എല്ലാ വഴികളും അയ്യപ്പ സന്നിധിയിലേക്ക്...

സ്വാമിയേ..... അയ്യപ്പോ
അയ്യപ്പോ..... സ്വാമിയേ
എങ്ങും മുഴങ്ങുന്ന ശരണംവിളികള്‍. എല്ലാ വഴികളും അയ്യപ്പ സന്നിധിയിലേക്ക്. വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങിയ ശ്രീഭൂതനാഥന്റെ ദര്‍ശന പുണ്യം തേടി ഭക്തിയുടെ ഇരുമുടിക്കെട്ടുമായുള്ള യാത്ര. മരം കോച്ചുന്ന തണുപ്പിനേയും കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതകളേയും ശരണമന്ത്രങ്ങളാല്‍ ആത്മഹര്‍ഷമാക്കി മാറ്റിയുള്ള യാത്ര.

കാനന മധ്യത്തിലെ മാമലയാണ് ലക്ഷ്യം. കലിയുഗ വരദനായ അയ്യപ്പനാണ് അഭയ കേന്ദ്രം. സപ്ത വ്യസനങ്ങള്‍ വെടിഞ്ഞുള്ള കഠിന വ്രതത്തില്‍ മനസും ശരീരവും ശുദ്ധിചെയ്ത് ഭക്തിയുടെ നെയ്നിറച്ച ഇരുമുടിക്കെട്ടാണ് ശിരസില്‍. ദര്‍ശനപുണ്യം തേടിയുള്ള യാത്രയില്‍ ആദ്യസ്ഥാനം എരുമേലിയാണ്. വില്ലാളി വീരനായ ധര്‍മ്മ ശാസ്താവ് ചാപ ബാണങ്ങളോടെ നായാട്ടിന് ഒരുങ്ങിയ നിലയിലാണ് എരുമേലിയിലെ പ്രതിഷ്ഠ. സാക്ഷാല്‍ മഹിഷി നിഗ്രഹന്റെ രൂപം. എരുമയുടെ രൂപം പൂണ്ട് നാട്ടില്‍ നാശം വിതച്ച മഹിഷിയെ നിഗ്രഹിച്ച സ്ഥലം. എരുമകൊല്ലിയാണ് എരുമേലിയായി മാറിയതെന്നാണ് ഐതിഹ്യം.

പ്രാണവേദനയോടെ മഹിഷി ഒാടിവീണ രുധിരക്കുളവും മഹിഷി നിഗ്രഹത്തിന് എത്തിയ മണികണ്ഠന്‍ ഒരു രാത്രി അന്തിയുറങ്ങിയ പുത്തന്‍വീടും ഇവിടെയാണ്. അടുത്തിടെ തീപിടുത്തമുണ്ടായപ്പോഴും അയ്യപ്പന്റെ പള്ളിവാള്‍ ഇരുന്ന ഭാഗത്തിനു മാത്രം നാശമുണ്ടായില്ല.

പേട്ടതുള്ളലാണ് എരുമേലിയിലെ പ്രത്യേകത. പണ്ട് അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ നടന്ന ധനു 27ന് മാത്രമായിരുന്നു എരുമേലിയില്‍ അയ്യപ്പന്മാര്‍ പേട്ടതുള്ളിയിരുന്നത്. ഇപ്പോള്‍ വൃശ്ചികം ഒന്നിന് പേട്ട തുടങ്ങും. മകരവിളക്കു കഴിയും വരെ പേട്ടകെട്ട് തുടരും. മാസപൂജക്കും അയ്യപ്പന്മാര്‍ പേട്ടകെട്ടി നീങ്ങുന്നത് കാണാം.

കൊച്ചമ്പലത്തില്‍ നിന്ന് ഇറങ്ങി വാവരു പള്ളിയില്‍ കയറി പ്രദക്ഷിണംവെച്ച് കാണിക്കയിട്ട് പ്രാര്‍ഥിച്ച് വലിയമ്പലത്തിലേക്കു നീങ്ങുമ്പോള്‍ മതങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് ഇവിടെ ഇല്ലാതാകുന്നു.

