത്തിൽ ചേർക്കുക. മാതളം വിതറിയശേഷം അൽപം നെയ്യ് മുകളിൽ തൂവി വിളമ്പാം.