കാണാം ചായം ചാലിച്ച നിറക്കാഴ്ച്ചകൾ

നഗരക്കാഴ്ചകളിലേക്ക് ചായം മുക്കിയ ഒരു ബ്രഷു കൂടി വന്നാലോ. വിഭിന്നതകളുടെ ഭാവമുള്ള നഗര മുഖത്തേക്ക് വരകളുടെ വൈവിധ്യം കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട് ഒട്ടേറെ നഗരങ്ങളിൽ. നഗരക്കാഴ്ചകൾക്ക് കൂടുതൽ ചന്തം നല്‍കി ആരോ വരച്ചിട്ടവ. മെക്സിക്കോ, ലണ്ടൻ, പ്രേഗ്, ലിബ്സൺ, ലോഡ്സ്, ബൊഗോറ്റ, ന്യൂയോർക്ക്, വല്‌പ്രൈസോ, സാവോ പോളോ, പാരിസ് ഇവിടങ്ങളിലെല്ലാം കൺമണിയെ അത്ഭുതം കൂറിക്കുന്ന ചിത്രരചനയുടെ ആലയങ്ങളാണ്. നഗരത്തിരക്കിനിടയിൽ നിന്നൊന്ന് കണ്ണോടിച്ചാൽ‌ ചായം തേച്ച ഭിത്തികൾ കൊണ്ട് നിറഞ്ഞിടങ്ങൾ. വരയ്ക്കാനിഷ്ടമുള്ളവർക്കായി വലിയ ഇടങ്ങൾ നൽകുന്ന നഗരങ്ങൾ. വർഷങ്ങളായുള്ള മ്യൂറൽ പെയിൻറിങ്ങുകളുടെ കൂട്ടമാണ് മെക്സിക്കോയിലുള്ള. സ്ട്രീറ്റ് ആർട്സിനോടുള്ള നഗരത്തിൻറെ പ്രിയം അത്രയേറെയുണ്ട്. അടുത്തിടെ ഈ കലാവിരുന്നിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട് മെക്സിക്കോ.

പ്രാദേശികരും വിദേശികളുമായ ഒമ്പത് ചിത്രകാരൻമാർ സർക്കാരിൻറെ അനുമതിയോടെ വരച്ചു ചേർത്തവയാണ് മെക്സിക്കോ നഗരത്തിൻറെ പ്രധാന ആകർഷണം. ആർ‌ഭാട നഗരമായ ലണ്ടനില്‍ ഏറ്റവും ലാളിത്യമുള്ള കാര്യം വരകൾ തന്നെ. ഒരുപക്ഷ കയ്യിൽ നിന്ന് ഒരു രൂപ പോലും മുടക്കാതെ ലണ്ടനിൽ കിട്ടുന്ന ഒരേയൊരു കാര്യം ഈ കാഴ്ച തന്നെയാകും,. വലുതും കൗതുകമുള്ളതുമായ ചിത്രങ്ങളാണ് ലണ്ടനിൽ വരച്ചുചേർക്കപ്പെട്ടിരിക്കുന്നത്. എഴുത്തുകുത്തുകളും ഗ്രഫിറ്റി ആർട്സുമാണ് പ്രേഗിൻറെ പ്രത്യേകത. ഒന്ന് പേടിപ്പെടുത്തു വിട്ടേക്കാം എന്ന മട്ടിലാണ് ഇവിടെത്ത കലാ വികൃതികളുടെ നിൽ‌പ്പ്. ലിസ്ബണിൽ പിന്നെ അധികൃതർ തന്നെയാണ് വൻ കെട്ടിടങ്ങൾക്കു മേൽ കയറി വരയ്ക്കുവാൻ ചിത്രകാരൻ‌മാരോട് പറഞ്ഞത്. നിറങ്ങളിൽ മുങ്ങിയ കെട്ടിടങ്ങളിൽ ഭീമാകരൻമാരായ ചിത്രങ്ങൾ. പള്ളിയും മലകളും പുഴകളും പിയാനോയും അലിഞ്ഞു ചേർന്ന പടവുകൾ വാൽപ്രൈസോയുടെ മാത്രം പ്രത്യേകതകളാണ്. കുഞ്ഞൻ ചിത്രങ്ങൾ കൊണ്ട് നഗരഭംഗിയേറുന്നു ഇവിടെ.

കുടയിൽ കയറിയിരിക്കുന്ന പെൺകുട്ടിയും തുറിച്ചു നോക്കുന്ന കണ്ണുകളും പിടിവലികൂടുന്ന ചെക്കൻമാരും. ഒന്നു നോക്കിയിട്ടു പോയാൽ മതിയെന്ന് പറയും പോലെ കുറച്ച് അഹങ്കാരത്തോടെയുള്ള ചിത്രങ്ങളാണ് പാരിസിൻറെ ഭിത്തികളിൽ. നഗരം മുഴുവൻ കളർ നിറയ്ക്കുവാൻ പ്രത്യേക ഇഷ്ടമാണ് ന്യൂയോർക്കിന്. ചായം മുക്കിയെറിഞ്ഞ ഭിത്തികളിൽ കമിതാക്കൾ ചുംബിച്ചു നിൽക്കുന്നുണ്ടിവിടെ. പാട പോലെ നിറങ്ങളൊഴുകിയിരിക്കുന്നു പലേടത്തും. നഗര ഭിത്തികളിൽ വരച്ചു ചേർത്ത ചിത്രങ്ങള്‍ നഗരത്തിൻറെ തിരക്കുകളേയും അസ്വസ്ഥകളേയും മായ്ച്ച് കളയുന്നു. നിറം കാണുവാൻ എല്ലാ കണ്ണുകൾക്കും ഒരേ അവകാശമെന്ന പോലെ.