Message from Dignitaries

മാമൻ മാത്യു

സാമൂഹികപ്രതിബദ്ധതയുടെ നല്ല പര്യായമായി മാറിയ നല്ലപാഠം പദ്ധതി നാലാം വർഷത്തിലേക്കു കടക്കുകയാണ്. നാടിന്റെ മനസു തൊട്ടുള്ള   പ്രവർത്തനങ്ങളിലൂടെ മികവു കാട്ടുന്ന വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ അവിഷ്ക്കരിച്ച നല്ലപാഠത്തിലൂടെ വിദ്യാർഥികൾ നിസ്വരായ ഒട്ടധികം മനുഷ്യരുടെ ജീവിതത്തെ കൂടുതൽ വെളിച്ചമുള്ളതാക്കി. നിരാശ്രയരായ ആളുകളുടെ മുന്നിൽ സമ്മാനപ്പൊതികളുമായി എത്തിയാണ് ‘ലവ് ബക്കറ്റ് ചാലഞ്ചി’നെ കുട്ടികൾ ഏറ്റെടുത്തത്. പൊന്നോണത്തെ വരവേൽക്കാൻ അവർ കൃഷിമുറ്റം ഒരുക്കിവച്ചു. സ്കൂൾവളപ്പിലും വീട്ടുതൊടിയിലും അവർ പച്ചക്കറിവിത്തുകൾ നട്ടു. വിളയിച്ചെടുത്ത ഫലങ്ങളുമായി കൂട്ടുകാരും നാട്ടുകാരും ഒന്നിച്ച് ഓണമുണ്ടു.

സാമൂഹിക സുരക്ഷാ മിഷനുമായി ചേർന്നു ‘സ്നേഹക്കൂട്ട്’ പദ്ധതിയിലൂടെ ഒട്ടേറെപേർക്കു സാമ്പത്തിക സഹായമെത്തിക്കാൻ വിദ്യാർഥികൾ കൂട്ടായി ശ്രമിച്ചതു നാം കണ്ടതാണ്. മനോരമയിൽ പ്രസിദ്ധീകരിക്കുന്ന എഴുത്തുപെട്ടിയിലേക്ക് കുട്ടികൾ എഴുതുന്ന കത്തുകൾ നാടിന്റെ ജീവൽപ്രശ്നങ്ങൾ അധികൃതശ്രദ്ധയിൽ കൊണ്ടുവന്നു. നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചു. നവീനമായ ആശയങ്ങളിലൂടെ നന്മയുടെ വഴിയിൽ മുന്നേനടന്ന, കേരളത്തിലെ ആറായിരത്തോളം നല്ലപാഠം വിദ്യാലയങ്ങളെയും പ്രധാനാധ്യാപകരെയും പതിനായിരത്തിലധികം നല്ലപാഠം അധ്യാപക കോ– ഓർഡിനേറ്റർമാരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും അവർക്ക് എല്ലാ പിന്തുണയുമേകുന്ന അധ്യാപക, രക്ഷാകർതൃ സമിതികളെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു. സന്നദ്ധ പ്രസ്ഥാനങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. അവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.

പിന്നിട്ടവർഷം വിദ്യാലയങ്ങൾ കാഴ്ചവച്ച നല്ലപാഠം മാതൃകകൾ പരിചയപ്പെടുത്തുകയാണ് ഈ കൈപ്പുസ്തകത്തിൽ. ഈ വർഷം മറ്റു വിദ്യാലയങ്ങൾക്കും ഇവ പകർത്താവുന്നതാണ്. നന്മയുടെ പുതിയ മാതൃകകൾ കണ്ടെത്തുകയും ചെയ്യാം. നല്ലപാഠത്തെ കൂടുതൽ സ്നേഹപാഠങ്ങളിലേക്ക് ഒരു മനസോടെ നമുക്കു മുന്നോട്ടു കൊണ്ടുപോകാം.

© Copyright 2015 Manoramaonline. All rights reserved.