അഭീഷ്ടവരദായകനായ ഏറ്റുമാനൂരപ്പന്‍

ഏതൊരു ഭക്തനെയും സംബന്ധിച്ചിടത്തോളം അത്യധികം മഹനീയവും മനസ്സിനു കുളിര്‍മയും സമാധാനവും നല്‍കുന്ന ഒരനുഭവമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉല്‍സവം. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞാല്‍ കേള്‍ക്കുകയും പൊറുക്കുകയും ചെയ്യുന്ന ദേവനാണ് ഏറ്റുമാനൂരപ്പന്‍ എന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം. ആസ്ഥാനമണ്ഡപത്തില്‍ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടു കൂടി ഭഗവാന്‍ ദര്‍ശനം നല്‍കുന്ന സമയത്ത് ഭക്തര്‍ സ്വര്‍ണ്ണക്കുടത്തില്‍ കാണിക്ക സമര്‍പ്പിക്കുമ്പോള്‍ പാപങ്ങള്‍ ഏറ്റുപറയുന്നതോടൊപ്പം മനഃശുദ്ധി കൈവരുവാനുള്ള ഒരു പ്രതിജ്ഞകൂടി എടുക്കുകയാണ്. ഇതിലൂടെ പാപത്തില്‍നിന്ന് യഥാര്‍ഥ മോചനം ലഭിക്കുന്നു എന്നതാണ് പരമമായ സത്യം. അതുകൊണ്ടുതന്നെ ആസ്ഥാനമണ്ഡപത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം എന്തുകൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ഭജനം, പ്രദോഷവ്രതം എന്നീ രണ്ടു വിശിഷ്ടമായ ശിവസേവകള്‍, സര്‍വാഭീഷ്ടസിദ്ധികള്‍ക്കും ഉപകരിക്കുന്നതാണ്. ഭജനമിരിക്കുന്നവര്‍ അഹിംസ, സത്യം, മനഃശുദ്ധി, ഇന്ദ്രിയനിഗ്രഹം തുടങ്ങിയ കാര്യങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും ഏറെ ശ്രദ്ധാലുക്കളായിരിക്കണം. ഭജനമിരിക്കുന്ന ഒാരോ ദിവസവും പാലിക്കേണ്ട ചിട്ടകള്‍ യഥാക്രമം ക്ഷേത്രാചാരക്രമമനുസരിച്ച് ഭക്തിയോടും ശ്രദ്ധയോടുംകൂടി പാലിച്ചിരിക്കണം. ശിവപ്രീതിക്കുവേണ്ടി ദേവീദേവന്മാര്‍പോലും പ്രദോഷദിവസം വ്രതമനുഷ്ഠിക്കുന്നു എന്നാണ് ഐതിഹ്യം.

ഒരു ഭക്തന് പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങളിലും കൂടാതെ തന്റെ ഉള്ളിലേക്കു കടന്നുവരുന്ന മറ്റു ദൈവങ്ങളിലും വിശ്വാസമുണ്ടായാല്‍പ്പോലും തനിക്ക് തന്നോടുതന്നെ വിശ്വാസമില്ലെങ്കില്‍ മോക്ഷം എന്നത് സാധ്യമാവുകയില്ല എന്ന പരമമായ സത്യം നമ്മെ പഠിപ്പിച്ച സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ നാം ഇവിടെ സ്മരിക്കേണ്ടതാണ്. ഇതുതന്നെയാണ് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഉപദേശം. ഇൌശ്വരാരാധനയിലൂടെ നാം കൈവരിക്കേണ്ടത് സമ്പൂര്‍ണ്ണമായ സമര്‍പ്പണമായിരിക്കണം. ലൌകിക ജീവിത സാഹചര്യത്തില്‍ ധര്‍മമേത്, അധര്‍മമേത് എന്നു തിരിച്ചറിയാനാവാതെ ഉഴറുന്ന നമുക്ക് ധര്‍മ്മത്തിന്റെ മാര്‍ഗത്തിലേക്ക് എത്തിച്ചേരാന്‍ ഇൌശ്വരോപാസന മാത്രമാണ് കരണീയമായുള്ളത്. ഭഗവദ്ഗീത രണ്ടാം അധ്യായത്തിലെ ഏഴാമത്തെ ശ്ളോകം വളരെയേറെ ശ്രദ്ധേയമാണ്.

കാര്‍പണ്യദോഷോപഹതസ്വഭാവ:
പൃച്ഛാമി ത്വാം ധര്‍മസമ്മൂഢചേതാ:
യത് ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹിതന്മേ
ശിഷ്യസ്ത്യേപ്ളഹം ശാധിമാം ത്വാം പ്രപന്നം.

ശോകമോഹ പാരവശ്യങ്ങളാല്‍ തളര്‍ന്ന് ചഞ്ചലമനസ്കനായി ധര്‍മവും അധര്‍മവും തിരിച്ചറിയാനാകാതെ ജയമോ തോല്‍വിയോ നല്ലത് എന്നു നിശ്ചയാക്കാനാവാത്ത വിഷമാവസ്ഥയില്‍ വില്ലാളിവീരനായ അര്‍ജുനന്‍ ഭഗവാന്‍ കൃഷ്ണന്റെ തൃപ്പാദങ്ങളില്‍ തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന അവസ്ഥയാണ് ഇവിടെ പ്രകടമാകുന്നത്.

ഇതേ സമര്‍പ്പണമായിരിക്കണം ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടുന്ന ഒാരോ ഭക്തനും അനുവര്‍ത്തിക്കേണ്ടത്. ഇങ്ങനെയുള്ള ഭക്തരുടെ പാപങ്ങളെയാണ് ഏറ്റുപറഞ്ഞാല്‍ ഏറ്റുമാനൂരപ്പന്‍ പൊറുക്കുന്നത്. ഇൌശ്വരാനുഗ്രഹം പ്രാപ്തമാകണമെങ്കില്‍ കാമം, ക്രോധം, മതം, ലോഭം, ദംഭം (അഹങ്കാരം), മാത്സര്യം എന്നീ വികാരങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കണം.

തികഞ്ഞ മനഃശുദ്ധിയും ക്ഷമയും കഠിനപ്രയത്നവും ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഒാം നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്ന ഒാരോ ഭക്തനും ഏറ്റുമാനൂരപ്പന്റെ കൃപാകടാക്ഷങ്ങള്‍ ലഭിക്കുമാറാകട്ടെ

തയാറാക്കിയത്: ദിനേശ് ആര്‍. ഷേണായ്

Related Articles