മികച്ച റസിഡന്റ്സ് അസോസിയേഷന്‌ മനോരമ ഓൺലൈൻ– അസെറ്റ് ഹോംസ് അവാർഡ്

കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനായി മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്നൊരുക്കുന്ന ചുറ്റുവട്ടം പുരസ്കാര പദ്ധതിക്കു തുടക്കമായി. അവാർഡ് വെബ്സൈറ്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

സാമൂഹിക സേവനരംഗത്തു റസിഡന്റ്സ് അസോസിയേഷനുകൾ തമ്മിലുള്ള ആരോഗ്യകരമായ മൽസരം കേരളത്തിന്റെ പുരോഗതിക്ക് ഊർജമാകുമെന്നു മന്ത്രി പറഞ്ഞു. വയോജനക്ഷേമം, അടുക്കളത്തോട്ടം തുടങ്ങിയവയ്ക്കു സർക്കാരിൽ നിന്നു ലഭിക്കുന്ന പിന്തുണ താഴേത്തട്ടിലും ഉറപ്പാക്കാൻ ചുറ്റുവട്ടം പരിപാടി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

അസെറ്റ് ഹോംസ് ചീഫ് മാർക്കറ്റിങ് ഓഫിസർ എസ്. സജീം, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡിജിഎം: ബോബി പോൾ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന റസിഡന്റ്സ് അസോസിയേഷന് 1.5 ലക്ഷം രൂപയും ട്രോഫിയും ലഭിക്കും. രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന അസോസിയേഷനുകൾക്ക് യഥാക്രമം ഒരു ലക്ഷം രൂപ, അര ലക്ഷം രൂപയും. മൽസരത്തിനായി ഒരുക്കിയ വെബ്സൈറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെയും ഭാരവാഹികളുടെയും പേരും വിവരങ്ങളും അപ്‌ലോഡ് ചെയ്തു റജിസ്ട്രേഷൻ നടത്താം.

റജിസ്ട്രേഷൻ ഘട്ടത്തിൽ അസോസിയേഷന്റെ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കണം. ഇതിൽ നിന്നു ചുരുക്കപ്പട്ടികയിലേക്കു തിരഞ്ഞെടുക്കുന്ന അസോസിയേഷനുകളിൽ റോഡ് ഷോയുടെ ഭാഗമായി വിവിധ രംഗങ്ങളിലെ വിദഗ്ധർ അടങ്ങിയ സമിതി സന്ദർശനം നടത്തും. വെബ്സൈറ്റിലൂടെ ലോകമെമ്പാടുമുള്ള വായനക്കാർ നൽകുന്ന റേറ്റിങ് അടിസ്ഥാനമാക്കിയാണു വിജയിയെ കണ്ടെത്തുക.