വ്രതനിഷഠയോടെ ശബരിമല ദര്‍ശനം


ധര്‍മ്മശാസ്താ പ്രതിഷ്ഠയാണ് ശബരിമലയിലേത്. ധര്‍മ്മശാസ്താവില്‍ അയ്യപ്പന്‍ വിലയം പ്രാപിച്ചു എന്നാണു കഥ. സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദര്‍ശനം. അടുത്തിടെ നടന്ന ദേവപ്രശ്നത്തില്‍ ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്കും വ്രതം നിര്‍ബന്ധമാണെന്നു കണ്ടു. മാസപൂജക്കു വരുന്നവരും വ്രതം നോക്കണം. തീര്‍ത്ഥാടനത്തിനായി സൂര്യദേവന്‍ മോക്ഷപദത്തിലേക്കു പ്രയാണം തുടങ്ങുന്ന വൃശ്ചികം ഒന്നിനു വ്രതം തുടങ്ങണം. അരുണോദയത്തിനു മുമ്പു സ്നാനം. വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തില്‍ അയ്യപ്പമുദ്രയോടുകൂടിയ മാല ധരിക്കണം. നിത്യജീവിതത്തിലെ സുഖഭോഗങ്ങളെല്ലാം പരിത്യജിച്ച് പ്രകൃതിക്കനുസരിച്ച ദിനചര്യവേണം. ക്ഷൌരം പാടില്ല. ബ്രഹ്മചര്യം കര്‍ശനമാണ്. സസ്യാഹാരമേ പാടുള്ളു. മല്‍സ്യ മാംസാദികള്‍ വര്‍ജ്ജിക്കണം.

മാലയിട്ടാല്‍ എല്ലാവരും അയ്യപ്പന്മാരാണ്. സര്‍വചരാചരങ്ങളെയും സ്വാമിയായി കാണണം. ശ്രീകോവില്‍ പോലെ പരമ പവിത്രമാണ് പതിനെട്ടാംപടി. ഇരുമുടി കെട്ടുമായി വേണം പടി ചവിട്ടാന്‍. ഇരുമുടി കെട്ടില്‍ അഭിഷേകത്തിനുള്ള നെയ്ത്തേങ്ങ, വഴിപാട് സാധനങ്ങള്‍ എന്നിവ ഉണ്ടാകണം. ദര്‍ശനത്തിനും വേണം ചിട്ട. പതിനെട്ടാംപടി കയറി തിക്കും തിരക്കും കൂട്ടാതെ ദര്‍ശനം നടത്തണം. കന്നിമൂല ഗണപതി, നാഗരാജാവ്, എന്നിവിടങ്ങളില്‍ തൊഴുത് മാളികപ്പുറത്ത് ദര്‍ശനം നടത്താം. കൊച്ചുകടുത്ത, മണി മണ്ഡപം, നാഗര്, നവഗ്രഹങ്ങള്‍, മലദൈവങ്ങള്‍ എന്നിവക്കു ശേഷം മാളികപ്പുറത്തമ്മയെ തൊഴാം. ദര്‍ശനത്തിനു ശേഷം വഴിപാട്. നെയ്യഭിഷേകം പ്രധാന വഴിപാടാണ്. ഉച്ചപൂജ കഴിഞ്ഞാല്‍ നെയ്യഭിഷേകം ഇല്ല.

ഒരോ പൂജക്കും ഒാരോ നിവേദ്യങ്ങളാണ്. നിര്‍മ്മാല്യത്തിന് അഷ്ടാഭിഷേകമുണ്ട്. ത്രിമധുരമാണ് നിവേദിക്കുക. എല്ലാ ദിവസവും 25 കലശത്തോടെയാണ് ഉച്ചപൂജ. ഇടിച്ചു പിഴിഞ്ഞപായസം, അരവണ, വെള്ള എന്നിവയാണ് നിവേദ്യം. ദീപാരാധനക്ക് വെള്ളയും അത്താഴപൂജക്ക് അപ്പം, പാനകം, വെള്ള എന്നിവയും നിവേദ്യമായി ഉണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പത്തിനും അന്‍പതിനും മധ്യേ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താന്‍ പാടില്ലെന്നത് ആചാരമാണ്. ബ്രഹ്മചര്യ നിഷ്ഠയോടുകൂടിയ ശാസ്താ സങ്കല്പമായതിനാലാണിത്. പന്തളത്തു രാജ പ്രതിനിധിക്ക് പതിനെട്ടാംപടികയറാന്‍ ഇരുമുടി കെട്ടുവേണ്ട. മകരവിളക്കിനു ശേഷമുള്ള കളഭാഭിഷേകം തമ്പുരാന്റെ സാന്നിധ്യത്തിലാണ്. മകരവിളക്ക് പൂജകള്‍ക്കായി എത്തുന്ന തന്ത്രിയെ ആചാര പ്രകാരം പതിനെട്ടാംപടിക്ക് താഴെ മേല്‍ശാന്തി കാല്‍കഴുകി സ്വീകരിക്കും.

മണ്ഡലപൂജയും മകരവിളക്കുമാണ് പ്രധാനം. എല്ലാ വര്‍ഷവും ധനു മാസം 11നാണ് മണ്ഡലപൂജ വരിക. തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കുവെച്ച തങ്കി ചാര്‍ത്തി അന്ന് ഉച്ചക്കാണ് മണ്ഡല പൂജ. മകരസംക്രമ ദിവസമാണ് മകരവിളക്ക്. അന്ന് മകരസംക്രമ പൂജയും സന്ധ്യക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും ഉണ്ട്. പന്തളത്തു കൊട്ടാരത്തില്‍ നിന്നും ആഘോഷമായി കൊണ്ടു വരുന്ന തിരുവാഭരണമാണ് മകരസംക്രമ സന്ധ്യയില്‍ ദീപാരാധനക്കായി ചാര്‍ത്തുക. മകരവിളക്കു മുതല്‍ മൂന്നു ദിവസം മാളികപ്പുറത്ത് എഴുന്നള്ളത്തുണ്ട്. വിഷുക്കണി ദര്‍ശനം, നിറപുത്തരി, ചിത്തിര ആട്ടതിരുനാള്‍, പ്രതിഷ്ഠാദിനം , പൈങ്കുനി ഉത്രം എന്നിവയും വിശേഷങ്ങളാണ്. മീന മാസത്തിലെ പൈങ്കുനി ഉത്രമാണ് ഭഗവാന്റെ പിറന്നാള്‍. അന്ന് ആറാട്ട് വരത്തക്ക വിധത്തിലാണ് 10 ദിവസത്തെ ഉല്‍സവം.

ടി.കെ.രാജപ്പന്‍

© Copyright 2015 Manoramaonline. All rights reserved.