സാറാസ് മനോരമ ഓൺലൈൻ ക്രിസ്മസ് ബ്രേക്ക്ഫാസ്റ്റ് മൽസരം : ലീലാമ്മ ഗോമസ് ജേതാവ്

കൊച്ചി ∙ ക്രിസ്മസ് മേശയിലെ നാട്ടുരുചിയുടെ രസാനുഭൂതികൾ പുതുമയോടെ അവതരിപ്പിക്കാൻ മികവുള്ള പാചകറാണിമാരെ കണ്ടെത്താനുള്ള സാറാസ് മനോരമ ഓൺലൈൻ ക്രിസ്മസ് ബ്രേക്ക്ഫാസ്റ്റ് മൽസരം സീസൺ മൂന്നിൽ തിരുവനന്തപുരം മുട്ടട സ്വദേശി ലീലാമ്മ ഗോമസ് ജേതാവായി.

ക്രിസ്മസ് ആഘോഷത്തോടുനുബന്ധിച്ചു മൽസരത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ മറ്റ് 19 ഫൈനലിസ്റ്റുകളെ പിന്നിലാക്കിയാണ് ലീലാമ്മ ഗോമസിന്റെ ചിക്കൻ പാൻകേക്ക് ഇൻ കോക്കനട്ട് മിൽക്ക് ഒന്നാം സ്ഥാനം നേടിയത്.

ഇടിയപ്പം റോൾസും ഡക്ക് മപ്പാസും ഒരുക്കി എറണാകുളം സ്വദേശി സുനിത വർഗീസ് രണ്ടാം സ്ഥാനവും പരിപ്പ് ദോശയും ചിക്കൻ ചട്നിയും ഒരുക്കി തിരുവനന്തപുരം കുഴിവിള സ്വദേശി രാജീവ് കുമാർ കെ. മൂന്നാം സ്ഥാനവും നേടി.

സേമിയ നൂൽപ്പുട്ടും വറുത്തരച്ച നാടൻ കോഴിക്കറിയും ഒരുക്കിയ എറണാകുളം സ്വദേശി ശ്രീദേവി പിള്ളയും ആഗ്ലോ പിടിയും ഗാർലിക് പൊട്ടറ്റോ റോൾസും തയാറാക്കി കലൂർ സ്വദേശി ബീന മനോജും പ്രത്യേക സമ്മാനത്തിന് അർഹരായി.

വ്യത്യസ്തമായ രുചിക്കൂട്ടുകൾ അവതരിപ്പിക്കാൻ മനോരമ ഓൺലൈനിലൂടെ നടത്തിയ മൽസരത്തിൽ ആയിരത്തിലേറെ പാചകക്കുറിപ്പുകളാണു ലഭിച്ചത്. ഇതിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണു കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന അവസാനഘട്ട മൽസരത്തിൽ പങ്കെടുത്തത്. പാചക വിദഗ്ധ ജേജി ജോൺ, റാഡിസൺ ബ്ലൂ ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് വർഗീസ് തോപ്പിൽ എന്നിവരായിരുന്നു വിധികർത്താക്കൾ. സമാപനച്ചടങ്ങുകളുടെ ഉദ്ഘാടനവും സമ്മാന വിതരണവും നടി കൃഷ്ണ പ്രഭ, അന്ന കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബോബി എം. ജേക്കബ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്ന് നിർവഹിച്ചു.