അരവണയ്ക്കുള്ള ശർക്കര മഹാരാഷ്ട്രയിൽ നിന്ന്


സന്നിധാനത്തും പമ്പയിലും മാത്രമല്ല ശരണവഴിയിൽ എല്ലാം ഒരുക്കങ്ങളാണ്. തീർഥാടനത്തിനായി ഇന്ന് വൈകിട്ട് നട തുറക്കുംമുൻപ് എല്ലാം സജ്ജമാക്കണം. അതിനുള്ള തിരക്കാണ് എല്ലായിടത്തും.

പമ്പാ മണൽപ്പുറത്തെ നടപ്പന്തലിൽ നിരനിരയായി കിടക്കുന്ന ലോറികൾ. അരവണ നിർമാണത്തിനുള്ള ശർക്കരയുമായി മഹാരാഷ്ട്രയിൽ നിന്നു വന്ന ലോറികളാണിവ. ശർക്കരയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയാണ് സന്നിധാനത്തേക്ക് കയറ്റി അയയ്ക്കുന്നത്.

അതിനാൽ, ലോറികൾ രണ്ടും മൂന്നും ദിവസം ഇവിടെ കിടക്കേണ്ടിവരുന്നു. പമ്പയിൽ ശർക്കര ഗോഡൗൺ പൂർത്തിയാകാത്തതിനാൽ ഇവ സൂക്ഷിക്കാൻ സന്നിധാനത്തിൽ മാത്രമെ സകര്യമുള്ളു. ട്രാക്ടറിൽ പ്രധാനമായും ശർക്കരയാണ് കൊണ്ടുപോകുന്നത്. സ്പെഷൽ ഡ്യൂട്ടിക്കുള്ള ദേവസ്വം ജീവനക്കാരിൽ നല്ലൊരു ഭാഗവും ഇന്നലെയാണ് മലകയറിയത്. പൊലീസും എത്തിയിട്ടുണ്ട്.

സാധനങ്ങൾ കയറ്റി പമ്പയിൽ നിന്ന് ഇടമുറിയാതെ ഓടുന്ന ട്രാക്ടറുകൾ, തോളിൽ ബാഗുകളും സഞ്ചികളുമായി മലകയറുന്ന ജീവനക്കാർ, സുരക്ഷയ്ക്കും തിരക്കു നിയന്ത്രണത്തിനുമായി പോകുന്ന പൊലീസുകാർ, അവരുടെ ബാഗുകളും മറ്റ് ലഗേജുകളും ചുമക്കുന്ന ചുമട് അയ്യപ്പന്മാർ, സന്നിധാനത്തും പമ്പയിലും നീലിമലയിലും സ്വാമി അയ്യപ്പൻ റോഡിലും കടകൾ ഒരുക്കുന്നവർ, അവിടേക്ക് സാധാനങ്ങൾ ചുമന്നും ട്രാക്ടറിലും എത്തിക്കുന്നവർ...പമ്പയും സന്നിധാനവും തിരക്കിലേക്ക് ഉണരുകയാണ്.

© Copyright 2015 Manoramaonline. All rights reserved.