മുറ്റത്തെ നഗരത്തിനും മണമുണ്ട്

നല്ല ജോലിയും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും തേടി സ്ഥിര താമസത്തിന് സ്ഥലം തേടുന്നവർ ചിന്തകളെ വിമാനം കയറ്റിവിടും മുൻപ് ഇവിടേക്കൊന്നു നോക്കൂ. ജീവിക്കാൻ പറ്റിയ നല്ല നഗരങ്ങൾ നമ്മുടെ രാജ്യത്തുമുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളെ മറച്ചു വയ്ക്കാനാകില്ലെങ്കിലും നല്ല വിദ്യാഭ്യാസം, ജോലി, താമസ സൗകര്യം, ലോകത്ത് പുതിയതായെത്തുന്ന എന്തിനേയും കൈപ്പിടിയിലൊതുക്കാനുള്ള സാഹചര്യം അങ്ങനെ നല്ല വശങ്ങൾ ഏറെയുള്ള നഗരങ്ങൾ നമ്മുടെ രാജ്യത്തുമുണ്ട്. ഐടി ഉൾപ്പെടെയുള്ള വ്യവസായങ്ങളുടെ മുന്നേറ്റവും വാണിജ്യത്തിൻ‌റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പരിചയ സമ്പന്നതയുമാണ് ഈ നഗരങ്ങളെ ലോകത്തിന്‌റെയും നമ്മുടെയും തന്നെ നോട്ടങ്ങളിലേക്കെത്തിക്കുന്നത്.

ആഗോള തലത്തിൽ നടന്ന ഒരു സർവേയിൽ പേളിന്റെ നഗരമാണത്രേ നമ്മുടെ രാജ്യത്ത് ജീവിതം നയിക്കാൻ പറ്റിയ ഏറ്റവും നല്ല ഇടങ്ങളില്‍ ആദ്യത്തേതായി തെര‍ഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകളുടെ വരവും ഐടി പാർക്കുകളുടെ കുതിപ്പും നല്ല എയർപോർട്ടും സാമൂഹിക സേവനങ്ങളിലുള്ള മേൻമയുമാണ് ഹൈദരാബാദിനെ ഏറ്റവും നല്ല നഗരമാക്കി മാറ്റിയത്. ജനസഞ്ചയത്തിന് ആഴം കൂടിയതിനൊപ്പം തിരക്കിട്ട് പിടിച്ചുനിൽക്കുവാൻ മുംബൈയും ഡൽഹിയും പാടുപെടുന്നുണ്ടെങ്കിലും വിദ്യാഭ്യാസം, ജോലി, മറ്റ് സൗകര്യങ്ങൾ എല്ലാത്തിലും ഈ നഗരങ്ങളും മുൻപിൽ തന്നെയുണ്ട്, വൃത്തിയുടെയും പരിസരം കാത്തുസൂക്ഷിക്കുന്നതിൻറെയും കാര്യത്തിൽ ഇവർ ഏറെ മുന്നേറാനുണ്ടെങ്കിൽ കൂടി. ഐടിയേക്കാൾ വേഗത്തിൽ കുതിക്കുന്ന നഗരമാണ് പുനെ. രാജ്യത്തെ ഒമ്പതാമത്തെ മെട്രോപോളിറ്റൻ നഗരമാണിത്. ജോലി തേടിയെത്തുന്നവർക്കും വിദ്യാർഥികൾ‌ക്കും ഗവേഷകർക്കും വേണ്ട നല്ല നിലവാരത്തിലുള്ള ഇടമുണ്ട് പുനെയിൽ,. വ്യാവസായിക മുന്നേറ്റമുള്ള ഗുജറാത്ത് നഗരമാണ് അഹമ്മദബാദ്. നഗരം തരുന്ന സാധ്യതതകളും അതു തന്നെ. ഇന്ത്യയുടെ മാഞ്ചസ്റ്ററിൽ വൻകിട വ്യാവസായിക സ്വപ്നങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ഒരുപോലെയാണ്. തമിഴ്നാടിൻറെ ആഘോഷനഗരം ചെന്നൈയും ടാഗോർ സാഹത്യത്തിലലിഞ്ഞു ചേർന്ന കൊൽക്കത്തയും നല്ല ഇടങ്ങൾ തന്നെ.

