മറക്കാനാവുമോ ആ സൈക്കിൾ സവാരി

സ്കൂൾ യാത്രയുടെ കഠിനതകൾ എണ്ണിപ്പറഞ്ഞ് പട്ടിണിയക്കമുള്ള സഹനസമരങ്ങൾ നടത്തി പണ്ട് നമ്മൾ സ്വന്തമാക്കിയ വാഹനമില്ലേ.. നമ്മുടെ ആ പഴയ സൈക്കിൾ,. കാറ്റൂതിക്കയറ്റി ഓടിക്കുന്ന തന്റെയീ വാഹനത്തിലാണ് ലോകം തന്നെ സഞ്ചരിക്കുന്നതെന്നു ചിന്തിച്ചു നടന്ന കാലം. സ്കൂൾ വിട്ട് ജോലിയുടെയും ജീവിത്തിൻറെയും തിരക്കുകളിലേക്ക് പോയപ്പോൾ പഴയ വാഹനത്തിന് പകരം ലക്ഷങ്ങളുടെ കണക്ക് മാത്രമുള്ള നാൽചക്രവും ഇരു ചക്രവും സന്തത സഹചാരിയാക്കി സൈക്കിളിൽ ഓഫിസിൽ പോകുന്നവരെ കുറിച്ചുള്ള വാർത്തകൾ കൗതുകം പോലെ നമ്മൾ‌ വായിക്കുന്ന കാലം വരെയെത്തി. എങ്കിലും യന്ത്ര മുരൾച്ചയുടെ സങ്കീർണതകളും പേടിപ്പെടുത്തലുമില്ലാത്ത സൈക്കിളുകൾ ഒരു നൊസ്റ്റാൾജിക് ഫീലിങ് തന്നെയാണ്. ആ ഓർമ്മകൾക്ക് ഇപ്പോൾ കരുത്ത് കൂടിവരികയാണെന്ന് തോന്നുന്നു. പരസ്യങ്ങൾ കീറിമുറിച്ച് ബജറ്റിൽ സീസിയെന്ന സാധനം തിരുകിക്കയറ്റി വാങ്ങിച്ച വാഹനം കൃത്യമായി എല്ലാ ദിവസവും രണ്ടു നേരം നോക്കെത്താ ദൂരം പെരുവഴിയിൽ പൊരിവെയിലത്ത് കാലികളെ പോലെ കിടക്കേണ്ടി വരുന്നതു കാണുമ്പോൾ സൈക്കിളുണ്ടായിരുന്നേൽ ഓരം ചേർന്നങ്ങ് പോകാമായിരുന്നുവെന്ന് ചിന്തിച്ചുപോകുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്നാലിതറിഞ്ഞോളൂ സൈക്കിളിന് പോകാൻ വേണ്ടി മാത്രം പാതയുള്ള ട്രാഫിക് സിഗ്നലുകളുള്ള ഒട്ടേറെ നഗരങ്ങളുണ്ട് ഈ ലോകത്ത്.

ആംസ്റ്റർഡാമിലെ നിത്യയാത്രകളിൽ അവിടത്തെ ജനങ്ങളുടെ വാഹനം സൈക്കിളാണ്. സൈക്കിൾ പാതകളിലൂടെ വഴിമരങ്ങളുടെ തണൽ പിടിച്ച് വഴിയോര കാഴ്ചകളെല്ലാം ആസ്വദിച്ച് സുഖയാത്ര ചെയ്യുന്നവരാണ് ഇവിടുത്തുകാർ. വണ്ടി പിടിച്ച് നഗരം ചുറ്റാനെത്തുന്ന വിനോദ സ‍ഞ്ചാരികൾ പോലും അൽപ്പം കഴിയുമ്പോൾ സൈക്കിൾ പുറത്തേറി പോകും. കോപ്പൻഹേഗൻറെ പ്രധാന പാതകൾക്കിരുവശവും സൈക്കിൾ‌ യാത്രികർക്കായി ഇടമൊരുക്കിയിട്ടുണ്ട്. സ്വന്തമായി സൈക്കിളില്ലെങ്കിൽ‌ പോലും തുച്ഛമായ വാടക നൽകി ഒരെണ്ണം സ്വന്തമാക്കാം. നഗരത്തിലെ നാൽപ്പതു ശതമാനത്തിൻറെയും യാത്ര സൈക്കിളിൽ തന്നെ. കോപ്പൻഹേഗനടുത്തുള്ള ക്രിസ്റ്റ്യാനയിൽ സൈക്കിളിൽ മാത്രമേ പോകാനാകൂ. കാറുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ് ഇവിടെ. യാത്ര ഒന്നുകിൽ സൈക്കിളിൽ അല്ലെങ്കിൽ ബൈക്കിൽ. ബാഴ്സലോണക്കാരുടെ പ്രിയ വാഹനവും സൈക്കിൾ‌ തന്നെ. മൂവായിരത്തോളം സൈക്കിൾ യാത്രികരാണ് ബാഴ്സലോണ നഗരത്തിലൂടെ ഒരു ദിവസം ചുറ്റിയടിക്കുന്നത്. ബൈസിക്കിൾ ഇല്ലെന്ന സങ്കടമൊന്നും വേണ്ട. സൈക്കിൾ പരസ്പരം കൈമാറാനും ഓടിക്കുവാൻകൊടുക്കുവാനും ഇവിടാർക്കും മടിയൊന്നുമില്ല. മുന്നൂറ് മൈൽ നീളമുള്ള പാതയാണ് സൈക്കിൾ യാത്രികർക്കായി വേണ്ടി മാത്രം കാനഡയിലെ മോണ്‍ട്രിയലിൽ ഒരുക്കിയിരിക്കുന്നത്. മഞ്ഞു വീഴ്ചയിൽ പോലും സൈക്കിൾ യാത്രികർക്ക് തടസമുണ്ടാക്കാതിരിക്കാൻ ജാഗരൂകരാണ് ഇവിടത്തെ ഭരണകൂടം പോലും. ചുറ്റിയടിക്കുവാനും കറങ്ങിരസിക്കുവാനും ആവശ്യത്തിലേറെ ഇടമുള്ള നഗരമാണ് ബർലിൻ. സൈക്കിൾ സവാരി നഗരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നും. സൈക്കിളിൽ ഊളിപ്പറക്കുവാൻ ആവശ്യത്തിലേറെ ഇടമുണ്ട്. സൈക്കിളിന് വിശ്രമമൊരുക്കുവാൻ വലിയ സൗകര്യവുമുണ്ട്. ലോകത്തേറ്റവും സുരക്ഷിതമായ സൈക്കിൾ യാത്രയ്ക്കായി നമുക്ക് ബർലിനിലേക്ക് പോകാം.

