ശരണവീഥികൾ കൺമുന്നിൽ തെളിയും; കല്ലും മുള്ളും താണ്ടാൻ ഡിജിറ്റൽ മാപ്പ്


കോട്ടയം: ശരണവീഥികളാകെ കൈവെള്ളയിലെ രേഖകള്‍ പോലെ അടയാളപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ ശബരിമല ഡിജിറ്റല്‍ റൂട്ട് മാപ്പ്. വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിക്കു വേണ്ടി തിരുവനന്തപുരം സി–ഡാക്കാണ് തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി ഒരുക്കിയിരിക്കുന്നത്.

വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി മാപ്പ് തുറന്നാല്‍ ശരണവീഥികളിലെ ഓരോ പ്രധാന കേന്ദ്രങ്ങളും നിങ്ങള്‍ക്കു മുമ്പില്‍ ചിത്രത്തിലെന്ന പോലെ തെളിയും. ഓരോ സ്ഥലത്തുനിന്നും പമ്പയിലേക്കുള്ള ദൂരവും മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള വഴിയിലെ പ്രധാനകേന്ദ്രങ്ങളും വിശ്രമസങ്കേതങ്ങളും ആശുപത്രികളും കാര്‍ഡിയോളജി സെന്ററും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നതും ഭക്തര്‍ക്ക് ഏറെ ഗുണകരമാകും. മാളികപ്പുറം ക്ഷേത്രം വരെയാണ് മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ www.keralamvd.gov.in വെബ്‌സൈറ്റില്‍ തീര്‍ഥാടകര്‍ക്ക് മാപ്പ് പരിശോധിച്ച് സ്ഥലങ്ങള്‍ കണ്ടെത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ശബരിമല മേഖലയിലെയും പരിസരപ്രദേശങ്ങളിലേയും 400 കിലോമീറ്റര്‍ റോഡുകളാണ് ഡിജിറ്റല്‍ മാപ്പില്‍ കവര്‍ ചെയ്തിരിക്കുന്നത്. മേഖലയിലെ പൊലീസ് സ്‌റ്റേഷനുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, എ.ടി.എമ്മുകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ തുടങ്ങി 1200 പ്രധാന കേന്ദ്രങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാന റോഡുകളും അപകടകരമായ വളവുകളും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്ന് എത്തുന്നവര്‍ക്കും കന്നി അയ്യപ്പന്മാര്‍ക്കും ആരുടേയും സഹായം കൂടാതെ സുഖകരമായി തീര്‍ഥാടനം നടത്താന്‍ കഴിയുമെന്നതാണ് ഡിജിറ്റല്‍ മാപ്പിന്റെ ഏറ്റവും വലിയ സവിശേഷത.

ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മാപ്പിങ് നെറ്റ് വര്‍ക്കുകളില്‍ ശബരിമല വ്യക്തമായി കവര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് സി–ഡാക്ക് ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിങ് സംവിധാനത്തിലൂടെ റൂട്ട് മാപ്പ് തയാറാക്കിയത്. മറ്റു കമ്പനികള്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ മാപ്പിങ് നടത്തുമ്പോള്‍ സി–ഡാക്ക് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നേരിട്ടു വാഹനങ്ങളില്‍ നിരവധി തവണ സഞ്ചരിച്ചാണ് പ്രധാന കേന്ദ്രങ്ങള്‍ മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി ജിപിഎസ് അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റത്തിനൊപ്പമാണ് സി–ഡാക്ക് ശബരിമല റൂട്ട് മാപ്പ് വികസിപ്പിച്ചിരിക്കുന്നത്. 16000 വാഹനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. സേഫ് സോണ്‍ പദ്ധതിക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ 22 പൈലറ്റ് വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ ട്രാക്കിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഭാഗത്ത് ആപകടമുണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ഏറ്റവും അടുത്തുള്ള പൈലറ്റ് വാഹനങ്ങള്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തനത്തിനു നിര്‍ദേശം നല്‍കാന്‍ കഴിയും. അപകടരഹിതമായ തീര്‍ഥാടനം ഉറപ്പാക്കുകയാണ് വാഹന വകുപ്പിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആർ.രാജീവ്

© Copyright 2015 Manoramaonline. All rights reserved.