കോഴിക്കോട് വേങ്ങേരി നിറവിന് ചുറ്റുവട്ടം അവാർഡ്

കൊച്ചി ∙ സാമൂഹിക പ്രതിബന്ധതയുടെ സൗന്ദര്യം നിറച്ച കോഴിക്കോട് വേങ്ങേരി നിറവ് റസിഡന്റ് അസോസിയേഷനു മനോരമ ഒാൺലൈനും അസെറ്റ് ഹോംസും ചേർന്നൊരുക്കിയ ചുറ്റുവട്ടം പുരസ്കാരം. കൊച്ചിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഒന്നര ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.

കേരളം സമ്പൂര്‍ണ ജൈവസംസ്ഥാനമായി മാറുന്ന കാലം വിദൂരമല്ലെന്നും ൈജവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ റസിഡന്റ് അസോസിയേഷനുകൾക്ക് ഏറെ പങ്കുവഹിക്കാനാകുമെന്നും ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. മാലിന്യ സംസ്കരണ രംഗത്തും മറ്റുള്ളവർക്കു നല്ല മാതൃക കൈമാറാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ മാത്രം ജോലിയല്ല മാലിന്യ സംസ്കരണം. ഇക്കാര്യത്തിൽ എല്ലാവരുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ തലസ്ഥാന നഗരം ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള നഗരങ്ങൾ പിന്നിലായി. മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇവിടെ ആവശ്യമാണ്. റസിഡന്റ് അസോസിയേഷനുകളുടെ നല്ല പ്രവർത്തനങ്ങൾ സമൂഹത്തിലേക്കെത്തിക്കാൻ കൂടുതൽ പദ്ധതികൾ ഒരുക്കണം. സംസ്ഥാനത്തു പല മേഖലകളിലും ശക്തമായ മാറ്റങ്ങൾ വരുത്താൻ മാധ്യമങ്ങളുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.

തിരുവനന്തപുരം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ രണ്ടാം സ്ഥാനവും കൊല്ലം അയത്തിൽ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി. തൃശൂർ കൊരട്ടി തണൽ റസിഡന്റ്സ് അസോസിയേഷൻ പ്രത്യേക ജൂറി പുരസ്കാരവും നേടി. മാലിന്യസംസ്ക്കരണം, വയോജന സംരക്ഷണം , അടുക്കളത്തോട്ട നിര്‍മാണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു പുരസ്കാരം നിശ്ചയിച്ചത്.

മൽസരത്തിനു റജിസ്റ്റർ ചെയ്ത നാനൂറോളം അസോസിയേഷനുകളിൽ നിന്നു 65 എണ്ണമാണു രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ നിന്നു 16 അസോസിയേഷനുകൾ അവസാന ഘട്ടത്തിലെത്തി. നെട്ടയം ശ്രീരാമകൃഷ്ണപുരം , വർക്കല നോർത്ത്(തിരുവനന്തപുരം), ഗിരിനഗർ, മിത്രം റസിഡന്റ്സ് വെൽഫെയർ, കോടിമത, സരോവരം(കോട്ടയം), വൈദ്യശാലപ്പടി, പള്ളിക്കാവുറോഡ്(എറണാകുളം ), കുന്നത്തൂർ(തൃശൂർ), ഹലോ, ബംഗലാപറമ്പ്, അക്ഷര നഗർ(പാലക്കാട്) എന്നീ റസിഡന്റ്സ് അസോസിയേഷനുകൾ പ്രോത്സാഹന സമ്മാനം നേടി.

കൊച്ചി മേയര്‍ സൗമിനി ജെയിൻ, അസെറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി.സുനില്‍കുമാര്‍, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു , മനോരമ ഒാണ്‍ലൈന്‍ സീനിയര്‍ കണ്ടന്‍റ് കോർഡിനേറ്റർ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. മനോരമ ഒാണ്‍ലൈന്‍ ചീഫ് ഒാപ്പറേറ്റിങ് ഒാഫീസര്‍ മറിയം മാമ്മന്‍ മാത്യു വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകി. ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോ ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കിയിരുന്നു.