പുതുപ്പള്ളി പെരുന്നാൾ: പുതുക്കത്തിന്റെ തിരുന്നാൾ
പുതുപ്പള്ളി പെരുന്നാൾ — ഒരു നാടിന്റെ ഉത്സവമാണ്. പുതുപ്പള്ളിയിലും സമീപസ്ഥലങ്ങളി ലുമുള്ള ക്രൈസ്തവർ മാത്രമല്ല, നാനാജാതി മതസ്ഥർ ഒരുപോലെ ഇൗ ആഘോഷത്തിൽ പങ്കുചേരുന്നു. കേരളത്തിനകത്തും അന്യ സംസ്ഥാനങ്ങളിലുമുള്ള ലക്ഷക്കണക്കിന് തീർഥാടകർ പ്രതീക്ഷയോടെ, വിശ്വാസപൂർവം ഒത്തുചേരുന്ന മഹാസംഗമമാണ്.

പുതുപ്പള്ളി പുണ്യവാളൻ — വിശുദ്ധ ഗീവറുഗീസ് സഹദാ ദേശക്കാരുടെ മുഴുവൻ കാവൽ നാഥനാണ്. അനുഗ്രഹവർഷത്തിന്റെയും ആത്മീയ ഉണർവിന്റെയും, ഉദ്ദിഷ്ടകാര്യസിദ്ധിയുടെയും അനവദ്യ സുന്ദരമായ അനുഭവകഥകൾ പുതുപ്പള്ളി പള്ളിയിലെത്തുന്ന ഓരോ ഭക്തന്റെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടു തന്നെ വർണ്ണവർഗവ്യത്യാസങ്ങൾക്ക് അതീതമായി എല്ലാ വിഭാഗം ജനങ്ങളും അവരുടെ ഹൃദയഭാരങ്ങൾ ഇറക്കി വയ്ക്കുവാൻ ഇൗ പുണ്യഭൂമിയിൽ അഭയം തേടുന്നു. ആധിവ്യാധികൾ അകറ്റുന്ന പുണ്യവാന്റെ തിരുനടയിൽ സകലവിധ ജീവിതക്ലേശങ്ങളും സമർപ്പിച്ച് മദ്ധ്യസ്ഥത യാചിക്കുന്നു. “പുതുപ്പള്ളി പുണ്യാളച്ചാ! ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ” എന്ന് പ്രാർഥിക്കുന്നു. സർവലോക രക്ഷകന്റെ കൃപാവരങ്ങൾ ഏറ്റുവാങ്ങി അനുഗ്രഹം പ്രാപിക്കുന്നു.

പുതുപ്പള്ളി പെരുന്നാൾ — കേവലമായ ആഘോഷമോ ആചാരനുഷ്ഠാനങ്ങളുടെ ആവർത്തനമോ അല്ല. പുതിയ പരിതസ്ഥിതികൾക്കും മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങൾക്കും അനുകൂലമായ രീതിയിൽ പരമ്പരാഗതമായ ജീവിതമൂല്യങ്ങൾ അനുസ്മരിക്കുവാനുള്ള അവസരമാണ്. അനുസ്മരണങ്ങൾ നവനവങ്ങളായ അനുഭവസാക്ഷ്യങ്ങൾക്ക് പ്രേരണയായി ഭവിക്കുന്നു. നവീകരണം, പങ്കുവെയ്ക്കൽ, പ്രത്യാശ എന്നീ ഘടകങ്ങൾ പെരുന്നാൾ ആഘോഷങ്ങളുടെ അന്തർധാരകളാണ്. വ്യക്തികളുടെ ആഭ്യന്തരവും ബാഹ്യവുമായ ജീവിതത്തിൽ, ആഴത്തിൽ പതിയുന്ന ആശയധാരകളെയാണ് ഇവിടെ വിവക്ഷിക്കുന്നത്.

പെരുന്നാളിനോടനുബന്ധിച്ച്, ദേവാലയവും അതിന്റെ പരിസരങ്ങളും നവീകരിക്കുക പതിവാണ്. ഇതിനു തുല്യമായ നവീകരണം ഓരോ ഭവനങ്ങളിലും, കുടുംബാംഗങ്ങളിലും സംഭവിക്കണം. പുതിയതായി ജനിക്കുക എന്ന അനുഭവമാണ് നവീകരണത്തിലൂടെ സാധിക്കുന്നത്. നാളിതുവരെ പിന്തുടർന്നു വന്ന വിശ്വാസങ്ങളിലും, ജീവിതശൈലികളിലും ഏതെങ്കിലും തരത്തിൽ മങ്ങൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ പരിഹരിക്കാനുള്ള സന്ദർഭം വിശുദ്ധന്മാരുടെ സ്മരണയിലൂടെ പെരുന്നാൾ ഒരുക്കിത്തരുന്നു. ഭൗതികവും ആത്മീയവുമായ ഒരു വീണ്ടെടുപ്പ് ഉണ്ടാകുവാൻ പെരുന്നാൾ സഹായിക്കുന്നു.

