വിളവെടുക്കാം മേശകളും കസേരകളും

‘ഇംഗ്ലണ്ടിലെ ഡെർബിഷയറിലുള്ള ഒരു കൃഷിസ്ഥലം. ഏക്കറോളം വരും അവിടത്തെ കൃഷി. അവിടെ അടുത്ത വർഷം വിളവെടുപ്പാണ്. പക്ഷേ അതിനു മുൻപു തന്നെ ‘വിളകൾ’ക്കു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുക്കിങ് ആയിക്കഴിഞ്ഞു. അത്രമാത്രം പ്രധാനപ്പെട്ട എന്താണ് വിളവെടുക്കുന്നതെന്ന് ആലോചിക്കുന്നവർക്കു മുന്നിലേക്ക് ഗാവിനും ആലിസും ചില കസേരകളും മേശകളും ലൈറ്റ് ഷേഡുകളുമൊക്കെയായി വരും. സംഗതി സത്യമാണ്. കസേരകളും മേശകളുമെല്ലാമാണ് ആ കൃഷിയിടത്തിൽ ‘വിളയുന്നത്’. ചുമ്മാതൊന്നുമല്ല, അസ്സലായി കഷ്ടപ്പെട്ടിട്ടാണ് ഇതെല്ലാം.

സൂക്ഷിച്ചു സംരക്ഷിച്ച്...

ഒരു മരം വെട്ടിയിട്ട് അതിനെ മുറിച്ച് പല ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഫർണിച്ചറുണ്ടാക്കാൻ ആർക്കും പറ്റും. പക്ഷേ പ്രകൃതിയിൽ നിന്ന് ഒരു മരത്തെ നിഷ്കരുണം മുറിച്ചുമാറ്റുകയാണ് നമ്മളെന്നോർക്കണം. അതേസമയം മരം തന്നെ ഫർണിച്ചറായി മാറിയാലോ? അതാണ് ഗവിൻ മൺറോയും ഭാര്യ ആലിസും ഡെർബിഷയറിലെ പാട്ടത്തിനെടുത്ത ഭൂമിയിൽ സൃഷ്ടിക്കുന്ന അദ്ഭുതം.

പ്ലാസ്റ്റിക് കസേരകൾ തലകുത്തനെ നിർത്തി അതുവഴി ചെടികളെ പടർത്തിയാണ് ഓർഗാനിക് കസേരയുണ്ടാക്കുന്നത് (നിർമാതാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ബൊട്ടാണിക്കൽ മാനുഫാക്ചറിങ്). മേശകൾക്കും ലാംപ് ഷേഡുകൾക്കുമെല്ലാം വളരാന്‍ ഇത്തരത്തിൽ പ്രത്യേക ഫ്രെയിമുകളുണ്ട്.

നിലവില്‍ നാനൂറോളം കസേരകളും മേശകളും വളരുന്നുണ്ട് ഇവിടെ. നൂറോളം ലാംപ്ഷേഡുകളും. ആണിയോ യന്ത്രസഹായമോ ഒന്നും വേണ്ടാതെ, കൃത്രിമമായി ജോയിന്റുകൾ യോജിപ്പിക്കാതെയാണ് ഓരോ ഫർണിച്ചറും നിർമിക്കുന്നത്. അതിനു പ്രയോഗിക്കുന്നതാകട്ടെ പ്രൂണിങ്ങും ഗ്രാഫ്റ്റിങ്ങും.

ദിവസവും ഒട്ടേറെ തവണ കൃഷിയിടത്തിൽ കറങ്ങും ആലിസും ഗാവിനും. ആവശ്യമില്ലാത്ത മുകുളങ്ങളും ഇലകളുമെല്ലാം ഒഴിവാക്കുകയാണ് ലക്ഷ്യം. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് കൃത്യമായി കണ്ടെത്തി ചെയ്തില്ലെങ്കിൽ അത് ഫർണിച്ചറിന്റെ ആകൃതി തന്ന മാറ്റിക്കളയുമെന്നാണ് ഗാവിൻ പറയുന്നത്. അതുകൊണ്ടുതന്നെ സസൂക്ഷ്മമാണ് പ്രൂണിങ് പരിപാടി. കൂടാതെ ചെടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കളെ പറിച്ചുകളയണം. മറ്റു പ്രാണികളെ കൊല്ലാനായി ഓർഗാനിക് മിശ്രിതങ്ങളും പാലിൽ ചേർത്ത് കൃഷിയിടത്തിൽ പലയിടത്തും സൂക്ഷിച്ചിട്ടുണ്ട്. കീടനാശിനി പ്രയോഗം തികച്ചും ജൈവീകമാണെന്നു ചുരുക്കം.

ഒട്ടിച്ചു മിടുക്കരാക്കും

വളർച്ചയുടെ പ്രത്യേക ഘട്ടത്തിൽ ഗ്രാഫ്റ്റിങ്ങിലൂടെയാണ് പുതിയ ശിഖരങ്ങൾ ഈ ചെടികളോടു ചേർക്കുന്നത്. കസേരയുടെയോ മേശയുടെയോ ജോയിന്റുകളിലാണ് ഗ്രാഫ്റ്റിങ് പ്രയോഗം. ആ ഭാഗത്തിന് പിന്നെ കൊടുംകടുപ്പവുമായിരിക്കും. ഒടിയുകയില്ലെന്നുറപ്പ്. വേഗത്തിൽ വളരുന്ന എന്നാൽ കാഠിന്യമേറിയ വില്ലോ മരങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നാലു മുതൽ അഞ്ചു വർഷം കൊണ്ട് ഒരു വില്ലോ മരത്തെ കസേരയാക്കി മാറ്റം.

