ലോകത്തിന് നന്മയുടെ വഴികാട്ടി...

റമസാന്റെ ഏറ്റവും വലിയ പുണ്യങ്ങളിലൊന്ന് വിശുദ്ധ ഖുർആൻ അവതീർണമായ മാസം എന്നതാണ്. മാനവ ലോകത്തിന്റെ സന്മാർഗ ദർശനത്തിനായി സ്രഷ്ടാവ് സമർപ്പിച്ച ബൃഹദ് ഗ്രന്ഥമാണു ഖുർആൻ. മനുഷ്യ സമൂഹത്തിന്റെ ജീവിത വിജയത്തിനുള്ള സമ്പൂർണ ഭരണ ഘടനയാണിത്. സന്ദർഭങ്ങൾക്കനുസരിച്ചു ജിബ്രീൽ മാലാഖ മുഖേനയായിരുന്നു മുഹമ്മദ് നബിയിലേക്കുള്ള ദൈവിക വചനങ്ങളുടെ അവതരണം.

വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ടത് ലൈലത്തുൽ ഖദ്റിലാണ്. റമസാനിന്റെ മുഖ്യ സവിശേഷതയും ഖുർആനിനോടു ബന്ധപ്പെട്ടു കിടക്കുന്നു. ഖുർആൻ അവതരിക്കപ്പെട്ട മാസം എന്ന നിലയിലാണ് വിശുദ്ധ ഗ്രന്ഥത്തിൽ റമസാൻ പരാമർശിക്കപ്പെടുന്നത്. റമസാൻ മാസത്തെ ദൈവം തന്റെ ദിവ്യവചനങ്ങൾ അവതരിപ്പിച്ച് മഹത്വവൽക്കരിക്കുകയായിരുന്നു. രണ്ടു വിധത്തിലായാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം സംഭവിച്ചത്.

ദൈവ സന്നിധിയിൽനിന്ന് ആകാശ ലോകത്തിലേക്കുള്ളതാണ് ആദ്യത്തേത്. വിധി നിർണയ രാവ് (ലൈലതുൽ ഖദ്ർ) എന്നറിയപ്പെടുന്ന രാത്രിയിലായിരുന്നു ഇത്. അധ്യായം 97ൽ ഖുർആൻ ഇക്കാര്യം വ്യക്തമാക്കുന്നുഹ്ന. ആകാശ ലോകത്തുനിന്ന് ഭൂമി ലോകത്തേക്കുള്ള അവതരണമാണ് രഹ്നാണ്ടാമത്തേത്. പുസ്തക രൂപത്തിൽ ആയിരുന്നില്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഭൂമിയിലേക്കുള്ള ആഗമനം. സുദീർഘമായ ഇരുപത്തിമൂന്ന് സംവത്സരം വേണ്ടഹ്നിവന്നു ഈ ചരിത്ര നിയോഗം സമ്പൂർണമാകാൻ. സമയ സന്ദർഭങ്ങൾക്കനുസരിച്ചു വിവിധ ഘട്ടങ്ങളിലായാണ് ഖുർആൻ സൂക്തങ്ങൾ പ്രവാചകന് അവതരിച്ചിരുന്നത്.

ഇതര വേദഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമായി തവണകളായി മാത്രം ഖുർആൻ അവതരിച്ചതിനു പിന്നിലെ രഹസ്യമെന്താകും? ഖുർആനിക പണ്ഡിതർ ഇതേക്കുറിച്ച് വാചാലരാകുന്നുണ്ട്. പ്രവാചകർക്ക് ആശ്വാസം പകരുക, നിയമനിർമാണത്തിൽ അവധാനത പുലർത്തുക, ദൈവിക ഗ്രന്ഥം മനഃപാഠ മാക്കാൻ പ്രേരണ നൽകുക, സന്ദർഭോചിതമായി ഇടപെടൽ നടത്തുക എന്നിവയാണ് അവയിൽ പ്രധാനം.