ക്രൈസ്തവസഭയുടെ ആദിമഘട്ടം മുതൽ നിലനിൽക്കുന്ന ജീവിതമൂല്യമാണ് പങ്കുവെയ്ക്കൽ. ആഹാരപദാർഥങ്ങൾ മുതൽ ആത്മീയാനുഭവങ്ങൾവരെ സകലതും പങ്കുവച്ച് അനുഭവിക്കുവാൻ സഭ പഠിപ്പിക്കുന്നു. പുതുപ്പള്ളി പെരുന്നാളിന്റെ വെച്ചൂട്ടും, നേർച്ച വിളമ്പും പങ്കുവയ്ക്കൽ എന്ന വിശിഷ്ടാനുഭവത്തിന്റെ പ്രതിരൂപവും, പ്രകടനവുമാണ്. ദൈവീക സാന്നിധ്യത്തിലെ ഇൗ പങ്കുവയ്ക്കൽ അനേകായിരങ്ങളെ ഭൗതികലോകത്തിനപ്പുറത്തേയ്ക്ക് — ഭക്തിയുടെ നിറവിലേക്ക് നയിക്കുന്നു.

പെരുന്നാളുകൾ പകർന്നു നൽകുന്ന പ്രത്യാശ ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്നതാണ്. ഭൗതികജീവിതത്തിന്റെ ഉയർച്ചയ്ക്ക് ആവശ്യമായ സാധനസാമഗ്രികൾ മുതൽ ആത്മീയാനുഭവത്തിന്റെ അവാച്യമായ അനുഭൂതി വരെ നേടുവാനാണ് ഭക്തജനങ്ങൾ പള്ളിയിൽ എത്തുന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ ആവശ്യങ്ങളും, ആവലാതികളും ഉണ്ടാകും. അവയെല്ലാം ദൈവസന്നിധിയിൽ നിന്നുനേടാമെന്ന പ്രത്യാശ പെരുന്നാളുകളിൽ പങ്കെടുക്കുന്ന ഓരോ വിശ്വാസിക്കുമുണ്ട്.

കർത്താവിനുവേണ്ടി ജീവിച്ച്, കർത്താവിനു വേണ്ടി സ്ഥാനമാനങ്ങൾ ത്യജിച്ച് ജീവാർപ്പണം ചെയ്ത വിശുദ്ധ ഗീവറുഗീസ് സഹദായുടെ പുണ്യസ്മരണ, ഏതു ജീവിതാവസ്ഥയിലും നമുക്കു ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കാമെന്നും, സത്യധർമ്മ നീതി സുകൃതം നിലനിർത്താമെന്നും പഠിപ്പിക്കുന്നു. സകലരംഗങ്ങളിലും തിന്മയുടെ അതിപ്രസരം നടമാടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സദഹാ ജീവിച്ചിരുന്ന കാലഘട്ടത്തിൽ മനുഷ്യനും, ജീവജാലങ്ങൾക്കും ഭീഷണിയായി കഴിഞ്ഞിരുന്ന സാത്താന്യശക്തിയായ വ്യാളി ഭിന്നരൂപത്തിലും ഭാവത്തിലും സമൂഹത്തിൽ താണ്ഡവമാടുന്നു. അതിനെതിരെ പ്രതികരിക്കുവാൻ, തിന്മയുടെ പോരാളിയായ വിശുദ്ധ ഗീവറുഗീസ് സഹദായുടെ പാത പിൻതുടരുവാനുള്ള ബാധ്യത നമുക്ക് ഓരോരുത്തർക്കുമുണ്ട്.

വിശുദ്ധ ഗീവറുഗീസ് സഹദായുടെ അചഞ്ചലമായ വിശ്വാസവും ക്രിസ്തുനാഥനിലുള്ള അർപ്പണമനോഭാവവും, നമ്മുടെ ജീവിതത്തിലൂടെ പ്രായോഗികമാക്കുവാൻ, നമ്മെ തന്നെ ശോധന ചെയ്തു പുതുക്കുവാൻ, നന്മയുടെ നിർമ്മല നീരുറവകൾ മറ്റുള്ളവർക്കു പകർന്നുകൊടുക്കുവാൻ വിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടുമ്പോൾ ശ്രമിക്കണം. വ്രതശുദ്ധിയുടെ ദിനങ്ങളായിരിക്കണം പെരുന്നാൾ. വിശുദ്ധന്റെ സാന്നിധ്യം നമ്മുടെ മനസ്സുകളെ, ഭവനങ്ങളെ ധന്യമാക്കുവാൻ നമുക്കു പ്രാർഥിക്കാം.