ഭക്തിയുടെ ഗ്രാമവിശുദ്ധിയുമായി മഹാദേവക്ഷേത്രം

കേരളത്തിലെ പഴയ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഒരു ഗ്രാമക്ഷേത്രവുമാണ്. വലിയ ശിവലിംഗം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. സംഹാര മൂര്‍ത്തിഭാവങ്ങളിലൊന്നായ സരഭേശമൂര്‍ത്തഭാവത്തി ലാണ് ഇവിടെ ശിവന്‍. വട്ടശ്രീകോവില്‍ പടിഞ്ഞാട്ടു ദര്‍ശനം. പതിവായി അഞ്ചു പൂജകളും ശിവരാത്രിനാളില്‍ 18 പൂജകളുമുണ്ട്.

താന്ത്രിക അവകാശം ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിനും മേല്‍ശാന്തി സ്ഥാനം പുല്ലൂര്‍ ഗ്രാമസഭയ്ക്കുമാണ്. ഗര്‍ഭഗൃഹത്തില്‍ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതിയുണ്ട്. ഇതു വെളിയില്‍നിന്നു ശ്രദ്ധിച്ചു നോക്കിയാല്‍മാത്രം ഭാഗികമായി ദര്‍ശിക്കാം. മറ്റ് ഉപദേവതകള്‍: ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, ഭഗവതി, യക്ഷി കൂടാതെ മതിലിനു പുറത്തായി കീഴ്തൃക്കോവിലില്‍ മഹാവിഷ്ണുവും. വില്വമംഗലത്തു സ്വാമിയാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം.

ശ്രീകോവിലിന്റെ താക്കോല്‍ കൈസ്ഥാനികളായ മൂസ്സത് കുടുംബക്കാരുടെ (വലിയടത്തില്ലം, പാടകശേരി ഇല്ലം, തെക്കില്ലം, ചിറ്റേഴത്തില്ലം) കൈവശമാണ് വേണ്ടത്. 108 ശിവാലയങ്ങളില്‍ ഒന്നായതിനാല്‍ പരശുരാമന്റെ പ്രതിഷ്ഠയെന്നും ഒരു ഐതിഹ്യമുണ്ട്. ഖരന്‍ ചിദംബരത്തുനിന്നും കൊണ്ടുവന്ന മൂന്നു ലിംഗങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നാണ് മറ്റൊരു ഐതിഹ്യം. താപസശാപത്താല്‍ കാടുപിടിച്ചു കിടന്നിരുന്ന ക്ഷേത്രം വില്വമംഗലം പുനഃപ്രതിഷ്ഠ നടത്തിയെന്നാണ് മറ്റൊരു ഭാഷ്യം. വേദവ്യാസന്‍ താമസിച്ചിരുന്ന വേദഗിരിയിലാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനമെന്നും പറയപ്പെടുന്നു. ശിവനെ ശത്രുസംഹാരഭാവത്തില്‍ പ്രതിഷ്ഠിക്കാന്‍ കാരണം ശത്രുക്കളുടെ ഉന്മൂലനാശമായിരിക്കണം. നരസിംഹത്തിന്റെ കോപമടങ്ങിയ ഭാവമാണ് സരഭന്‍.

റോഡ് നിരപ്പില്‍നിന്നും ഒന്നര മീറ്ററോളം താഴ്ചയിലാണ് ക്ഷേത്രം. ക്ഷേത്രക്കുളത്തിന് വില്ലിന്റെ ആകൃതിയായതിനാല്‍ വില്ലുകുളം എന്നറിയപ്പെടുന്നു. മറ്റ് ക്ഷേത്രങ്ങളില്‍നിന്നു ഭിന്നമായി ഒരു പ്രത്യേക പൂജയുണ്ട്. മാധവിപ്പള്ളി പൂജ (ഉഷഃപൂജ). സാമൂതിരിയുടെ ഭാഗിനേയി മാധവിത്തമ്പുരാട്ടിക്കു രോഗം വന്നപ്പോള്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. രോഗം ഭേദമായതില്‍ സന്തുഷ്ടനായ സാമൂതിരി ഏര്‍പ്പെടുത്തിയതാണ് ഈ പൂജ. ഇതിന് 336 പറ നിലവും ഏഴര മുറി പുരയിടവും ക്ഷേത്രത്തിനു നല്‍കിയിരുന്നത്രെ. ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധവും മറ്റൊരിടത്തും ഇല്ലാത്തതുമായ ഏഴരപ്പൊന്നാനയുടെ ഉത്ഭവത്തെക്കുറിച്ചു വ്യത്യസ്തങ്ങളായ ഐതിഹ്യങ്ങളുണ്ട്.

അമൂല്യമായ നെന്മാണിക്യം, സ്വര്‍ണപ്പഴുക്കാക്കുല, സ്വര്‍ണച്ചേന, വലംപിരിശംഖ്, മരതകക്കല്ലുകള്‍ അലുക്കിട്ട സ്വര്‍ണക്കുട എന്നിങ്ങനെ ഒട്ടേറെ അമൂല്യവസ്തുക്കളാല്‍ സമ്പന്നമാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തില്‍ രണ്ടു ഋഷഭവാഹനങ്ങളുണ്ട്. ഇതില്‍ ഒന്ന് ഏറ്റുമാനൂരപ്പനെ ഭജിച്ചു വയറുവേദന മാറിയ ചെമ്പകശേരി രാജാവ് കൊല്ലവര്‍ഷം എട്ടാം നൂറ്റാണ്ടില്‍ നടയ്ക്കു വച്ചതാണെന്നാണ് ഐതിഹ്യം. ഇതിനകത്തെ നെല്ലെടുത്തു കഴിച്ചാല്‍ ഉദരവ്യാധി മാറുമെന്നാണ് വിശ്വാസം.

ചരിത്രപ്രസിദ്ധമായ വലിയവിളക്കാണ് മറ്റൊരു പ്രത്യേകത. ഈ കെടാവിളക്കില്‍ എണ്ണ നിറയ്ക്കുന്നത് പ്രധാനമായ വഴിപാടാണ്. വലിയവിളക്കിലെ മഷി ഉപയോഗിച്ചു കണ്ണെഴുതുന്നത് നേത്രരോഗങ്ങളെ പ്രതിരോധിക്കും എന്നാണ് വിശ്വാസം.

ഒരു നീലകണ്ഠനാചാരി നടയ്ക്കുവച്ച കരിങ്കല്‍ നാദസ്വരവും ക്ഷേത്രത്തിലുണ്ട് (അടുത്തകാലത്തൊന്നും ആരും അത് ഉപയോഗിച്ചിട്ടില്ല). 14 സ്വര്‍ണത്താഴികക്കുടങ്ങളും സ്വര്‍ണക്കൊടിമരവും ക്ഷേത്രത്തിന്റെ പ്രൌഢി വിളിച്ചോതുന്നു.

തയാറാക്കിയത്: ജി. മാധവന്‍കുട്ടി നായര്‍

Related Articles