ചൂടേറട്ടെ, നല്ല സൂചനയാണത്

(ചൂടിനെ പഴിക്കുകയല്ല അതിനെ പ്രതിരോധിക്കാനുള്ള വഴി തേടുകയാണു വേണ്ടതെന്ന് പ്രശസ്ത ശാസ്ത്ര എഴുത്തുകാരൻ പല്ലവ ഭാഗ്‌ല. നല്ലൊരു മൺസൂണ്‍ ലഭിക്കാൻ രാജ്യത്ത് ചൂടേറുക തന്നെ വേണമത്രേ...!)

വെന്തുരുകുകയാണ് രാജ്യം. ചൂട് 47 ഡിഗ്രിയും കടന്നാണ് മുന്നേറുന്നത്. രണ്ടായിരത്തിലധികം പേർ കൊടുംതാപം സഹിക്കാനാകാതെ മരണമടഞ്ഞു കഴിഞ്ഞു. ഓരോ ദിവസവും ഓരോ സംസ്ഥാനങ്ങളിൽ നിന്ന് ചൂടിന്റെ വിളയാട്ടക്കഥകളെത്തുന്നു. നാളെ എവിടെയായിരിക്കും ചൂടേറുക എന്ന് പറയാനാകാത്ത അവസ്ഥ.

ഉത്തരേന്ത്യയിൽ ജൂൺ മാസത്തിൽ കൊടുംചൂട് പതിവാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച് ഇത്തവണ സൂര്യഭഗവാനോട് ചൂടു കുറയ്ക്കാൻ പ്രാർഥിക്കേണ്ടി വരുമോ നാം? ഇല്ല, അങ്ങനെ ചെയ്താൽ പിന്നെ മഴയ്ക്കു വേണ്ടി നാം പ്രാർഥിക്കേണ്ടി വരും.

കാരണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചൂടുപിടിക്കലാണ് മൺസൂണിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. നല്ലൊരു മഴക്കാലത്തിന് ചൂടൽപം കൊള്ളേണ്ടി വരുമെന്നു ചുരുക്കം. പക്ഷേ ആ ചൂട് മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയായാലോ? ചില മുൻകരുതലുകളെടുത്താൽ അതും മാറ്റാവുന്നതേയുള്ളൂ.

ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയളോണ്മെന്റിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും ചൂടുകൂടിയ 10 വർഷങ്ങളിൽ എട്ടെണ്ണവും 2001–2010നിടെയാണുണ്ടായതാണ്. അതായത് ഇന്ത്യയുടെ ഏറ്റവും ചൂടൻ ദശാബ്ദമായിരുന്നു കടന്നുപോയത്.

കോൺക്രീറ്റ് കാടുകളിലെ ജീവിതം കൂടിയായതോടെ വീട്ടിലിരുന്നാൽപ്പോലും ചൂടിനെത്തടയാൻ പറ്റാത്ത അവസ്ഥയായി. കൊടുംചൂട് മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടാവുന്ന ഈ വർഷത്തിനുമുണ്ട് പ്രത്യേകത–ഇക്കഴിഞ്ഞ11 വർഷത്തിനിടെയുണ്ടായതിൽ വച്ച് ഏറ്റവും കനത്ത ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്.

സമതല പ്രദേശങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് എത്തിയാലാണ് കൊടുംചൂട് (ഹീറ്റ്‌വേവ്) ആയി പ്രഖ്യാപിക്കുക, കുന്നിൻപ്രദേശങ്ങളിൽ 30 ഡിഗ്രിയെത്തിയാലും. നാഗ്പൂരിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 47.1 ഡിഗ്രി സെൽഷ്യസാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലാണ് കൊടുംചൂട് കാരണമുള്ള മരണത്തിലേറെയും.

ചൂടാണ്, ശരീരത്തെയോർക്കാം...

