പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്

പമ്പാനദിയിൽ അയ്യപ്പന്മാർ ഉപേക്ഷിച്ച വസ്ത്രങ്ങൾ നദിക്കരയിൽ വാരിയിട്ടിരിക്കുന്നു.

കർശന നിരീക്ഷണവും ബോധവത്കരണവും ഉണ്ടായിട്ടും അയ്യപ്പന്മാർ പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന പതിവു തുടരുന്നു. ദർശനം കഴിഞ്ഞ് മടങ്ങുന്നവർ കുളിക്കാൻ ഇറങ്ങുമ്പോൾ നദിയിലേക്ക് വസ്ത്രങ്ങൾ വലിച്ചെറിയുമായിരുന്നു. അതു കുറഞ്ഞിട്ടുണ്ട്. എന്നാൽ, ആരും കാണാതെ നദിയിൽ വസ്ത്രം ഉപേക്ഷിക്കുന്ന പുതിയ മാർഗം പലരും കണ്ടുപിടിച്ചു.

കുളിക്കാൻ മുങ്ങുന്ന കൂട്ടത്തിൽ ഉടുത്തിരുന്ന കൈലിയും കൂടി വെള്ളത്തിൽ ഒഴുക്കിയാണ് കരയ്ക്കു കയറുന്നത്. ചിലർ അടിവസ്ത്രങ്ങൾ വരെ നദിയിൽ ഉപേക്ഷിക്കുന്നുണ്ട്. മിക്കപ്പോഴും കുളിക്കടവിൽ നല്ലതിരക്കുള്ളതിനാൽ വസ്ത്രം ഉപേക്ഷിക്കുന്നവരെ കണ്ടെത്തുന്നതും പ്രയാസമാണ്. നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ സംഭരിക്കുന്നതിനുള്ള അവകാശം കഴിഞ്ഞ വർഷം വരെ ദേവസ്വം ബോർഡ് ലേലത്തിൽ കൊടുത്തിരുന്നു. ഇത്തവണ ആർക്കും ലേലം കൊടുത്തിട്ടില്ല.

പമ്പാനദിയിൽ ഇപ്പോൾ ശക്തമായ ഒഴുക്കും ജലനിരപ്പുമുണ്ട്. ഒഴുക്ക് കുറഞ്ഞാൽ ആറാട്ട് കടവിലെ തടയണ പൂട്ടും. പിന്നെ നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ അടിഞ്ഞുകൂടും. വെള്ളം വേഗം മലിനമാകുന്നതിന് ഇത് ഇടയാക്കും. ഇതിനു പരിഹാരമായി പമ്പാനദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ജോലിക്കാരെ നിർത്തി ദേവസ്വം ബോർഡ് വാരിക്കുന്നുണ്ട്.

വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തടയാൻ ജില്ലാ ഭരണകൂടവും സജീവമായി രംഗത്തുണ്ട്. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഗ്രീൻഗാർഡുകളും രംഗത്തുണ്ട്.

© Copyright 2015 Manoramaonline. All rights reserved.