ശരണമന്ത്രങ്ങളുടെ കഥാവഴികളിലൂടെ..


വൃശ്ചികക്കാറ്റിന് പോലും ഇനി ശരണമന്ത്രങ്ങളുടെ ഈണം. എല്ലാം അയ്യപ്പനിൽ അർപ്പിച്ച് മല കയറുമ്പോൾ ആശ്വാസം പകരാൻ ഓരോ ശ്വാസത്തിലും ശരണം വിളികളുടെ താളം. അയ്യപ്പനുള്ള വാക് അർച്ചന. ആയിരക്കണക്കിനുണ്ട് ശബരിഗിരീശനെ സ്തുതിച്ചുള്ള ശരണമന്ത്രങ്ങൾ. ഓരോ ശരണംവിളിക്കുമുണ്ട് അയ്യപ്പനെ കുറിച്ച് ഓരോ കഥ പറയാൻ. ശരണമന്ത്രങ്ങളിലൂടെ വാഴ്ത്തിപ്പാടുന്നത് സ്വാമി അയ്യപ്പന്റെ ചരിതം കൂടിയാണ് . ശരണമന്ത്രങ്ങളുടെ കഥാവഴികളിലൂടെ..

സ്വാമിയേ ശരണമയ്യപ്പാ...

എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാനം ‘ഓം’ എന്ന പ്രണവമാണ്. ശരണം വിളിയും ആ രൂപത്തിൽ വേണം നടത്തേണ്ടത്. സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണം വിളിയിലെ ഓരോ അക്ഷരത്തിനുമുണ്ട് വലിയ അർഥങ്ങൾ. ‘സ്വാ’ എന്ന അക്ഷരം ഉച്ചരിക്കുമ്പോൾ പരബ്രഹ്മത്താൽ തിളങ്ങുന്ന ആത്മ ബോധം തീർഥാടകനിൽ പ്രതിഫലിക്കണമെന്നാണ്. ‘മ’യെന്നാൽ ശിവനാണ്. ‘ഇ’ സൂചിപ്പിക്കുന്നത് ശക്തിയെയും. രണ്ടും ചേരുമ്പോൾ ശിവശക്തിയാകുന്നു. സ്വാമി എന്ന പദം തീർഥാടകന് ആത്മസാക്ഷാത്കാരത്തിനു സഹായിക്കുന്നതാണ്. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നു ഈ ശബ്ദം.

ശരണം എന്ന വാക്കിൽ ‘ശ’ ഉച്ചാരണമാത്രയിൽ തന്നെ ശത്രുനിഗ്രഹത്തിനുതകുന്നതാണ്. ജ്ഞാനത്തെ സൂചിപ്പിക്കുന്നതാണ് ‘ര’ എന്ന വാക്ക്. ‘ണം’ ശബ്ദം ദൈവീകമായ ശാന്തി പ്രദാനം ചെയ്യുന്നു. എളിമ, വിനയം തുടങ്ങിയവയോടു കൂടി വേണം പതിനെട്ടാംപടി ചവിട്ടാനെന്ന് ഈ വാക്ക് ഓരോ തീർഥാടകനെയും ഓർമിപ്പിക്കുന്നു. അഹങ്കാരത്തെ നിലനിർത്താൻ കഴിവുള്ളവനാകണം ഓരോ തീർഥാടകനും. ‘സ്വാമി ശരണം’ അതിനുള്ള മന്ത്രം കൂടിയാണ്.

അയ്യപ്പ ശബ്ദത്തിനുമുണ്ട് ഒട്ടേറെ പണ്ഡിത വ്യാഖ്യാനങ്ങൾ. അതിലൊന്നിങ്ങനെ: ആയ്യാ, ആഭാ യസ്യ സഃ ആയ്യാഭഃ എന്നാണ് സംസ്കൃതം. ആയ്യാ ആഭ എന്നാൽ ശ്രേഷ്ഠമായ ശോഭ. ശ്രേഷ്ഠമായ ശോഭ യാതൊരുവനുണ്ടോ അവൻ ആയ്യൻ. ആയ്യാഭഃ എന്ന സംസ്കൃതം വാക്ക് മലയാളത്തിൽ ആയ്യാഭൻ എന്നാകും. അതു ലോപിച്ചാൽ അയ്യഭ എന്നാകും. ‘ഭ’കാരത്തിന് ‘പ’കാരദിത്വാപേക്ഷയാ അയ്യപ്പനുമാകാം. അതല്ല വിഷ്ണു എന്നർഥം വരുന്ന അയ്യ എന്ന വാക്കും ശിവ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ചേർന്നാണ് അയ്യപ്പൻ എന്ന പേരുണ്ടായതെന്ന് മറ്റൊരു വ്യാഖ്യാനം.

© Copyright 2015 Manoramaonline. All rights reserved.