ആകെ മെലിഞ്ഞ രണ്ട് ടയറുകളുള്ള വാഹനത്തിന് കാർ പാർക്കിങിനേക്കാൾ നല്ല സൗകര്യം നൽകുന്ന നാടാണിത്. 400 മൈലാണ് ഇവിടത്തെ സൈക്കിൾ പാതയുടെ നീളം. നഗരം മുഴുവൻ സൈക്കിളിന് മാത്രമായി സഞ്ചാര പാതയൊരുക്കിയ നഗരമാണ് തായ്വാൻറെ കാവോസിയുങ്. സൈക്കിളുകൾ വാടകയ്ക്ക് കിട്ടാൻ മെംബർഷിപ്പ് സംവിധാനം വരെ സർക്കാർ ഒരുക്കിയിട്ടുണ്ട്. സൈക്കിളില്ലാതെ എന്ത് ജീവിതമെന്ന മട്ടാണ് ട്യോക്കോകാർക്ക്. മുള്ളാണി മുതൽ തീവണ്ടി വരെ സ്വയമുണ്ടാക്കാൻ സ്കൂൾ‌ തലം മുതൽ പഠിപ്പീര് തുടങ്ങുന്ന നാട്ടിൽ ഇതില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സൈക്കിൾ മത്സരങ്ങളിൽ സമ്മാനമെല്ലാം അടിച്ചോണ്ടു പോകുന്ന നഗരങ്ങളിൽ പ്രധാനിയാണ് പോർട്ടലൻഡ്. പ്രത്യേക സൈക്കിൾ പാതകളൊരുക്കി നഗരത്തിലെ വേർതിരിവുകളുടെ ഇടുക്കുകളിൽ വേഗത നിയന്ത്രിച്ച് പോകാനിടം നൽകിയും സൈക്കിൾ യാത്രയുടെ രസം ചോരാതെ നമ്മെ കൊണ്ടുപോകും. സ്വപ്ന നഗരമായ പാരിസിലും സൈക്കിൾ യാത്രാ സംഘം വൻ ആഘോഷമാണ് നടത്തുന്നത്. ആഘോഷങ്ങളുടെ ഈ നഗരത്തിൽ സൈക്കിൾ യാത്രയിലും ആഘോഷമാണ്. നഗരം സൈക്കിളിൽ ചുറ്റി നടന്ന് ആർമാദിച്ചു കാണാം. 20,000 സ്റ്റൈലൻ സൈക്കിളുകളാണ് 1450 വാടക കേന്ദ്രങ്ങളിലായി നിരത്തി വച്ചിരിക്കുന്നത്.

ലോക പ്രശസ്തമായ പല നഗരങ്ങളിലും സൈക്കിൾ സവാരി സർവ്വസാധാരണമാകുകയാണ്. ഓസ്ട്രേലിയയിലെ പെർത്തും ബ്രസീലിലെ കൂരിറ്റിബയും മിനിയാ പോളിസും അങ്ങനെ പലതും സൈക്കിൾ ചൂളമടിയുടെ നാടുകളാണ്. വിഷപ്പുക തുപ്പാത്ത പോകാനൽപ്പം ഇടം മാത്രം ആവശ്യപ്പെടുന്ന നിയന്ത്രണം വിടുന്നതിനു പോലും നിയന്ത്രണമുള്ള പാവം വാഹനങ്ങളിലെ യാത്ര നമുക്കും സജീവമായി ഒന്നു പരീക്ഷിക്കാവുന്നതാണ്.