Nalla Paadam News

ഉള്ളോടു ചേർത്തു പിടിക്കാൻ നല്ല പാഠം നാലാം പതിപ്പ്

പുസ്തകങ്ങൾക്കൊപ്പം ഉള്ളോടു ചേർത്തു പിടിക്കാൻ കേരളത്തിലെ വിദ്യാർഥികൾക്ക് ഇപ്പോൾ മറ്റൊന്നു കൂടിയുണ്ട്; നല്ലപാഠം. നോവുന്ന ജീവിതത്തിന്റെ ചാരെ നിന്ന ഈ സ്നേഹകൂട്ടായ്മ നാലാം പതിപ്പിലേക്കു താൾ മാറിക്കുമ്പോൾ, കുട്ടികൾ സൃഷ്ടിച്ച നന്മവാർത്തകൾ പറ‍ഞ്ഞാൽ തീരാത്തത്രയുണ്ട്. പോയവർഷങ്ങളിൽ നല്ലപാഠം സ്കൂളുകൾ ചേർന്നു നടത്തിയതു 15 കോടിയിലധികം രൂപയുടെ കാരുണ്യപ്രവൃത്തികൾ. പണിതുനൽകിയതു നൂറോളം വീടുകൾ. ഒട്ടധികം പദ്ധതികളിലൂടെ നാടിനു പകർന്നതു മാഞ്ഞുപോകാത്ത വെളിച്ചം.

സമൂഹത്തെ ഒരു കണ്ണാടിയിലെന്ന പോലെ അവർ കാണുന്നു, കണ്ടു നിൽക്കുകയല്ല. പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി അവർ സാമൂഹികാനുഭവങ്ങൾക്ക് ഒപ്പം ചേരുന്നു. നോവനുഭവിക്കുന്ന മനുഷ്യരിലൊക്കെയും അവരുടെ നോട്ടമെത്തുന്നു. മുതിർന്നവർ കാണാതെപോയ ആ മനുഷ്യരുടെ മിഴി തുടയ്ക്കുന്നു. ഹൃദയപ്പച്ചയുള്ള ഏതു മനുഷ്യരുടെയും ഉള്ളു തൊടുന്നതാണു ഈ സ്നേഹവായ്പ്.

മലയാളിയുടെ മൂല്യവത്തായ ജീവിതത്തിന് ഉണർവു നൽകിയ പലതുള്ളി, സുകൃതകേരളം, എന്റെ മലയാളം, വഴിക്കണ്ണ്, ഞങ്ങളുണ്ട് കൂടെ, നേർവഴി, സേവ്, സൂര്യകാന്തി തുടങ്ങിയ കർമപദ്ധതികൾ ആവിഷ്ക്കരിച്ച മനോരമയുടെ നല്ലപാഠം പദ്ധതിയിൽ പോയവർഷം ആറായിരത്തോളം വിദ്യാലയങ്ങളാണ് അണിചേർന്നത്. വിദ്യാർഥികളുടെ വേറിട്ട പ്രവർത്തനങ്ങൾ എല്ലാ വാരത്തിലും മനോരമ ന്യൂസിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ കാഴ്ചയിലെത്തി. മനോരമ ഓൺലൈനിലും ദിനപ്പത്രത്തിലും കുട്ടിവാർത്തകൾക്കു വലിയ ഇടം കിട്ടി.

അധ്യാപകരും വിദ്യാർഥികളും കേരളീയജീവിതവും നിസ്വാർഥമനസു കൊരുത്തു മുന്നേറുന്ന ഈ യാത്രയിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളെയും ഹൃദയപൂർവം ഞങ്ങൾ കൂട്ടു വിളിക്കുന്നു.

Related Story

© Copyright 2015 Manoramaonline. All rights reserved.