ഭഗവാനും ഭക്തനും സ്വാമി...


മഞ്ഞിൽ കുളിർന്ന വൃശ്ചികം. വ്രതനിഷ്ഠയുടെ നിറവിൽ മനസ്സും ശരീരവും. ഭഗവാനൊപ്പം ഭക്തനും സ്വാമിയായി മാറുന്ന മണ്ഡലകാലം. പഞ്ചഭൂതനാഥനായ ധർമശാസ്താവിനെ ഉള്ളിലേറ്റു വാങ്ങാൻ ഇനിയുള്ള ദിനങ്ങളിൽ മനസ്സും ശരീരവും പാകപ്പെടുകയാണ്. ഭക്തിതീവ്രതകൊണ്ടു ശ്രദ്ധേയമായ വ്രതകാലത്തിന്റെ പഴമയിൽ തെളിയുക വിശ്വാസധാരയുടെ ലാളിത്യം.

സത്യം, അഹിംസ, അസ്തേയം, ബ്രഹ്മചര്യം, യമം, നിയമം, പ്രാണായാമം, പ്രത്യാഹാരം തുടങ്ങിയ ദീക്ഷാവിധികളോടെയാണ് വ്രതാനുഷ്ഠാനം.

ഏഴര വെളുപ്പിന് ഉണർന്ന് ആദ്യം ശരണംവിളി. പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞാൽ ക്ഷേത്രക്കുളത്തിലോ, പുഴയിലോ സൂര്യനുദിക്കും മുൻപ് മുങ്ങിക്കുളി. ഇൗറൻ മാറാതെ ക്ഷേത്ര ദർശനം. അമ്പലത്തിൽ നിന്നു ലഭിക്കുന്ന പ്രസാദമാണ് പ്രഭാത ഭക്ഷണം. രാത്രി ഉപവാസം. ഉച്ചയൂണിനുള്ള ഭക്ഷണം അവരവർ തന്നെ പാകം ചെയ്യണം. ഉപ്പിടാതെ വേവിച്ച ചോറ്, ചെറുകായ കൊണ്ടുള്ള മെഴുക്കുപുരട്ടി. അല്ലെങ്കിൽ കഞ്ഞിയും ചെറു ചേമ്പിന്റെ വിത്തു കൊണ്ടുള്ള കറി (മധ്യ തിരുവതാംകൂറിൽ അസ്ത്രം എന്നാണ് ഇതിന് വിളിപ്പേര്). ഉച്ചയ്ക്കു കുളികഴിഞ്ഞു വന്നാവും ഭക്ഷണം കഴിക്കുക. അന്നന്നു വെട്ടിയെടുത്ത നാക്കിലയിലാണ് ഭക്ഷണം വിളമ്പുക. കഞ്ഞിയാണെങ്കിൽ ഇലയ്ക്കൊപ്പം പച്ചഓല കൊണ്ട് വട്ടത്തിൽ തടയും ഉണ്ടാക്കും. തടയിലേക്ക് ഇലയിറക്കിവച്ചാണ് കഞ്ഞിയും കറിയും വിളമ്പുക.

ദുശ്ശീലങ്ങൾ എല്ലാം മണ്ഡലകാലത്ത് പടിക്കു പുറത്താണ്. നഖം മുറിയ്ക്കില്ല. ക്ഷൗരമില്ല. കറുപ്പാണ് വേഷം. വീട്ടുമുറ്റത്ത് ചെറിയ കുഴികുത്തി അതിൽ ചാണകവെള്ളം നിറയ്ക്കും. വീട്ടിൽ നിന്നു പുറത്തിറങ്ങിയാൽ അതിൽ കാൽമുക്കി പാദശുദ്ധി വരുത്തണം. തീണ്ടാർന്ന സ്ത്രീകളെ ദർശിച്ചിട്ടുണ്ടോ എന്ന ഭയത്താൽ സൂര്യാസ്തമയത്തിനു ശേഷമുള്ള സന്ധ്യാസ്നാനത്തിനു മുമ്പ് പശുച്ചാണകം കലക്കിയ വെള്ളം നാക്കിൽ ഇറ്റിക്കും. രാത്രിയായാൽ തൊട്ടടുത്ത ക്ഷേത്രത്തിൽ പരിസരത്തുള്ള സ്വാമിമാർ ഒത്തുചേർന്നു ഭജന.

