ഭക്തജന സേവകനായി മുൻ മാളികപ്പുറം മേൽശാന്തി സന്നിധാനത്ത്


മാളികപ്പുറത്തമ്മയുടെ മേൽശാന്തി സ്ഥാനത്തു നിന്നും എം. എൻ. കൃഷ്ണൻ നമ്പൂതിരി (55) അയ്യപ്പ സന്നിധിയിലെ ഭക്തജന സേവകനായി മാറി. സന്നിധാനത്തിൽ സോപാനം അസിസ്റ്റന്റ് സ്പെഷൽ ഓഫിസറായി ഭക്തജനങ്ങൾക്കു ദർശന സൗകര്യം ഒരുക്കുന്ന തിരക്കിലാണു മുൻ പുറപ്പെടാ മേൽശാന്തി.ആദ്യമായാണ് ഒരു മുൻ മേൽശാന്തി ശബരിമലയിൽ ഇതേരീതിയിലുള്ള സേവനത്തിനെത്തുന്നത്. 2007–08 വർഷത്തെ മാളികപ്പുറം മേൽശാന്തിയായിരുന്നു എം. എൻ. കൃഷ്ണൻ നമ്പൂതിരി. ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കെയാണു മാളികപ്പുറത്തമ്മയുടെ ഉപാസകനാകാൻ ഭാഗ്യം കിട്ടിയത്.

ഒരുവർഷം സന്നിധാനത്തിൽ താമസിച്ചു പൂജാദി കർമങ്ങൾ നടത്തി. ദേവീ സ്തുതികളുടെ അകംപൊരുളിൽ മനസ്സ് നിറച്ചു പരാശക്തിയെ പൂജിച്ചു.സന്നിധാനത്തിൽ കഴിയുമ്പോൾ പൂജകളില്ലാത്ത എല്ലാദിവസവും ഹരിഹരാത്മജന്റെ തിരുനടയിൽ പ്രാർഥിച്ച് ഭജനമിരുന്നു. അങ്ങനെ അയ്യപ്പസ്വാമിയിലും മാളികപ്പുറത്തമ്മയിലും ഒരുപോലെ മനസ്സ് നിറച്ചാണു മലയിറങ്ങിയത്.ദേവസ്വത്തിലെ ശാന്തിക്കാരുടെ സ്ഥാനത്തുനിന്നും സബ് ഗ്രൂപ്പ് ഓഫിസറായി സ്ഥാനക്കയറ്റം കിട്ടി. ഇപ്പോൾ ഏറ്റുമാനൂർ ഗ്രൂപ്പിലെ കൈപ്പുഴ സബ് ഗ്രൂപ്പ് ഓഫിസറാണ്.

ഇത്തവണ ദേവസ്വം ജീവനക്കാരെ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ ഭക്തജന സേവത്തിനായി താനും സന്നിധാനത്തിൽ ഉണ്ടാകണമെന്ന് എം. എൻ. കൃഷ്ണൻ നമ്പൂതിരി ആഗ്രഹിച്ചു. ഡ്യൂട്ടി ലഭിച്ചുവന്നപ്പോൾ സോപാനത്തിൽ. അതും അസിസ്റ്റന്റ് സ്പെഷൽ ഓഫിസറായി. ഭക്തർക്ക് ദർശന സൗകര്യം ഒരുക്കി എപ്പോഴും സോപാനത്തിൽ ഉണ്ട്. മേൽശാന്തിയായിരിക്കെ ശരിക്കു ദർശനം കിട്ടാൻ കഴിയാത്ത കഥകൾ ധാരാളം ഭക്തർ പറഞ്ഞിട്ടുണ്ട്. അതിനാൽ ഇപ്പോൾ മനസിൽ ഒറ്റ ചിന്തയേയുള്ളു. കഷ്ടതകൾ സഹിച്ചെത്തുന്ന തീർഥാടകർക്ക് പരമാവധി ദർശന അവസരം ഒരുക്കാൻ കഴിയണമേയെന്ന്.

© Copyright 2015 Manoramaonline. All rights reserved.