ചേരുവകൾ
ഈന്തപ്പഴം - 20 എണ്ണം
പപ്പായ (ചെനച്ചത്) - അര കപ്പ് (നീളത്തിൽ ചീന്തിയത്)
മത്തങ്ങ - അര കപ്പ്(നീളത്തിൽ ചീന്തിയത്)
ക്യാരറ്റ് - അര കപ്പ് (നീളത്തിൽ ചീന്തിയത്)
ഓട്സ് - നാല് ടീസ്പൂൺ
മാങ്ങ പഴുത്തത് - ഒരെണ്ണം (ചെറിയ ചതുരക്കഷണങ്ങളാക്കിയത്)
പശുവിൻ പാൽ - ഒന്നര ലീറ്റർ
പഞ്ചസാര - ഒന്നര കപ്പ്
കശുവണ്ടി പൊട്ടിച്ചത് - മൂന്ന് ടീസ്പൂൺ
മാതളനാരങ്ങ - അര കപ്പ് (ഉള്ളിലെ ചെറുപഴങ്ങൾ വേർതിരിച്ചെടുത്തത്)
കണ്ടൻസ്ഡ് മിൽക് - മൂന്ന് ടീസ്പൂൺ
നെയ്യ് - മൂന്ന് ടീസ്പൂൺ
ഏലക്കായ് പൊടിച്ചത് - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം.
15 ഈത്തപ്പഴം കുരു കളഞ്ഞ് പിച്ചി അര കപ്പ് ചെറുചൂടുപാലിൽ 15 മിനിറ്റ് മുക്കിവയ്ക്കുക. ബാക്കിയുള്ള ഈന്തപ്പഴവും കശുവണ്ടിയും ചെറുകഷണങ്ങളാക്കി നെയ്യിൽ വറുത്തുകോരി മാറ്റിവയ്ക്കുക. അതേ പാത്രത്തിൽ ചീന്തിയ ക്യാരറ്റും മത്തങ്ങയും പപ്പായയും ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക. അവയുടെ പച്ചച്ചുവ പോകുന്നതുവരെ വഴറ്റുക.
പായസം ഉണ്ടാക്കാനുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക. കുറച്ചു വറ്റിക്കഴിയുമ്പോൾ നെയ്യിൽ വഴറ്റിയ ക്യാരറ്റ്, മത്തങ്ങ, പപ്പായ എന്നിവ ചേർത്തിളക്കുക. പാലിൽ മുക്കിവച്ച ഈന്തപ്പഴം മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. അതും പഞ്ചസാരയും പാലിൽ
ചേർത്തു തിളപ്പിക്കുക. ഇതിന്റെ കൂടെ പഴംമാങ്ങ കഷണങ്ങളാക്കിയതും ഓട്സും ഏലക്കായ് പൊടിച്ചതും ചേർത്ത് വേവിക്കുക. കണ്ടൻസ്ഡ് മിൽക്കും ചേർത്ത് മൂന്ന് നാല് മിനിറ്റ് തിളപ്പിച്ച് കഴിഞ്ഞ് ഗ്യാസ് ഓഫാക്കി വറുത്തു മാറ്റിവച്ച ഈന്തപ്പഴവും കശുവണ്ടിയും ചേർക്കുക. സേർവ് ചെയ്യുന്ന പാത്രത്തിലേക്ക് പായസം മാറ്റുക. അതിന്റെ മുകളിൽ മാതളനാരങ്ങ വിതറി അലങ്കരിക്കുക.
രുചിയുള്ള മിക്സഡ് ഫ്രൂട്ട് വെജിറ്റബിൾ ഓട്സ് പായസം തയാർ