സന്നിധാനത്തിലേക്കു പുറപ്പെടുന്നതിനു ഒരാഴ്ച മുൻപ് വിത്ത് അളക്കും. ശബരിമലയിൽ നേദിക്കാനുള്ള പച്ചരിയും മാർഗമധ്യേ വച്ചുണ്ണാനുള്ള പുഴുക്കലരിക്കു വേണ്ടിയുമുള്ള വിത്ത് ഗുരുസ്വാമിമാരുടെ സാന്നിധ്യത്തിൽ അളന്നു രണ്ടായി മാറ്റും. കാക്കയും കോഴിയും തിന്നാതെ തഴപ്പായയിൽ ഉണക്കിയെടുക്കുന്ന വിത്ത് ദേഹശുദ്ധി വരുത്തിയ സ്ത്രീകൾ ഉരലിൽ കുത്തിയെടുക്കും.

കൊണ്ടുപോവാനുള്ള നാളികേരവും ഇതോടൊപ്പം തയാറാക്കും. സ്വന്തം വീട്ടിൽ നെയ്യില്ലെങ്കിൽ മലയ്ക്കു പോവാനായി നോമ്പുനോറ്റ വീടുകളിൽ നിന്നും വെണ്ണവാങ്ങി ഉരുക്കി നെയ്യാക്കിയാണ് നെയ്യ്തേങ്ങയിൽ നിറയ്ക്കുക. ഇതു കൂടാതെ അഞ്ചു നാളികേരങ്ങൾ കൂടി ചെത്തി ഒരുക്കിയെടുക്കും. എരുമേലിയിൽ ഉടയ്ക്കാൻ ഒന്ന്, പമ്പാഗണപതിക്ക് ഉടയ്ക്കാൻ ഒന്ന്, ശരംകുത്തിയിൽ ഒന്ന്, പതിനെട്ടാം പടികയറും മുൻപ് ഒന്ന്. മാളികപ്പുറത്ത് ഉരുട്ടാനായി ഒന്ന് എന്നാണ് കണക്ക്. ഇരുമുടിയുടെ മുൻകെട്ടിൽ അഭിഷേകത്തിനുള്ള നെയ്യ്തേങ്ങ, അരി, മഞ്ഞൾപ്പൊടി, മലർപ്പൊടി, കദളിപ്പഴം, വറപൊടി, കർപ്പൂരം തുടങ്ങിയവ. പിൻകെട്ടിൽ വച്ചുണ്ണാനുള്ള സാധനങ്ങൾ, ചന്ദനത്തിരി, കളഭം. പമ്പവരെ വാഹനങ്ങൾ എത്തുന്ന കാലത്തിനു മുൻപ് വീട്ടുമുറ്റത്തു നിന്നു കാൽനടയായാണ് യാത്ര. ഒരു ദിവസം എട്ടുമൈൽ എന്ന കണക്കിലാണ് ഓരോരുത്തരുടേയും നടത്തം. എരുമേലിയിൽ എത്തിയാൽ യാത്ര കാനനപാതയിലൂടെ തുടരും. അഖിലാണ്ഡമൂർത്തിയുടെ തിരുസന്നിധിയിലേക്കുള്ള യാത്ര ജാതിഭേദമല്ല. എല്ലാ കണ്ഠങ്ങളിൽ നിന്നും ഉയരുന്നതു ശരണമന്ത്രം മാത്രം.

ഡി. ജയകൃഷ്ണൻ

© Copyright 2015 Manoramaonline. All rights reserved.