ജീവനുള്ള ഒരു മാന്ത്രിക‌യന്ത്രമെന്നു തന്നെ വിളിക്കാം മനുഷ്യശരീരത്തെ. അതിന്റെ ശരിയായ പ്രവർത്തനത്തിനാവശ്യമായ എൻസൈമുകളെല്ലാം കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ആന്തരിക താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കണമെന്നും നിജപ്പെടുത്തിയിട്ടുണ്ട്. വിശേഷണം പോലെത്തന്നെ മനുഷ്യശരീരത്തിനകത്തെ താപനിലയാണിത്. പനി വരുമ്പോൾ നാവിനടിയിൽ തെർമോമീറ്റർ വച്ച് അളന്നെടുക്കുന്നതു തന്നെ ആന്തരിക താപനിലയെന്ന ഈ സംഗതി.

ഈ താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസിന്റെയെങ്കിലും വർധനവുണ്ടായാൽ ശരീരത്തിന് താങ്ങാനാവില്ലത്രേ! പരിണാമയാത്രകൾക്കൊടുവിൽ, എല്ലാ താപനിലയിലും നിലനിന്നു പോകാവുന്ന വിധമാണ് മനുഷ്യശരീരം രൂപപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ഉഷ്ണ രക്താവസ്ഥയിൽ ആയിരിക്കേണ്ടതും അത്യാവശ്യം. ശരീരത്തിനാവശ്യമായ താപനില നിലനിർത്താൻ ഒട്ടേറെ ഊർജം ആവശ്യമായി വരുമെന്നു ചുരുക്കം. പക്ഷേ മനുഷ്യൻ അറിയാതെയാണെങ്കിലും ദിവസവും അതിനുള്ള കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. തൊലിപ്പുറത്തെ താപനില താരതമ്യേന കുറവായിരിക്കും–33 ഡിഗ്രി സെൽഷ്യസ്. അതായത് ആന്തരിക താപനിലയിൽ നിന്ന് ചൂടിന്റെ ഒരു ഒഴുക്ക് തൊലിപ്പുറത്തേയ്ക്കുണ്ടാകുമെന്നർഥം.

ഈ ആന്തരിക–ബാഹ്യ കൂട്ടുകെട്ടിലൂടെയാണ് ശരീരം എല്ലായിപ്പോഴും ‘കൂളായി’രിക്കുന്നത്. അങ്ങനെയിരിക്കെ പുറത്തെ ചൂടുകൂടുമ്പോൾ പ്രതിരോധിച്ചില്ലെങ്കിൽ പ്രശ്നമാകുമല്ലോ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ ചൂട് 45 ഡിഗ്രി വരെയാണ് ഉയർന്നത്. അതിനെ പ്രതിരോധിച്ചില്ലെങ്കിൽ മനുഷ്യശരീരത്തിൽ നേർവിപരീത പ്രവർത്തനമായിരിക്കും നടക്കുക.

അതായത് പുറത്തു നിന്ന് അകത്തേക്ക് ചൂടുകടന്ന് ആന്തരികതാപനില വർധിക്കും. അതിനെ പ്രlതിരോധിക്കാൻ ആദ്യഘട്ടത്തിൽ ശരീരം നടത്തുന്ന പൊടിവിദ്യയാണ് വിയർക്കലെന്നത്. വിയർപ്പ് ആവിയാകുന്നതോടെ ശരീരം തണുത്ത് താൽകാലിക ആശ്വാസമാകും.

തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ഈ ആന്തരിക താപനിയന്ത്രണ പ്രക്രിയക്ക് നേതൃത്വം നൽകുന്നത്. ചർമത്തിനടിയിലെ നാഡികളിൽ നിന്നു മാത്രമല്ല സ്വന്തമായുള്ള ഹീറ്റ് സെൻസറുകൾ വഴിയും ശരീരത്തിലെ താപനില സംബന്ധിച്ച വിശദാംശങ്ങളെല്ലാം ഹൈപ്പോതലാമസിനു ലഭിക്കും. തണുപ്പുള്ളപ്പോൾ ശരീരം വിറയ്ക്കുന്നതും ഹൈപ്പോതലാമസിന്റെ ഇടപെടൽ കൊണ്ടാണ്. തണുപ്പു കൂടുന്നതോടെ പേശികളിലേക്ക് ഹൈപ്പോതലാമസ് അയക്കുന്ന സന്ദേശത്തെത്തുടർന്നാണ് വിറ വരുന്നത്.

