മാലയിടുമ്പോള്‍ ചൊല്ലേണ്ട മന്ത്രം


വ്രതശുദ്ധിയുടെ മനസുമായി എത്തുന്ന സ്വാമിഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണു ശബരിമലയില്‍. മണികണ്ഠനാണ് അയ്യപ്പന്‍. വ്രതാനുഷ്ഠാനത്തിനായി മാലയിട്ടാല്‍ പിന്നെ ഭഗവാനും ഭക്തനും ഒന്നാണ്. അതിനാല്‍ വ്രതശുദ്ധിയാണ് പ്രധാനം. കന്നിക്കാര്‍ക്ക് 51 ദിവസത്തെയും മറ്റുളളവര്‍ക്ക് 41 ദിവസത്തെയും വ്രതമാണു വേണ്ടത്.

ദര്‍ശനത്തിനായി മകരവിളക്കിനു പോകുന്നവര്‍ സൂര്യദേവന്‍ മോക്ഷപദത്തിലേക്കു നീങ്ങുന്ന വൃശ്ചികം ഒന്നിനു വേണം മാലയിടാന്‍. മണ്ഡല കാലത്തു പോകുന്നവര്‍ നേരത്തെയും. വ്രതാനുഷ്ഠാനം കൃത്യമായി പാലിക്കാവുന്ന എല്ലാ പുരുഷന്മാര്‍ക്കും ദര്‍ശനമാകാം. എന്നാല്‍ 10നും 50നും മധ്യേ പ്രായമുളള മാളികപ്പുറങ്ങള്‍ക്ക് ദര്‍ശനം അനുവദനീയമല്ല. കാരണം വ്രതാനുഷ്ഠാനം തന്നെ.

മുദ്രധരിക്കല്‍
വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തില്‍ അയ്യപ്പമുദ്ര (മാല) ധരിക്കണം. ക്ഷേത്രങ്ങളിലോ ഗുരുസ്വാമിയോ പൂജിച്ചു വേണം മാല ധരിക്കാന്‍. ശനിയാഴ്ചയോ ഉത്രം നക്ഷത്രമോ ആണ് മാല ധരിക്കാന്‍ ഉത്തമം. അയ്യപ്പന്റെ ജന്മനാളായതിനാലാണ് ഉത്രത്തിനു പ്രാധാന്യം. മാല തുളസിയോ രുദ്രാക്ഷമോ ആകാം. വ്രതം തുടങ്ങിയാല്‍ രണ്ടു നേരവും കുളിക്കണം. കടുത്ത ബ്രഹ്മചര്യനിഷ്ഠയും പാലിക്കണം.

മാലയിടുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:-
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം.
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാം പാതു സദാപിമേം
ഗുരുദക്ഷിണയാ പൂര്‍വ്വം
തസ്യാനുഗ്രഹ കാരണേ
ശരണാഗത മുദ്രാഖ്യം
തന്മുദ്രം ധാരയാമ്യഹം.
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ

വതം മുറിഞ്ഞാല്‍
വ്രതാനുഷ്ഠാനമില്ലാതെ മലചവിട്ടരുത്. വ്രതം മുടങ്ങിയാല്‍ ദര്‍ശനം പാടില്ല. വീണ്ടും 41 ദിവസം വ്രതം നോക്കി മാത്രം ദര്‍ശനത്തിനു പോകുക. അശുദ്ധി ഉണ്ടായാല്‍ തെറ്റുകള്‍ക്കു പശ്ചാത്തപിച്ച് പഞ്ചഗവ്യത്താല്‍ ശുദ്ധി വരുത്തി 101 ശരണംവിളിച്ച് വ്രതഭംഗം വന്നതില്‍ സ്വാമികോപം ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കണം.

ഗുരുദക്ഷിണ
ഏറ്റവും കൂടുതല്‍ തവണ മലചവിട്ടിയ ആളിനെ ഗുരുസ്വാമിയാക്കാം. സ്വയം കെട്ടുമുറുക്കരുത്. ഗുരുസ്വാമി വേണം. എട്ടു തവണ ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കാം.
. മാലയിടുമ്പോള്‍
. കറുപ്പുകച്ച കെട്ടി ഇരുമുടി താങ്ങുംമുമ്പ്
. എരുമേലി പേട്ടതുളളല്‍ തുടങ്ങും മുമ്പ്
. കാനനയാത്ര തുടങ്ങുമ്പോള്‍
. അഴുതാനദിയില്‍ കല്ല് മുങ്ങിയെടുത്ത് ഗുരുസ്വാമി പൂജിച്ചു നല്‍കുമ്പോള്‍.
. പമ്പാസ്നാനവും പിതൃതര്‍പ്പണവും നടത്തി മല കയറാന്‍ കെട്ടു താങ്ങുമ്പോള്‍.
. ദര്‍ശനം കഴിഞ്ഞ് പതിനെട്ടാംപടിയിറങ്ങി കെട്ട് എടുക്കുമ്പോള്‍.
. മടങ്ങി എത്തി മാലയൂരുമ്പോള്‍.
. വെറ്റില, പാക്ക്, യഥാശക്തി പണം എന്നിവ ദക്ഷിണയ്ക്കു വേണം.