പേട്ട കഴിഞ്ഞ് കയ്യിലൊരു ശരവും കരുതണം. ആയുധപാണിയായ അയ്യപ്പന്റെ പടയാളിയാവാന്‍ കാനനപാതയിലൂടെ നീങ്ങാം. യാത്രയില്‍ ഹരിഹരപുത്രങ്ങള്‍ തുണയാകട്ടെ. കല്ലും മുള്ളും കാലിനു മെത്തയാകട്ടെ. ഒാരോ ശ്വാസത്തിനും ശരണമന്ത്രം ആശ്വാസമാകട്ടെ.

കോട്ടപ്പടി കടന്ന് പേരൂര്‍ത്തോട്ടില്‍ മുങ്ങിയുള്ള യാത്ര ശരണാര്‍ഥികള്‍ക്ക് എന്നും ഭക്തിമാര്‍ഗമാണ്. വേനലിന്റെ തീവ്രതയില്‍ പേരൂര്‍ത്തോട്ടില്‍ നീരൊഴുക്ക് കുറയുമ്പോഴും കയ്യും കാലും കഴുകിയാണ് നടക്കുന്നത്. മഹിഷി മര്‍ദ്ദനം കഴിഞ്ഞ മണികണ്ഠനെ കാണാന്‍ എത്തിയ മഹാദേവന്‍ തന്റെ വാഹനമായ കാളയെ അയനി മരത്തില്‍ ബന്ധിച്ചതെന്നു കരുതുന്ന സ്ഥാനമാണ് കാളകെട്ടി. നാളികേരമടിച്ച് കര്‍പ്പൂരം കത്തിച്ച് ക്ഷേത്രദര്‍ശനം. പിന്നെ അഴുതയിലേക്ക്. പാലം ഉള്ളതിനാല്‍ അഴുതയിലെ ഒഴുക്ക് ഭയക്കാതെ മറുകര എത്താം. അഴുതയില്‍ മുങ്ങി കല്ലുമെടുത്ത് കല്ലിട്ട് കല്ലിടാംകുന്ന് കയറി. കരടികള്‍, കടുവകള്‍ കുടികൊണ്ടിരിക്കുന്ന കരിമല മെല്ലെ ചവിട്ടി.

കാട്ടുകൊള്ളക്കാരനായിരുന്ന ഉദയനന്റെ കോട്ടയായിരുന്നു കരിമല. കോട്ട തകര്‍ത്ത് കരിമല കയറി ഇറങ്ങി പമ്പയിലേക്ക്. പിതൃതര്‍പ്പണം നടത്തി വിഘ്നങ്ങളകറ്റാന്‍ പമ്പാഗണപതിക്കു നാളികേരം ഉടച്ച് മലകയറ്റം. നീലിമലയും അപ്പാച്ചിമേടും താണ്ടി സന്നിധാനത്തിലേക്ക്. എരുമേലിയില്‍ നിന്നും കൊണ്ടുവന്ന ശരക്കോലുകള്‍ ശരംകുത്തിയില്‍ നിക്ഷേപിക്കട്ടെ.

ശരണം വിളിച്ച് നീങ്ങുമ്പോള്‍ സന്നിധാനത്തില്‍ പൂഴി വാരിയെറിഞ്ഞാല്‍ വീഴാത്ത പുരുഷാരം. ദിവ്യദര്‍ശനം കൊതിച്ച് മലകയറി എത്തിയ പതിനായിരങ്ങള്‍. പതിനെട്ടാംപടി കയറി ഭൂമിക്കുടയനാഥന്റ ശ്രീലകത്തിനു മുമ്പിലേക്ക്. ഭൂതഗണാധി സേവിതനായ വീരമണികണ്ഠന്‍ ഹാരനൂപുരങ്ങളും സുവര്‍ണാംഗുലീയങ്ങളും അണിഞ്ഞ് അഭയമുദ്രയോടെ ഭഗവാന്‍ ദര്‍ശനം അരുളുകയാണ്. കണ്ണുകള്‍ക്ക് കര്‍പ്പൂരമായ സച്ചിതാനന്ദാമൃതം ഒഴുകി പരക്കുകയാണ്. ഒരായിരം ജന്മങ്ങളുടെ പുണ്യമായി. അപ്പോഴും അറിയാതെ ശരണംവിളിച്ചു.

'സ്വാമിയേയ്.... ശരണമയ്യപ്പാ...'

ടി.കെ.രാജപ്പന്‍

© Copyright 2015 Manoramaonline. All rights reserved.