മാനവ സമൂഹത്തെ പ്രതിനിധീകരിച്ചു ദൈവിക വചനങ്ങൾ ഏറ്റുവാങ്ങുക ആയാസകരം ആയിരുന്നു മുഹമ്മദ് നബിക്ക്. ഘട്ടം ഘട്ടമായി സ്വീകരിച്ചതിനാൽ ഈ കാഠിന്യത്തിന് അൽപമെങ്കിലും അയവു വന്നു. ഇസ്ലാമിക നിയമനിർമാണങ്ങളുടെ കാര്യത്തിലും ഇക്കാര്യം ഏറെ ഫലം ചെയ്തു. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിനു പകരം അവധാനപൂർവമായ ഖുർആനിക ഇടപെടൽ മതപ്രബോധന രംഗത്ത് ചെലുത്തിയ സ്വാധീനവും വിവരണാതീതം. മദ്യത്തിന് അടിമപ്പെട്ടൊരു ജനതയെ സമ്പൂർണ മദ്യവിമോചനത്തിലേക്ക് കൈപിടിച്ചുയർത്താൻ ദൈവിക ഗ്രന്ഥത്തിനു സാധിച്ചതും ഇതേ അവധാനത കൊണ്ടു തന്നെ.

ഖുർആനിന് ‘ഫുർഖാൻ’ എന്നും പേരുണ്ട്. സത്യവും മിഥ്യയും വിവേചിക്കുന്നത് എന്നാണ് ഈ വിശേഷണത്തിന്റെ അർഥം. നൻമയും തിൻമയും വെളിച്ചവും ഇരുട്ടും വേർതിരിച്ചറിയാൻ മാനവർക്ക് ഒരു അവലംബം ആവശ്യമാണ്. മനുഷ്യർക്കിടയിലെ വ്യക്തികൾക്ക് അവർക്കു യഥാർഥ മാർഗദർശനം നൽകാനാവില്ല. യാത്രികരുടെ പരിമിതികളിൽനിന്നു മുക്തനല്ലാത്ത മറ്റൊരു യാത്രികൻ യാത്രാസംഘത്തിനു വഴികാട്ടുന്നതെങ്ങനെ? സൃഷ്ടികളായ മനുഷ്യരെപ്പറ്റി സ്രഷ്ടാവായ ദൈവത്തിനാണ് യഥാർഥമായ അറിവുള്ളത്. മനുഷ്യർക്കു നേട്ടവും കോട്ടവും ഏതിലാണുള്ളതെന്ന് വിവേചിച്ചുകൊടുക്കാൻ ദൈവത്തിനേ സാധിക്കൂ.

മനുഷ്യർക്കായി ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആനിക മാർഗദർശനം. ദൈവ വചനങ്ങളുടെ സമാഹാരമായ ഖുർആനിലൂടെ, നിയന്താവായ ദൈവം ദാസൻമാരായ മനുഷ്യരോട് സദാ സംവേദനം ചെയ്യുകയാണ്. ലൈലത്തുൽ ഖദ്റിലൂടെ ലഭ്യമായ ഖുർആനിക മാർഗദർശനത്തിനു ദൈവത്തോടു നന്ദി കാണിക്കു കൂടിയാണു റമസാൻ വ്രതാനുഷ്ഠാനം. ഖുർആൻ അവതരണ മാസമായ റമസാനിൽ ഖുർആൻ പാരായണം ചെയ്യൽ പ്രത്യേക പുണ്യമുള്ള കർമമായി പ്രവാചകൻ പഠിപ്പിച്ചു. പാരായണത്തിനപ്പുറം ഖുർആൻ പഠനത്തിനും വിശുദ്ധ വചനങ്ങളുടെ ആന്തരികാർഥങ്ങൾ ജീവിതത്തതിൽ പകർത്താനും അപരനു പകർന്നു നൽകാനും റമസാൻ കാരണമാകണം.

മുബാറക്

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.