ജൈവവിസ്‌മയം

സീമ

‘നിസാരമായ ഒരു പുൽക്കൊടിക്കു പോലും
ഈ ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും
നിലനിൽപ്പിൽ വലിയ പങ്കുണ്ട്. നോക്കൂ,
എത്ര സമ്പന്നമാണ് നമ്മുടെ ജൈവവൈവിധ്യം.

ഇത്തിരിക്കുഞ്ഞൻ ജീവികൾ മുതൽ നീലത്തിമിംഗലം വരെ... എന്തൊരു വൈവിധ്യമാണു നമ്മുടെ ജീവലോകത്തിന്! ആഴക്കടലിലും വരണ്ടുണങ്ങിയ മരുഭൂമിയിലും മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളിലുമുണ്ട് ജീവന്റെ വിസ്‌മയങ്ങൾ.

അതിസൂക്ഷ്‌മമായ കണ്ണികളാൽ കൂട്ടിയോജിക്കപ്പെട്ട ചങ്ങല പോലെയാണു നമ്മുടെ ആവാസവ്യവസ്‌ഥ. അതിൽ ഒരു കണ്ണി പൊട്ടിയാൽ പരിസ്‌ഥിതിയുടെ സന്തുലനാവസ്‌ഥ തകിടം മറിയും. പ്രകൃതിയിൽ ഓരോ കുഞ്ഞുജീവിക്കുമുണ്ട് അതിന്റേതായ പ്രാധാന്യം.

കവി പാടിയതു പോലെ പരോപകാരപ്രവണം തന്നെയാണ് പ്രപഞ്ചം. എന്നാൽ മനുഷ്യന്റെ വിവേചനരഹിതമായ ചെയ്‌തികൾ കാരണം ഈ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി മറഞ്ഞുകഴിഞ്ഞു പല ജീവജാലങ്ങളും.

അവശേഷിക്കുന്ന പലതും വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്‌റ്റിൽ ഇടം നേടിക്കഴിഞ്ഞു. മനുഷ്യവംശത്തിന്റെ ഭാവി തന്നെ ജൈവവൈവിധ്യത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്ന ഓർമ്മപ്പെടുത്തലുമായാണു കഴിഞ്ഞ 22ന് രാജ്യാന്തര ജൈവവൈവിധ്യ ദിനം കടന്നു പോയത്.

സുസ്‌ഥിര വികസനത്തിന്

സുസ്‌ഥിരവികസനത്തിന് ജൈവവൈവിധ്യം എന്നതായിരുന്നു ഇത്തവണത്തെ ജൈവവൈവിധ്യ ദിന സന്ദേശം. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം ഒഴിവാക്കിയും അവ വരുംതലമുറകൾക്കായി കരുതിവച്ചും പരിസ്‌ഥിതിക്ക് പോറൽ ഏൽപ്പിക്കാതെയുള്ള വികസനമാണു സുസ്‌ഥിരവികസനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

ജൈവവൈവിധ്യ സംരക്ഷണം, സുസ്‌ഥിരവികസനം സാധ്യമാക്കുന്നതിൽ അതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് രാജ്യാന്തരതലത്തിൽ അവബോധമുണ്ടാക്കുക, 2015 മുതൽ 2030 വരെയുള്ള കാലയളവിൽ യുഎന്നിന്റെ സുസ്‌ഥിര വികസന ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാനുള്ള പദ്ധതിയിൽ എല്ലാ തലങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് ലക്ഷ്യം.

എല്ലാ അർഥത്തിലും സുസ്‌ഥിരജീവിതത്തിന്റെ അടിസ്‌ഥാനമാണ് ജൈവവൈവിധ്യം. മനുഷ്യന്റെ ആരോഗ്യപരമായ ജീവിതം സാധ്യമാക്കുന്ന ശുദ്ധവായു, ശുദ്ധജലം, പോഷകങ്ങൾ, ഔഷധങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലും ജൈവവൈവിധ്യത്തിന്റെ പങ്കു വലുതാണ്. ജൈവവൈവിധ്യത്തെ സംബന്ധിച്ച പരമ്പരാഗത അറിവുകൾ കാർഷികരംഗത്തും വ്യാവസായികരംഗത്തുമൊക്കെ വിലപ്പെട്ടതാണ്.

പ്രകൃതിയിൽ മൂലകങ്ങളുടെ ചംക്രമണം സാധ്യമാക്കുന്നതിലും കാലാവസ്‌ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിലും ജൈവവൈവിധ്യത്തിനു വലിയ പങ്കുണ്ട്. എന്നിട്ടും നാം വിവേചനരഹിതമായ വികസനത്തിന്റെ പേരിൽ വനങ്ങളും കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും കുന്നുകളും കൃഷിഭൂമിയുമൊക്കെ നശിപ്പിക്കുന്നു.