മസിലുകൾ വിറകൊണ്ട് ചൂട് ഉൽപാദിപ്പിക്കപ്പെടും. കൃത്യമായിപ്പറഞ്ഞാൽ മനുഷ്യശരീരത്തിനകത്ത് ഒരു എയർകണ്ടീഷനറിന്റെ പ്രവർത്തനമാണ് ഹൈപ്പോതലാമസ് നടത്തുന്നത്.

ചൂടുകാലത്തെ തലവേദന പേടിക്കണം...

ശരീരത്തിനു താങ്ങാവുന്നതിലും ഏറെ ചൂടേറ്റുവെന്നതിന്റെ ആദ്യസൂചന തലവേദനയായിട്ടായിരിക്കും എത്തുക. ഉടൻതന്നെ തണലത്തേക്കു മാറിയോ വിശ്രമിച്ചോ വെള്ളം കുടിച്ചോ ഈ പ്രശ്നം മാറ്റാം. എന്നാൽ തലവേദന കാര്യമാക്കിയില്ലെങ്കിൽ പിന്നാലെ

തലകറക്കം, ഛർദിക്കാന്‍ വരൽ തുടങ്ങിയ അസ്വസ്ഥതകൾ ഓരോന്നായി വരും. എന്നിട്ടും പ്രതിരോധ നടപടിയെടുത്തില്ലെങ്കിൽ പേശികൾ കോച്ചിവലിക്കും, ബോധക്ഷയവും സംഭവിക്കും. ശരീരത്തിന്റെ ആന്തരികതാപനില 40 ഡിഗ്രി വരെയായിട്ടും വെയിലത്ത് ജോലി തുടർന്നാൽ അത് മരണത്തിലേക്കു വരെ നയിക്കുമെന്നുറപ്പ്.

ചൂടേറി ശരീരത്തിനകത്ത് ‘ഹീറ്റ് സ്ട്രോക്ക്’ എന്ന അവസ്ഥയുണ്ടായാൽ അതോടെ ശരീരം വിയjർക്കുന്നതും നിലയ്ക്കും. പിന്നീട് ഞരമ്പുകളിലൂടെ മാത്രമേ ശരീരത്തിനകത്തേക്ക് എന്തെങ്കിലും തരത്തിലുള്ള ലായനികൾ എത്തിക്കാൻ പോലുമാകൂ. മെഡിക്കൽ സഹായം തേടിയില്ലെങ്കിൽ മരണം ഉറപ്പെന്നു ചുരുക്കം.

ചൂടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

∙ കൊടുംചൂടാണെങ്കിൽ രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കുന്നതാണ് ഉചിതം.

∙ ഇടയ്ക്കൊന്നു കുളിക്കുന്നതും വളരെ നല്ലതാണ്.

∙ ഇന്ത്യയിലെ മിക്ക ചെറുകിട പട്ടണങ്ങളിലും ഉച്ചസമയത്ത് കടകൾക്ക് അവധിയായിരിക്കും. അത് ചൂടിനെ ചെറുക്കാനുള്ള നല്ലൊരു തന്ത്രമാണ്. എന്നാൽ വിപണിയിൽ കൊടുംമത്സരം നിലനിൽക്കുന്ന വമ്പൻ പട്ടണങ്ങളിൽ കൊടുംചൂടിലും സിമന്റുമേൽക്കൂരയ്ക്കു താഴെ മുഴുവൻ സമയവും ഇരുന്നേ പറ്റൂ.

