യാത്ര, രാമന്റെ മനസ്സിനൊപ്പം

മനുഷ്യ മനസ്സിന്റെ നിഗൂഢതകളിലൂടെ സഞ്ചരിച്ച രാമന്റെ അനുഭവപാഠങ്ങളാണു രാമായണം കാവ്യരൂപത്തിൽ പകർന്നു തരുന്നത്. രാമന്റ യാത്രാനുഭവ വിവരണം. ആ രാമന്റെ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ഓരോ രാമായണ പരായണവും. അതു പാകംവന്ന മനസ്സാണ്. ഋഷി തുല്യമായ മനസ്സ്. ആത്മജ്‌ഞാനം നേടിയവരാണ് ഋഷിമാർ. ഇന്ദ്രിയങ്ങളെ, ജയിച്ച ബ്രഹ്‌മജ്‌ഞാനികൾ. വേദമന്ത്രങ്ങളുടെ ഉൾക്കാമ്പ് അറിഞ്ഞവരാണവർ. പ്രപഞ്ച സത്യത്തിന്റെ അടിവേരു കണ്ടവർ. അവരിൽ മഹർഷിമാരുണ്ട്, ബ്രഹ്‌മർഷിമാരുണ്ട്, ദേവർഷിമാരുണ്ട്, രാജർഷിയുണ്ട്.

രാമായണത്തെ മുൻനിർത്തി മഹർഷിമാരേക്കുറിച്ചു ചിന്തിക്കുമ്പോൾ വാൽമീകിയിൽ തുടങ്ങി നാരദനിലൂടെയും വസിഷ്‌ഠനിലൂടെയും വിശ്വാമിത്രനിലൂടെയും കടന്ന് ഗൗതമനിലൂടെയും ജഹ്‌നുവിലൂടെയും അഗസ്‌ത്യനിലൂടെയും മാതംഗനിലൂടെയും മറ്റും ഏറെ ദൂരം സഞ്ചിരിക്കാനുണ്ട്. ഇവരെല്ലാം പറഞ്ഞു തരുന്നതു പ്രപഞ്ച തത്വങ്ങളെക്കുറിച്ചും അതിൽ ഊന്നിയുള്ള ആധ്യാത്മിക സംസ്‌കാരത്തേക്കുറിച്ചുമാണ്. ജ്‌ഞാനത്തിന്റെ മറുകരകണ്ട അറിവിന്റെ വെളിച്ചമാണ് അവരുടെ മുഖത്തു കാണുന്ന തേജസ്സ്. നാമറിഞ്ഞ ഋഷിവര്യൻമാർ ചുരുക്കം മാത്രം. മറ്റ് എത്രയോ ധന്യാത്മാക്കൾ ഇവപേപ്പോലെ വനത്തിന്റെ അഗാധതകളിൽ കൊടുംതപസ്സനുഷ്‌ഠിച്ചിട്ടുണ്ടാവും. പുറം ലോകം അവരേയോ അവർ പുറം ലോകത്തേയൊ അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, പ്രപഞ്ച സത്യവും അതു നൽകുന്ന പരമാനന്ദവും അവർ അറിഞ്ഞിട്ടുണ്ടാവും.

പക്ഷേ, മേൽ പറഞ്ഞവർ മാത്രമാണോ രാമായണത്തിലെ മഹർഷിമാർ? ജടാവൽക്കലങ്ങൾ ധരിച്ചു തപസ്സിരുന്നവർ മാത്രമല്ലല്ലോ ഋഷിമാർ. രാമൻ തന്നെ മഹർഷിയായിരുന്നില്ലേ? മനുഷ്യനായി പിറന്ന് പ്രവർത്തികൊണ്ട് ഈശ്വരത്വം അർജിച്ച രാമൻ ജ്‌ഞാനത്തിന്റെ പടവുകൾ കയറിയാണ് ആ പദത്തിലെത്തുന്നത്. അലയടിച്ചു മറിയുന്ന കടൽ പോലെയായിരുന്നു രാമന്റെ ജീവിതം. അവിടെയും അചഞ്ചലനായി പ്രവർത്തിക്കാൻ കഴിഞ്ഞത്, ഇന്ദ്രിയങ്ങളെ ജയിച്ചതുകൊണ്ടുതന്നെയാണ്. അതു നേടിയതു വനമധ്യത്തിലെ തപസ്സുകൊണ്ട് അല്ലെന്നു മാത്രം. രാജധാനിയിൽ പോലും സുഖവാസമായിരുന്നില്ല രാമന്. പ്രജാഹിതത്തിനായി ജീവിതം മാറ്റിവച്ച രാജാവിനു ജീവിതം എന്നും മുൾമുനയിലായിരുന്നു. പ്രജകളുടെ വിശ്വാസത്തിനു മുൻഗണന നൽകി. സ്വന്തം വാക്കുപാലിക്കാൻ തനിക്ക് ഏറെ പ്രിയപ്പെട്ടതൊക്കെ ത്യജിച്ചു. അങ്ങനെ സീതയേയും ലക്ഷ്‌മണനേയും പിരിയേണ്ടിവന്നു. പിന്നെ രാജധാനിയിലെ തിരക്കിലും രാമൻ ഏകനായിരുന്നു. രാമനെ സംബന്ധിച്ചിടത്തോളം മനസ്സിനെ ഏകാഗ്രമാക്കാൻ വനത്തിന്റെ ഏകാന്തത വേണ്ടിവന്നില്ല. രാജധാനിയിലെ തിരക്കിലും ചുമതലകളുടെ ബാഹുല്യത്തിലും രാമൻ അതു സാധിച്ചു. അതു തപസ്സു തന്നെയല്ലേ?

