പച്ചപ്പു പുതച്ച നഗരവീഥിയിലൂടെ

പുകയും, പൊടിയും, നിർത്താതെയുള്ള ഹോൺ മുഴക്കലും അപരിചിതത്വം മാത്രം കാണിക്കുന്ന മുഖങ്ങളും. നഗരങ്ങളെ കുറിച്ച് നിങ്ങളുടെ മനസിലേക്ക് ആദ്യമെത്തുക ഇതൊക്കെ തന്നെയല്ലേ... ശരിയാണ് അൽ‌പം അസ്വസ്ഥമാണ് നമ്മുടെ നഗര ചിന്തകൾ. നഗരത്തിൻറെ വേഗവും നേട്ടങ്ങളും ആവോളം ആസ്വദിക്കുമ്പോഴും ഒരു മഴ കാണാൻ ഒരു മരത്തിൻറെ തണലേക്കാൻ ഒരു കുഞ്ഞു പൂവിൻറെ ചിരികാണാനുമൊക്കെയുള്ള ആഗ്രഹം മനസിലുണ്ടാകും. മരവഴികൾ നിറഞ്ഞൊരു നഗരം സങ്കൽപിക്കാനും അത് യാഥാർഥ്യമാക്കാനും പ്രതിജ്ഞകളെടുത്ത് മാത്രം ശീലമുള്ള നാടാണല്ലോ നമ്മുടേത്. അതുകൊണ്ട് പച്ചപ്പ് പേറുന്ന നഗരങ്ങളേതെന്നറിഞ്ഞ് ആ കൊതി തീർക്കാം.

ആംസ്റ്റർഡാം, സിംഗപ്പൂർ, ഹെൽസിങ്കി, ഓസ്ലോ, ന്യൂയോർക്ക്, ബെർലിൻ, ലണ്ടൻ, വാൻകൂവർ, കേപ്ടൗൺ, ക്യൂരിറ്റിബ, സ്റ്റോക്ക്ഹോം അങ്ങനെ ലോകത്തെ പ്രകൃതി സൗഹൃദ നഗരങ്ങളുടെ പട്ടികയിലേക്ക് ആദ്യമോടിക്കയറുന്ന നഗരങ്ങളാണിവ. ലോകത്തിലുള്ള നല്ല പച്ചപ്പുള്ള നഗര കേന്ദ്രങ്ങളെടുത്താൽ ഓസ്ലോ ഉറപ്പായുമുണ്ടാകും. പരിസ്ഥിതി സംരക്ഷണത്തിൽ വ്യക്തമായ പദ്ധതികളും നയങ്ങളുമുള്ള നാടാണ് കോപ്പൻഹേഗൻ. 2025ഓടു കൂടി പൂർണമായും കാർബൺ ന്യൂട്രൽ ആകുകയെന്നതാണ് കോപൻഹേഗൻറെ ലക്ഷ്യങ്ങളിലൊന്ന്. യൂറോപ്യൻ ഗ്രീൻ‌ കാപിറ്റൽ അവാർഡ് കരസ്ഥമാക്കിയ ആംസ്റ്റർഡാമും സിംഗപ്പൂർ, ഹെൽസിങ്കി, ഓസ്ലോ, ന്യൂയോർക്ക്, ബെർലിൻ, ലണ്ടൻ, വാൻകൂവർ. സ്റ്റോക്ക്ഹോം ഒരിക്കൽ ഉപയോഗിച്ചതിനെ പിന്നീട് വലിച്ചെറിയുക എന്നത് ഇപ്പോഴും ശീലത്തിലുള്ള നാട്ടുകാർ ബ്രീസിലിലെ കൂരിറ്റിബയെ കണ്ടുപഠിക്കണം. ലോകത്തിലെ ഏറ്റവും വലിയ റീസൈക്ലിങ് പദ്ധതിക്ക് 1980ലെ വാൻകൂവറിൽ തുടക്കമായിരുന്നു. നഗരങ്ങളിലെ വാഹന നിയന്ത്രണം തന്നെയാണ് ഇവിടങ്ങളിലെ പ്രധാന പ്രത്യേകതകൾ. വിഷം തുപ്പുന്ന വാഹനങ്ങളുടെ ഒഴുക്ക് ക്രമാതീതമായികുറച്ചു ഇവിടങ്ങളിൽ. എങ്ങനെയെന്നല്ലേ..സൈക്കിളിലൂടെയാണ് ആളുകൾ പ്രധാനമായും സവാരി നടത്തുന്നത്.

വെറുതെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും മരങ്ങൾക്ക് കൂട്ടിരിക്കുന്നതും മാത്രമല്ല പ്രകൃതി സംരക്ഷണമെന്ന് തെളിയിച്ച നഗരങ്ങളാണിവ. പ്രകൃതിക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ പരമാവധി ഉപയോഗിച്ചും പ്ലാസ്റ്റിക് പോലുള്ള മണ്ണിന് അലിയിച്ചു ചേർക്കാനാകാത്ത വസ്തുക്കളെ വീണ്ടും ഉപയോഗിച്ചും ഖരമാലിന്യത്തിന് കൃത്യമായ സംസ്കരണ ശാലകളൊരുക്കിയും ഒരു മരം മുറിക്കുന്നതിനു പകരമായി അതിൻറെ ഇരട്ടി നട്ടുപിടിപ്പിച്ചും പരിസ്ഥിതിയെ സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ‌ ശാസ്ത്രീയ പഠനം നടത്തിയുമാണ് പച്ചപ്പിൻറെ ഇടങ്ങളായി ഈ നഗരങ്ങൾ മാറിയത്. സമഗ്രമായിരുന്നു ശുദ്ധമായ വായവിനും വെള്ളത്തിനും വേണ്ടിയുള്ള അവരുടെ പ്രവർത്തനങ്ങള്‍. മുറിച്ചു വീഴ്ത്തപ്പെട്ട മരങ്ങളുടെ കണ്ണീരിനും മണ്ണിൻറെ മാംസത്തിൽ‌ നിന്നും പൊട്ടിയൊലിച്ച ചോരയ്ക്കും മീതെ തന്നെയാണ് എല്ലാ നഗരങ്ങളും പിറവിയെടുത്തിട്ടുള്ളത്. മനുഷ്യരുടെ നല്ല സഹവാസത്തിനായാണ് നഗരങ്ങൾ കെട്ടിയുണ്ടാക്കപ്പെട്ടെതെങ്കിലും പരിസ്ഥിതിയെ ഒപ്പം ചേർത്തു നിർത്തുന്ന ശീലം നമുക്കില്ല. ആ ശീലത്തെ ഓർത്തെടുക്കാനും ശീലമാക്കാനും നമ്മോടു പറയും ഈ നഗര ദൃശ്യങ്ങൾ.