∙ മണിക്കൂറിൽ 1–2 ഗ്ലാസ് വെള്ളമെങ്കിലും കൂടിക്കണം. കൊടുംചൂടാണെങ്കിൽ ഇടയ്ക്കിടെ നിർബന്ധമായും വെള്ളം കുടിക്കണം. ഒരു മനുഷ്യൻ ദിവസവും ശരാശരി 4–6 ലീറ്റര്‍ വെള്ളം കുടിക്കണമെന്നാണ് നിർദേശം. പുറംജോലികൾ ചെയ്യുന്നവരാണെങ്കിൽ 8–10 ലീറ്ററും.(ഥാർ മരുഭൂമി പോലെ കൊടുംചൂടുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്ന സൈനികർക്കായി പ്രത്യേകതരം ഒരു പാനീയമുണ്ട്. ഡിപ്സിപ് എന്നാണിതിന്റെ പേര്–കൊടുംചൂടിലും കൂളായി നിൽക്കാൻ സഹായിക്കുന്ന 14 പോഷകവസ്തുക്കൾ ചേർത്തതാണ് ഈ പാനീയം)

∙ ഇളം നിറങ്ങളുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് നല്ലത്. സാരിയുടുക്കുന്നത് നല്ലതാണ്, പക്ഷേ ടൈറ്റ് ജീൻസിനോട് ‘നോ നോ’ തന്നെ പറയാം. ചൂടേറെയുള്ള രാജസ്ഥാനിലുള്ളവർ തുണി ചുറ്റിച്ചുറ്റി വമ്പൻ തലപ്പാവ് വയ്ക്കുന്നതിനു പിന്നിലുമുണ്ട് ഒരു ശാസ്ത്രസത്യം. തുണിക്ക് പല തട്ടുകളാവുന്നതോടെ സൂര്യന്റെ നേരിട്ടുള്ള ആഘാതം തലയിലേൽക്കാതെ സംരക്ഷണമുറപ്പ്.

കോഡ് റെഡും റെഡിയായി

ഇന്ത്യയിൽ ഇതാദ്യമായി ‘കോഡ് റെഡ്’ മുന്നറിയിപ്പും നൽകിയിരിക്കുകയാണ് ഇന്ത്യ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ്(ഐഎംഡി) ജീവന്മരണ പ്രശ്നങ്ങളൊന്നും നേരിടാനില്ലെങ്കിൽ കൊടുംചൂടുള്ള സമയത്ത് തണലത്തു തന്നെയിരിക്കണമെന്നതാണ് ഈ നിർദേശം.

രാജ്യത്തിന്റെ ഭാവി തന്നെ മൺസൂണിനെ ആശ്രയിച്ചാണ്. ആകെ ലഭിക്കുന്ന മഴയിൽ 80 ശതമാനവും മൺസൂണിന്റെ വകയാണ്. വേനൽക്കാലത്ത് അന്തരീക്ഷം ചൂടുപിടിക്കുന്നതോടെ അന്തരീക്ഷവായുവിന്റെ കനവും കുറയുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കനമേറിയ കാറ്റ് അതോടെ ഇത്തരം ഭാഗങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. തെക്കു–പടിഞ്ഞാറൻ മൺസൂണിലേക്കു നയിക്കുന്ന കാറ്റിന്റെ ഗതി അങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്.

ഇന്ത്യയിൽ ജീവൻ നിലനിർത്താൻ കൊടുംചൂട് അത്യാവശ്യമാണെന്നു ചുരുക്കം. ഐഎംഡിയുടെ ലോഗോയിൽത്തന്നെ പറയുന്നുണ്ട്–‘ആദിത്യാത് ജായതേ വൃഷ്ടി’ എന്ന്. അതായത് സൂര്യനിൽ നിന്നാണു മഴയുടെ ജനനം.

സമൃദ്ധമായ കാർഷികവിളകൾ ലഭിക്കാൻ നമുക്ക് നല്ലൊരു മൺസൂൺ അനിവാര്യമാണ്. ആ മൺസൂണിനു കാരണമാകുന്ന ചൂടിനെ പഴിക്കുകയല്ല അതിൽ നിന്ന് രക്ഷ നേടുകയാണു വേണ്ടത്. ചില മുൻകരുതലുകളെടുത്താൽ മതി ചൂടിൽ നിന്നു നമുക്കു ജീവൻ രക്ഷിക്കാം, ഒപ്പം ഇന്ത്യയുടെ ജീവൻ നിലനിർത്താനുള്ള മഴയെ മാടിവിളിക്കുകയും ചെയ്യാം.

© Copyright 2015 Manoramaonline. All rights reserved.