വനവാസകാലത്തു ജ്യേഷ്ഠന്റെ സംരക്ഷണച്ചുമതല സ്വയം ഏറ്റെടുത്ത് മറ്റെല്ലാം വെടിഞ്ഞ് ആ ദൗത്യത്തിൽ മാത്രം മനസ്സിനെ കേന്ദ്രീകരിച്ച ലക്ഷ്‌മണനോ? ജ്യേഷ്‌ഠന്റെ പകരക്കാരനായി ഭരണം കൈയാളുമ്പോഴും മരവുരി ധരിച്ച് കാനനതുല്യമായ ജീവിതം നയിച്ച ഭരതനും ഭരതന്റെ ആജ്‌ഞാനുവർത്തിയായി, സുഘഭോഗങ്ങൾ വെടിഞ്ഞു രാജ്യകാര്യങ്ങൾ നോക്കിനടത്തിയ ശത്രുഘ്‌നനും നയിച്ചതും തപസ്സിനു തുല്യമായ ജീവിതമായിരുന്നു.

മനശ്ശക്‌തിയിലും ഇന്ദ്രിയശക്‌തിയിലും സ്‌ത്രീ അബലയല്ലെന്നു തെളിയിച്ചുകൊണ്ടു രാമനൊപ്പം വനവാസം സ്വയം സ്വീകരിച്ച സീത, കൊട്ടാരത്തിലിരുന്നുതന്നെ ഏകാഗ്രമനസ്സിന്റെ ശക്‌തികൊണ്ടു ലക്ഷ്‌മണനു രക്ഷാകവചം ഒരുക്കിയ ഭാര്യ ഊർമിള, ഭർത്താക്കൻമാർ തൊട്ടടുത്തുണ്ടായിട്ടും അവരുടെ സ്‌പർശനമോ സാമീപ്യമോ പോലും മോഹിക്കാതെ സ്വയം തീർത്ത ഏകാന്തതയിലായിരുന്ന ഭരത പത്നി മാണ്ഡവിയും ശത്രഘ്‌നന്റേയും ഭാര്യ ശ്രുതകീർത്തിയും. സ്വന്തം തെറ്റു തിരിച്ചറിഞ്ഞ് ജീവിതം അറിവിന്റെ ലോകത്തേയ്ക്കുള്ള കടുത്ത പരീക്ഷകൾക്കായി മാറ്റിവ്ചച കൈകേയി, പുത്രവേർപാടിന്റെ ദു:ഖം കർത്തവ്യനിർവഹണത്തിന്റെ സമർപ്പണബുദ്ധിയാക്കി മാറ്റിയ കൗസല്യയും സുമിത്രയും – ഇവരെല്ലാം അവരവരുടെ ജീവിതം സ്വയം സമർപ്പിച്ച ഋഷിതുല്യരാണ്. കാനനവാസം ചെയ്യാതെ തന്നെ തപസ്സനുഷ്‌ഠിച്ചവർ.

ഇവരിലൂടെ രാമായണം തരുന്നതു കാലാതീതമായൊരു സന്ദേശമാണ്. കർത്തവ്യങ്ങൾ ഏകാഗ്രതയ്‌ക്കും തപസ്സിനും ജ്‌ഞാനത്തിലേയ്‌ക്കുള്ള യാത്രയ്‌ക്കും തടസ്സമാകുന്നില്ല. കർത്തവ്യനിർവഹണം തപസ്യതന്നെയാണ്. അതിനു സമർപ്പണത്തിന്റെ ഭാവം നൽകണമെന്നു മാത്രം. നൂറ്റാണ്ടുകളും സഹസ്രാബ്‌ദങ്ങളും ഏറെ കഴിഞ്ഞാലും മനുഷ്യൻ മനസ്സിൽ സൂക്ഷിക്കേണ്ട അമൂല്യമായ സന്ദേശം.

കെ.എൻ.ആർ. നമ്പൂതിരി

RELATED ARTICLES