കുട്ടൻ ആചാരി വീണ്ടും വരും; പുതിയ അലങ്കാരങ്ങളും അയ്യപ്പനെയും കാണാൻ

ശബരിമല ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ പിത്തള പൊതിയുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടൻ ആചാരി.

മാലയിട്ട്, കറുപ്പുടുത്ത് അയ്യനെ കാണാൻ കുട്ടൻ ആചാരി വരുന്നുണ്ട്; സന്നിധാനത്തിന്റെ പുതിയ അലങ്കാരങ്ങൾ കറുപ്പുടുത്ത് അനുഭവിച്ചറിയണം എന്നാണ് ഈ അലങ്കാരങ്ങളെല്ലാം ചാർത്തിയ കുട്ടന്റെ ആഗ്രഹം. സന്നിധാനത്തു നാലമ്പലത്തിൽ അയ്യപ്പചരിതവും പുലിപ്പുറത്തേറിയ അയ്യപ്പനെയും പിത്തളയിൽ കൊത്തിയെടുത്തത് കുട്ടൻ ആചാരിയാണ്. മാളികപ്പുറത്ത് ശ്രീകോവിൽ പിത്തള പൊതിഞ്ഞ പണികൾക്കും ചുക്കാൻ‌ പിടിച്ചത് ഇതേ കുട്ടൻ‌ ആചാരി തന്നെ.

മാളികപ്പുറത്തെ സോപാനം പിത്തള പൊതിയുന്നതാണു തൃശൂർ കൊണ്ടയൂർ സാന്ദ്രദീപത്തിൽ ശങ്കരനാരായണൻ എന്ന കുട്ടൻ ആചാരി ശബരിമലയിൽ ആദ്യം ഏറ്റെടുത്ത ജോലി. തുലാഭാരത്തട്ടിന്റെ പണി ഏൽപ്പിച്ചുകൊണ്ടാണ് അയ്യപ്പൻ അതിനുള്ള കൂലി നൽകിയതെന്നു വിശ്വസിക്കുന്നു കുട്ടൻ. പതിനെട്ടാം പടിക്കു മുകളിലുള്ള ഗേറ്റിന്റെ പണിയും കുട്ടന്റെ ചുമതലയിലായിരുന്നു. തുടർന്നാണ് മാളികപ്പുറത്തെ ശ്രീകോവിൽ പിത്തള പൊതിയുന്ന പണി ചെയ്യുന്നത്.

ഈ പണി പൂർത്തിയാക്കി. ഇതു കണ്ടവർക്കാർക്കും അടുത്ത ജോലികൾ ആരെ എൽപ്പിക്കണമെന്നതിൽ തർക്കമില്ലായിരുന്നു. നാലമ്പലത്തിന്റെ ചുവരിൽ അയ്യപ്പചരിതത്തോടെ പിത്തള പൊതിയുന്ന ജോലികൾ കുട്ടനെ ഏൽപ്പിക്കണമെന്നത് സ്പോൺസർമാർക്കു നിർബന്ധമായിരുന്നു. ജോലിയുടെ മികവ് എന്ന് ആരെങ്കിലും അംഗീകരിച്ചാൽ, അയ്യപ്പന്റെ കടാക്ഷം എന്നു മാത്രമെ കുട്ടനു മറുപടിയുള്ളു. നാലമ്പലത്തിന്റെ ബാക്കി ചുവരുകളിൽ കൂടി പിത്തള പൊതിയണമെന്ന് സ്പോൺസർമാർ താത്പര്യം പ്രകടിപ്പിച്ചതു മാത്രം മതി ആചാരിയുടെ പണികൾക്കുള്ള സാക്ഷ്യപത്രമായി.

‌ശബരിമല പോലൊരു പുണ്യ സ്ഥലത്തിരുന്ന് ഇത്രയും വലിയ ജോലികൾ നിർവഹിക്കാൻ പറ്റിയത് അപൂർവം ജന്മങ്ങൾക്കു മാത്രമുള്ള ഭാഗ്യമെന്നാണു കുട്ടന്റെ പക്ഷം. തനിക്ക് അങ്ങനൊരു സൗഭാഗ്യം തന്നത് അയ്യപ്പന്റെ ഔദാര്യമെന്നും പറയുന്നു കുട്ടൻ. കെടാവിളക്കിന്റെ നിർമാണത്തിന് അവസരം കിട്ടിയതും ഭാഗ്യങ്ങളിലൊന്നാണ്. അയ്യപ്പനും കൃഷ്ണനും തന്റെ തുലാഭാരത്തട്ടിൽ ഒരേ തൂക്കത്തിലാണെന്നാണു കുട്ടനു പറയാനുള്ളത്. ഏൽപ്പിച്ച ജോലികളെല്ലാം പൂർത്തിയാക്കി ഇന്നലെ കുട്ടൻ മലയിറങ്ങി. ഇനി വ്രതം പൂർത്തിയാക്കി മണ്ഡലകാലത്തു തന്നെ മല കയറും.

© Copyright 2015 Manoramaonline. All rights reserved.