അഭിഷേക വസ്തുക്കള്‍
നെയ്യഭിഷേകത്തിന്:- ഇരുമുടികെട്ടില്‍ കൊണ്ടു വരുന്ന നെയ്ത്തേങ്ങ പൊട്ടിച്ച് എടുക്കുന്ന നെയ്യ്.
അഷ്ടാഭിഷേകത്തിന്:- വിഭൂതി, പാല്‍, തേന്‍, പഞ്ചാമൃതം, കരിക്കിന്‍ വെള്ളം, ചന്ദനം, പനിനീര്, ജലം എന്നിവ വേണം. കളകാഭിഷേകത്തിന്:- അരച്ചെടുക്കുന്ന ചന്ദനം, പനിനീര്
പുഷ്പാഭിഷേകത്തിന്:- താമര, ജമന്തി, അരളി, തുളസി, മുല്ല എന്നീ പുഷ്പങ്ങളും കൂവളത്തിലയും.

വെടി വഴിപാട്
വലിയ നടപ്പന്തലിന്റെ തുടക്കഭാഗത്തിനോട് ചേര്‍ന്നു വലതുവശത്താണ് വെടിവഴിപാട് കൌണ്ടര്‍. മാളികപ്പുറം ക്ഷേത്രത്തില്‍ ഗോപുരത്തിനു സമീപവും ശബരിപീഠം, കരിമല എന്നിവിടങ്ങളില്‍ മണ്ഡപത്തിനു സമീപത്തും വെടിവഴിപാട് കൌണ്ടറുകള്‍ ഉണ്ട്.

അന്നദാനം
സന്നിധാനത്തില്‍ പ്രധാനമായും അഞ്ച് സ്ഥലങ്ങളിലാണ് അന്നദാനം ഉളളത്. മാളികപ്പുറത്തിനു സമീപം ദേവസ്വം അന്നദാനമണ്ഡപം ഉണ്ട്. ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍ എന്നിവ അടങ്ങിയ അന്നദാനം ലഭിക്കും. ദിവസം 5000 പേര്‍ക്കാണ് അന്നദാന വിതരണം. അയ്യപ്പസേവാസംഘത്തില്‍ മൂന്നു നേരവും അന്നദാനം ഉണ്ട്. ഉപ്പുമാവ്, ചോറ്, കഞ്ഞി എന്നിവ ഇവിടെ നിന്നും ലഭിക്കും. ശ്രീഭൂതനാഥ ട്രസ്റ്റ് ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. 10 മണിക്കു തുടങ്ങുന്ന കഞ്ഞി വിതരണം അത്താഴപൂജ വരെ തുടരും. പരോപകാര്‍, അക്ഷയ എന്നീ ട്രസ്റ്റുകള്‍ക്കും സന്നിധാനത്തില്‍ അന്നദാനത്തിനു അനുമതി ലഭിച്ചിട്ടുണ്ട്.പമ്പയില്‍ ദേവസ്വം, അയ്യപ്പസേവാസംഘം പമ്പ വിഘ്നേശ്വര സദ്യാലയ സമിതി എന്നിവയുടെ അന്നദാനം ഉണ്ട്.

മാല ഊരുമ്പോള്‍
ദര്‍ശനം കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തിയശേഷം വേണം മാല ഊരി വ്രതം അവസാനിപ്പിക്കാന്‍. അയ്യപ്പന്മാര്‍ തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ നിലവിളക്കു കൊളുത്തണം. ശരണം വിളിച്ചു വേണം കയറാന്‍. പൂജാമുറിയിലോ കെട്ടുമുറുക്കിയ പന്തലിലോ വേണം ഇരുമുടിവയ്ക്കാന്‍.
'അപൂര്‍വമചലാരോഹ
ദിവ്യ ദര്‍ശന കാരണ
ശാസ്ത്ര മുദ്രാത്വകാ ദേവ
ദേഹിമേ വ്രതമോചനം'
എന്ന മന്ത്രം ചൊല്ലിവേണം മാല ഊരാന്‍. അയ്യപ്പന്റെ ചിത്രത്തിലോ വിഗ്രഹത്തിലോ മാലചാര്‍ത്താം.

ടി.കെ.രാജപ്പന്‍

© Copyright 2015 Manoramaonline. All rights reserved.