പ്ലാപ്പള്ളി – പമ്പ റൂട്ടിലെ വള്ളിപ്പടർപ്പുകൾ മുറിച്ചുമാറ്റി


പ്ലാപ്പള്ളി – പമ്പ റൂട്ടിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്കു ഭീഷണിയായി റോഡിലേക്കു വളർന്നു നിൽക്കുന്ന വള്ളി പടർപ്പുകൾ കെഎസ്ആർടിസി– വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി മുറിച്ചു മാറ്റി. സീസണിൽ തീർഥാടകരുടെ സുഗമമായ യാത്രയ്ക്കു മുൻകൈ എടുത്തത് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ.

കഴിഞ്ഞ സീസണു ശേഷം ഒട്ടേറെ സ്ഥലങ്ങളിലായി റോഡിലേക്കു വളർന്നു നിൽക്കുന്ന വള്ളിപ്പടർപ്പുകൾ വാഹനങ്ങൾക്കു കനത്ത ഭീഷണിയായിരുന്നു. കനമുള്ള വള്ളികളിൽ തട്ടി വാഹനങ്ങളുടെ ഗ്ലാസുകൾവരെ പൊട്ടി അപകടങ്ങൾ ഉണ്ടായിരുന്നു. മാസപൂജ സമയത്ത് എത്തിയിരുന്ന അന്യ സംസ്ഥാനക്കാരുടെയും കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങളുടെയും ഗ്ലാസുകൾ തകർന്നിരുന്നു. ഇതിനു പരിഹാരമായി കെഎസ്ആർടിസിയും വനംവകുപ്പും കൂടി നടത്തിയ ചർച്ചയിൽ വള്ളികൾ വാഹനത്തിന്റെ മുകളിൽ നിന്നു മുറിക്കാൻ പമ്പാ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് വിട്ടു നൽകുകയായിരുന്നു.

കെഎസ്ആർടിസി പമ്പാ സ്പെഷൽ ഓഫിസർ ജി. ശരത്ത് കുമാറിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാരും പ്ലാപ്പള്ളി ഡപ്യൂട്ടി റേഞ്ചർ വി. അയജകുമാറിന്റെ നേതൃത്വത്തിൽ വനപാലകരും അടങ്ങിയ സംഘം രാവിലെ ആരംഭിച്ച ശ്രമദാനം സന്ധ്യയോടെയാണു പൂർത്തിയായത്.

തീർഥാടന പാതയിൽ ളാഹ മുതൽ പമ്പ വരെയുള്ള ഭാഗത്തെ അപകട ഭീഷണി ഉയർത്തുന്ന വൃക്ഷങ്ങൾ കഴിഞ്ഞ ദിവസം പ്ലാപ്പള്ളി, കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റിയിരുന്നു.

© Copyright 2015 Manoramaonline. All rights reserved.