നഗരത്തിലെ അഴുക്കു ചാലുകളിലേക്ക് നോക്കി മനംപുരട്ടി മടുക്കാതെ ബംഗലുരുവിൽ ജീവിക്കാം. ഒരു യൂറോപ്യൻ നഗരത്തിൻ‌റെ അഹങ്കാരം പോലെ യുവത്വത്തിൻറെ തുടിപ്പുള്ള പൂന്തോട്ട നഗരമാണ് ബംഗളുരു. ഏത് തലത്തിൽ നോക്കിയാലും പോയി താമസിക്കാനിടം തേടുന്നവർക്കായി ബംഗളുരുവിനെ ചൂണ്ടിക്കാണിക്കാം. ധൈര്യപൂർവ്വം. സ്വർണവും ഡയമണ്ടും കൺനിറയെ കാണുന്ന കയറ്റുമതി ചെയ്ത് ശീലിച്ച സൂററ്റും ജയ്പൂരും. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഇടങ്ങളിലൊന്നാണ് ജയ്പൂർ. വ്യാവസായിക വളർച്ച തരുന്ന ജോലി സാധ്യതകൾ പറയേണ്ടതില്ലല്ലോ. പിങ്ക് നഗരമായ ജയ്പൂരാകട്ടെ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രവും. വ്യാവസായിക വളർച്ചയെന്ന പൊതു സ്വഭാവത്തിനൊപ്പം രാജ്യ സംസ്കൃതിയുടെ വൈവിധ്യങ്ങളിലേക്ക് ഈ നഗരങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകാനുള്ള സ്വാധീനമുണ്ട് ഈ നഗരങ്ങൾക്ക് എന്നതും പ്രത്യേകതയാണ്.

സെറ്റിൽ ചെയ്യാൻ പറ്റിയ ഇടം തേടി നെറ്റിൽ‌ പരതുന്നതിനിടയിൽ‌ മ്മടെ കോഴിക്കോടിനേയും കൊച്ചിയേയും കുറിച്ചൊന്നാലോചിച്ചോളൂ. നെറ്റ് റീചാർജ് ചെയ്യുന്ന പൈസയ്ക്ക് പോയി ബിരിയാണിയും അടിച്ച് തിരിച്ചുവരാൻ പോന്ന ഇടങ്ങൾ. ഇന്ത്യയിൽ സെറ്റിലാകാൻ പറ്റിയ നാടുകളുടെ പട്ടികയിൽ കൊച്ചിയും കോഴിക്കോടും ഇടം പിടിച്ചിട്ടുണ്ട്. വ്യാവസായിക വളർച്ചയും സംസ്കാരത്തിൻ‌റെ ആഘോഷവും തന്നെയാണ് രണ്ട് നഗരങ്ങളുടെയും പ്രത്യേകതകൾ. എവിടെയാ സെറ്റിൽ ചെയ്തിരിക്കുന്നതെന്ന് ആരെങ്കിലും ചോദിക്കുമ്പോൾ കോഴിക്കോട് അല്ലെങ്കിൽ കൊച്ചി എന്ന് പറയാൻ മടിയാണെങ്കിൽ‌ ആം ഇൻ കൊച്ചിൻ, ആം ഇൻ കാലിക്കട്ട് എന്നു പറയുകേം ചെയ്യാം എന്നാൽ മെട്രോ പൊളിറ്റൻ സിറ്റിയിൽ നാടൻ പുട്ടും കപ്പയും കഴിക്കുന്നതിൻറെ രസവും കിട്ടും. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന സ്വപ്നം സ്ഥിര താമസത്തിൻറെ കാര്യത്തിൽ ഉറപ്പിക്കാം ഇവിടെ.