സേ നോ റ്റു അയ്യേ ഈ പട്ടി

വേനലവധിക്ക് നാട്ടിലേക്കൊരു മടങ്ങിപ്പോക്ക് അല്ലെങ്കിൽ ഇടയ്ക്കിടെ ഒരു ഔട്ടിങ്. എല്ലാത്തിനും വിലങ്ങുതടിയാകുന്നതും വേദനയാകുന്നതും വളർത്തു മൃഗങ്ങളോടുള്ള സ്നേഹം തന്നെയാണ്. അവരെ എന്തുചെയ്യും? നമ്മുടെ നഗരങ്ങളിലൂടെ ബൈക്കിന് പുറകിൽ ഗമയോടെയിരുന്ന് അല്ലെങ്കിൽ കാർചില്ലിനിടയിലൂടെ പുറത്തേക്ക് നോക്കി കറങ്ങിയടിക്കുന്ന പട്ടിക്കുട്ടൻമാരും പൂച്ചക്കുട്ടികളുമില്ലേ. കൗതുകത്തോടെ നമ്മളവരെ നോക്കിനിൽക്കും. പ്രിയപ്പെട്ടവരാണെങ്കിലും നമ്മുടെ വാഹനത്തിനപ്പുറം നഗരത്തിലെ നല്ല ഒരിടത്തും അവരെയും കൊണ്ട് കയറാനാകില്ലെന്നതാണ് സത്യം. ഈ നഗരത്തിരക്കിനിടയിലൂടെ ഇവരേയും കൊണ്ട് യാത്ര ചെയ്യുന്നല്ലോയെന്ന്. അത്രയേറെ പ്രിയപ്പെട്ടവരായതുകൊണ്ടാണല്ലോ നമ്മളവരെ ഇങ്ങനെ കൊണ്ടുനടക്കുക. മനുഷ്യരെ പോലെ എല്ലായിടത്തും വളർത്തു മൃഗങ്ങൾ‌ക്കും പ്രാധാന്യം നൽകുന്ന നഗരങ്ങളുണ്ടെന്ന് കേൾക്കുമ്പോൾ ആ കൗതുകം കൂടില്ലേ. ആ അമ്പരപ്പുകളുടെ നാടാണ് സാൻ ഡീഗോയും പോർട്ലന്‌ഡും സിയാറ്റിലുമൊക്കെ.

പാർക്കിലും ഐസ്ക്രീം പാർലറുകളിലും റസ്റ്ററൻ‌റുകളിലുമിരുന്ന് നിങ്ങൾക്ക് നിങ്ങളുടെ നായയുടെയും പൂച്ചയുടെയു. കാൽത്തുമ്പിലിരുത്തി കളിക്കാം. അവർക്കൊപ്പം ഐസ്ക്രീമും ചിക്കനും അകത്താക്കാം. പട്ടികൾക്കായി മാത്രം പതിനാറ് പാർക്കുകൾ തന്നെയുണ്ട് സാൻഡീഗോയിൽ. പോർട്ലൻഡിൽ സാൻഡീഗോയുടെ ഇരട്ടി ഡോഗ് പാർക്കുകളുണ്ട്. സിയാറ്റിലിലും അങ്ങനെ തന്നെ. നായ്ക്കളോടുള്ള ഈ നഗരത്തിൻറെ സമീപനം ഏറെ സൗഹൃദം നിറഞ്ഞതു തന്നെ. കടൽത്തീരത്തു പോകുമ്പോൾ പട്ടിക്കുട്ടികളെ എന്തു ചെയ്യുമെന്ന ചിന്ത വേണ്ട. ചിക്കാഗോയിലുണ്ട് നായ്ക്കളോടൊപ്പം കളിച്ചു മറിയാൻ പറ്റിയ ബീച്ചുകൾ. നായ്ക്കളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന നഗരമാണ് ഒർലാൻ‍ഡോ. ആരോഗ്യം മാത്രമല്ല..അവരെ സ്റ്റൈലാക്കിയെടുക്കാനും പോന്ന കേന്ദ്രങ്ങൾ‌ ഇവിടെ ധാരാളം. എന്തിന് വൈൻ ഗാർഡനിലും ചിത്രശലഭ പാർക്കിലും വരെ അവർക്കൊപ്പം പോകാം.

നാട്ടിൽ നമ്മൾ യോഗ ചെയ്യുന്നത് കണ്ട് ശീലിച്ചു പോയ പട്ടിക്കുട്ടൻമാരുടെ യോഗ മുടങ്ങുമല്ലോ എന്ന ടെൻഷൻ വേണ്ട. ടെക്സാസിലെ ഓസ്റ്റിനിലിൽ അതിനുമുള്ള സൗകര്യമുണ്ട്. നായകൾക്കായി യോഗ. ലാസ് വേഗാസും സാൻഫ്രാന്‍സിസ്കോയിലും മിൽവോകീയിലും മിനിയോപോളിസിലും എല്ലാം ഇങ്ങനെ തന്നെ. വീട്ടിൽ‌ വളർ‌ത്തുന്ന മൃഗങ്ങളിലാർക്കെങ്കിലും ഒരസുഖം വന്നാൽ വെറ്ററിനറി ഡോക്ടർമാർക്കായി കാത്തിരിക്കുമ്പോൾ ഇവിടങ്ങളിലൊക്കെ മുക്കിലും മൂലയിലും അവർക്കായി ആശുപത്രികളുണ്ട്,. വീട്ടിൽ നമ്മളെല്ലാം കൊടുത്തു വളർ‌ത്തിയ നായകളെ ഇവിടങ്ങളിലെത്തുമ്പോഴും ഒപ്പം ചേർക്കാം. ഒരുപക്ഷേ വീട്ടിനുള്ളതിനേക്കാൾ സ്വാതന്ത്ര്യത്തോടെ. പക്ഷേ ഒന്നു മാത്രം. നിങ്ങൾ‌ടെ നായയ്ക്ക് അവിടുത്തെ നായകളെ പോലെ നല്ല അനുസരണ വേണം.