ഓക്ക് മരമാണെങ്കിൽ പക്ഷേ ഒൻപത് വർഷം വരെയെടുക്കും. മറ്റു മരങ്ങളും ഉപയോഗിക്കുന്നുണ്ട് ഇവിടെ. നാൽപതുകാരനായ ഗാവിൻ പത്തു വർഷമായി ‘കസേരകൃഷി’ തുടങ്ങിയിട്ട്. ചെറുപ്പത്തിൽ ഒരിക്കൽ വീണ് നട്ടെല്ലിനു പരുക്കേറ്റ് കിടക്കുമ്പോഴായിരുന്നു മരങ്ങളിലെ ഒട്ടിക്കൽ വിദ്യയെപ്പറ്റി ഗാവിൻ പഠിച്ചുതുടങ്ങുന്നത്. വീട്ടിൽ അമ്മ വളർത്തിയ ഒരു ബോൺസായി മരം കൂടി കണ്ടതോടെ എല്ലാം പൂർണം. കസേരയുടെ ആകൃതിയിലായിരുന്നു ആ മരം വളർന്നിരുന്നത്. പ്രകൃതിയെ നോവിക്കാതെയുള്ള ഫർണിച്ചർ വിദ്യ തയാറാക്കുന്നതിനു മുന്നോടിയായി ഗാവിൻ ഫർണിച്ചർ ഡിസൈനിങ്ങിൽത്തന്നെ ബിരുദമെടുത്തു. കുറേക്കാലം കലിഫോർണിയയിൽ ജോലിയെടുത്തിട്ടാണ് സ്വന്തം രാജ്യത്തേക്കു തിരിച്ചെത്തിയത്.

ഓർഗാനിക് ത്രീഡി പ്രിന്റിങ്

ആവശ്യം വേണ്ട അസംസ്കൃത വസ്തുക്കള്‍ നൽകി ഓരോ സംഗതികളും പ്രിന്റ് ചെയ്തെടുക്കുന്ന ത്രീഡി പ്രിന്റിങ് രീതി ലോകമെമ്പാടും ഹിറ്റാണ്. താനും അത്തരമൊരു ഓർഗാനിക് 3 ഡി പ്രിന്റിങ്ങാണ് നടത്തുന്നതെന്നു പറയുന്നു ഗാവിൻ. വായുവും വെള്ളവും മണ്ണും സൂര്യനുമാണ് അസംസ്കൃത വസ്തുക്കളെന്നു മാത്രം. മരക്കഷണങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിനു പകരം കസേരകൾ നേരിട്ടു വളർത്തിയാൽ പിന്നെ മരത്തടിയൊട്ടും പാഴാകില്ല, ഫർണിച്ചർ ‘പാകമാകും’ വരെ പ്രകൃതിക്കും സന്തോഷം.

മഞ്ഞുകാലം കഴിഞ്ഞ് അടുത്ത വർഷം ആദ്യമായിരിക്കും കൃഷിയിടത്തിലെ ആദ്യവിളവെടുപ്പ് നടക്കുക. 2017ലായിരിക്കും വിൽപന. ഇതിനായി ഫുൾഗ്രോൺ എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട് ഗാവിൻ. ഫർണിച്ചറുകൾക്ക് വിലയുമിട്ടു–കസേരക്കും മേശക്കുമെല്ലാം 4950 ഡോളർ, ലാംപ്ഷേഡിന് 900 ഡോളർ എന്നിങ്ങനെ.

‘കസേരകൃഷി’ തുടങ്ങിയപ്പോൾ പരിസരത്തുള്ളവരെല്ലാം കരുതിയിരുന്നത് ഗാവിനും ആലിസിനും വട്ടാണെന്നായിരുന്നു. പക്ഷേ ഇപ്പോൾ ഈ കൃഷിയിടത്തിലേക്ക് പല രാജ്യക്കാരും അന്വേഷണവുമായെത്തുന്നു. ഇംഗ്ലണ്ടില്‍ നിന്നു മാത്രമല്ല, അമേരിക്ക, ഹോങ്കോങ്, ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുവരെ ഓർഗാനിക് ഫർണിച്ചറുകൾക്ക് ബുക്കിങ്ങായിക്കഴിഞ്ഞു. തന്റെ ഈ പ്രകൃതി സൗഹൃദ ഫർണിച്ചർ നിർമാണം ലോകമെമ്പാടും എത്തിക്കാനാണ് ഗാവിന്റെ തീരുമാനം. ആദ്യ വിളവെടുപ്പു കഴിഞ്ഞാൽപ്പിന്നെ അതിനുള്ള ശ്രമങ്ങളാണ്.

© Copyright 2015 Manoramaonline. All rights reserved.