അവർ മടങ്ങി വന്നാൽ

ദിനോസറുകളും മാമത്തുകളുമൊക്കെ തിരികെ വന്നാൽ എങ്ങനെയിരിക്കും? വംശനാശം സംഭവിച്ച ചില ജീവികളെ ക്ലോണിങ്ങിലൂടെ പുനഃസൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് പല പരീക്ഷണശാലകളിലും. ഈ ജീവികളുടെ അവശിഷ്‌ടങ്ങളിൽനിന്നു ലഭിക്കുന്ന നാശം സംഭവിക്കാത്ത ജനിതകപദാർഥങ്ങളാണ് ഇതിനുപയോഗിക്കുന്നത്.

വംശനാശം സംഭവിച്ച ജീവികളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ഒരു പേരും ഡോഡോയുടേത് തന്നെ. മൗറീഷ്യസ് ദ്വീപിൽ ഒരുകാലത്ത് സ്വതന്ത്രമായി വിഹരിച്ചിരുന്ന ഡോഡോപ്പക്ഷിയെ ക്ലോണിങ്ങിലൂടെ പുനഃസൃഷ്‌ടിക്കാനൊരുങ്ങുന്നത് ഓക്‌സ്‌ഫഡ് സർവകലാശാലാ ഗവേഷകരാണ്.

വൂളി മാമത്തുകളെ ക്ലോൺ ചെയ്യാനുള്ള ശ്രമത്തിലാണ് ഒരു സംഘം ജാപ്പനീസ് ശാസ്‌ത്രജ്‌ഞരും ജർമൻ ശാസ്‌ത്രജ്‌ഞരും ഹാവാഡ് സർവ്വകലാശാലാ ഗവേഷകരുമൊക്കെ. ഇന്ത്യൻ ചീറ്റപ്പുലിയെ ക്ലോൺ ചെയ്യാനൊരുങ്ങുന്നത് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജിയിലെ ശാസ്‌ത്രജ്‌ഞരാണ്.

ഇതൊക്കെ നടക്കുമോ എന്നാവും കൂട്ടുകാരുടെ സംശയം. എങ്കിൽ കേട്ടോളൂ... വംശനാശം സംഭവിച്ച പൈറീനിയൻ ഐബെക്‌സിനെയും ഗാസ്‌ട്രിക് ബ്രൂഡിങ് ഫ്രോഗ് എന്ന തവളയെയുമൊക്കെ ക്ലോൺ ചെയ്യുന്നതിൽ ശാസ്‌ത്രജ്‌ഞർ വിജയിച്ചിട്ടുണ്ട്.

സഞ്ചാരിപ്രാവും കരോലിന പാരകീറ്റും ക്വാഗ്ഗയും ടാസ്‌മാനിയൻ ടൈഗർവുൾഫുമൊക്കെ മടങ്ങിവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നു സാരം. എന്നാൽ മടങ്ങിവന്നാൽ ഇപ്പോഴത്തെ കാലാവസ്‌ഥയുമായി അവ ഇണങ്ങിച്ചേരുമോ, അവയ്‌ക്ക് അതിജീവനം സാധ്യമാവുമോ തുടങ്ങിയ ആശങ്കകൾ ബാക്കിയാവുന്നു.

എങ്ങുമില്ല രക്ഷ

കടലോളം ഭീഷണികൾക്കു നടുവിലാണ് ഇന്നു ജൈവവൈവിധ്യം. ആഗോളതാപനം, ഗുരുതരമായ കാലാവസ്‌ഥാ വ്യതിയാനങ്ങൾ, ആവാസവ്യവസ്‌ഥാനാശം, മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം, അനധികൃത ഭൂമി കൈയേറ്റങ്ങൾ, നഗരവൽക്കരണം, ആവാസവ്യവസ്‌ഥയിൽ പുറത്തു നിന്നുള്ള ചില പ്രത്യേക ജീവികളുടെയും കളകളുടെയും അധിനിവേശം എന്നിങ്ങനെ പ്രശ്‌നങ്ങൾ നീളുമ്പോൾ ആഴക്കടലിലും മരുഭൂമിയിലും മഞ്ഞിലും ആകാശത്തും ജീവജാലങ്ങൾക്കു രക്ഷയില്ലാതാവുന്നു.

ധ്രുവക്കരടിയും ചക്രവർത്തി പെൻഗ്വിനും ഹിമാലയൻ മഞ്ഞുപുള്ളിപ്പുലിയും ഭീമൻ പാണ്ടയുമൊക്കെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പ്രതീകമായി മാറിക്കഴിഞ്ഞു. കൂട്ടുകാർ തന്നെ കണ്ണുതുറന്നു ചുറ്റുമൊന്നു നോക്കൂ. തവളകളുടെയും മണ്ണിരയുടെയുമൊക്കെ എണ്ണത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടില്ലേ? കാക്കകളും കുരുവികളും കരിയിലപ്പക്ഷികളുമൊക്കെ ധാരാളമായി കലപില കൂട്ടിക്കൊണ്ടെത്തുന്നുണ്ടോ? പൂമ്പാറ്റകളും തുമ്പികളും ചിറകുവീശി ചങ്ങാത്തം കൂടാനെത്തുന്നുണ്ടോ?

© Copyright 2015 Manoramaonline. All rights reserved.