'തൊഴുതുരുകുന്ന കര്‍പ്പൂരമലകള്‍'

മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ എട്ടാം ഉത്സവത്തിനു രാത്രി 12നാണ് ഏഴരപ്പൊന്നാന ദര്‍ശനം. ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉല്‍സവത്തിനും ആറാട്ടിനുമാണ് പുറത്തെടുക്കുന്നത്.

ഭക്ത മനസ്സുകളില്‍ അപൂര്‍വ ദര്‍ശനത്തിന്റെ ഭാഗ്യം നല്‍കി മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനും വലിയ കാണിക്ക അര്‍പ്പിക്കാനും പതിനായിരക്കണക്കിനു വിശ്വാസികളാണ് എല്ലാ വര്‍ഷവും എത്തുന്നത്. രാത്രി 12ന് ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദര്‍ശനം. ഏഴരപ്പൊന്നാന ദര്‍ശനത്തിന് ശേഷം ഭഗവാന് കാണിക്ക സമര്‍പ്പിക്കണമെന്നാണ് വിശ്വാസം.

രാത്രി രണ്ടിനാണ് വലിയവിളക്ക്. കൊല്ലവര്‍ഷം 1545ല്‍ ഒരു ഭക്തന്‍ നടയ്ക്കു വച്ചതാണ് വലിയവിളക്ക്. അന്ന് വിളക്കില്‍ എണ്ണയൊഴിക്കുന്നതിനായുള്ള ചെലവുകള്‍ സംബന്ധിച്ച് ഉൌരാണ്മക്കാര്‍ ചോദിച്ചപ്പോള്‍ അടിയന്‍ ഇൌ വിളക്കിലൊഴിക്കുന്ന എണ്ണ തീരില്ലെന്നു പറഞ്ഞത്രേ. അതിനു ശേഷം ഇന്നുവരെ വിളക്കിലെ തീ അണഞ്ഞിട്ടില്ല. ഉദ്ദിഷ്ട കാര്യസാധ്യത്തിനും തീരാവ്യാധികള്‍ മാറുന്നതിനും വലിയവിളക്കില്‍ രണ്ടേകാല്‍ ഇടങ്ങഴി എണ്ണ ഒഴിച്ച് പ്രാര്‍ഥിക്കുന്നതും ഭൂത പ്രേതബാധകള്‍ അകലാന്‍ വലിയ വിളക്കില്‍ പിടിച്ച് സത്യം ചെയ്യുന്നതും ഇവിടുത്തെ വലിയ വിശ്വാസമാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഏഴരപ്പൊന്നാന ദര്‍ശനത്തിന് വയ്ക്കാറുള്ളൂ.

മാര്‍ത്താണ്ഡവര്‍മ്മ 1750ല്‍ നടയ്ക്ക് വച്ചതാണ് ഏഴരപ്പൊന്നാനയെന്നും അദ്ദേഹം വടക്കുംക്കൂര്‍ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ നേര്‍ന്നതും അദ്ദേഹത്തിന്റെ അനന്തിരവനായ ധര്‍മ്മരാജാ നടയ്ക്ക് വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യമുണ്ട്. ധര്‍മ്മരാജായെന്നു അറിയപ്പെട്ടിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവ് തിരുവിതാംകൂറിനെ ടിപ്പുവിന്റെ പടയോട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നേര്‍ന്നതും തല്‍ഫലമായി മൈസൂറില്‍ വലിയ പ്രളയം ഉണ്ടാവുകയും ടിപ്പു പടയോട്ടം അവസാനിപ്പിച്ച് തിരിച്ചു പോവുകയും ചെയ്തതിന്റെ നന്ദി സൂചകമായി നടയ്ക്കു വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യം പ്രചാരമുണ്ട്. പൂര്‍ണമായും സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ 75 കിലോ തൂക്കം ഉള്ളതാണ് ഏഴരപ്പൊന്നാന. ഏഴ് വലിയ ആനകളും അരയാനയും ചേര്‍ന്നതാണ്. ഒാരോന്നും ഒരു തുലാം വീതം തൂക്കം വരുന്നതാണ്. അരയാന അരതുലാം തൂക്കമാണ് ഉള്ളത്. ഒരു തുലാം പത്ത് കിലോയാണ്. ഏഴരആനകളെ സംബന്ധിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. അഷ്ടദിക്ക് ഗജങ്ങളായ ഐരാവതം, പുണ്‍ഡരീകന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പ ദന്തന്‍, സുപ്രദീകന്‍, സാര്‍വദൌമന്‍, വാമനന്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഏഴരപ്പൊന്നാനയെന്നും വാമനന്‍ ചെറുതായതിനാല്‍ അവയിലൊന്ന് അരപ്പൊന്നാനയായെന്നുമാണ് പറയപ്പെടുന്നത്. ലക്ഷക്കണക്കിനു ഭക്തരാണ് ഏഴരപ്പൊന്നാന ദര്‍ശനത്തിനായി ഏറ്റുമാനൂരിലേക്ക് ഒഴുകുക.

തയാറാക്കിയത്: എം.ജെ.ജോസ്, ബി.സുനില്‍കുമാര്‍

Related Articles