ഭക്തഗൃഹങ്ങളിൽ ഇനി വിശുദ്ധിയുടെ ശോഭ...

രാമകഥാസാഗരം ഉണരുകയായി. കർക്കട മാസം മലയാളികൾക്കു രാമായണമാസമാണ്. ഇനി തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂർവ്വം കേൾക്കുന്നതിനുള്ള സമയമാണ്. രാമായണ ത്തോണിയിലേറിയുള്ള തീർത്ഥ യാത്രയ്ക്കു തുടക്കമിടുന്ന കാലം ആഗതമായി. മഴയും, ദാരിദ്രവും, ദുരിതവും നിറഞ്ഞ പഞ്ഞ കർക്കട കത്തിന്റെ അലകൾ മുറിച്ചു മുന്നോട്ടു പോകുമ്പോൾ തുണയാവുന്നതു ഒളിമങ്ങാത്ത ശ്രീരാമചന്ദ്രസ്മരണ. രാമകഥാമൃതം ഈണത്തിൽ നിറയുന്ന വേള. ഉമ്മറത്തിണ്ണകളിൽ ഇനി കോസലവും മിഥിലയും പുനർജനിക്കുന്നു.

ജനകനും, രാമനും, ജനകാത്മജയുമെല്ലാം തലമുറകളിൽ നിന്നു തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടുന്നു. രാമന്റെ ധൈര്യവും, രാവണന്റെ ക്രൗര്യവും, ലക്ഷ്മണന്റെ ഭക്തിയും, ഹനുമാന്റെ ശക്തിയും കഥയ്ക്കുപരി ഭാരതത്തിന്റെ മഹത്തായ പൈതൃകവും ആത്മബോധത്തിലേയ്ക്കുള്ള തിരിച്ചറിവുമായി മാറുന്നു.

ചെങ്കോലും സിംഹാസനവും ത്യജിച്ചു മരവുരിയും മെതിയടിയുമായി ഘോരവനാന്തരത്തിൽ സന്തോഷം കണ്ടെത്തിയ ശ്രീരാമന്റെ പിതൃസ്നേഹവും ത്യാഗസന്നദ്ധതയും എങ്ങനെയും എന്തും നേടിയെടുക്കാൻ പാടുപെടുന്ന ഇന്നത്തെ ലോകത്തിന് അന്യം. കൊട്ടാരസുഖസമൃദ്ധിയേക്കാൾ പതിയ്ക്കൊപ്പം കാനനവാസം ഇഷ്ടപ്പെടുന്ന സീതയുടെ ഭർതൃസ്നേഹവും ബന്ധങ്ങൾക്ക് ഇഴയടുപ്പം കുറയുന്ന ഇക്കാലത്ത് അത്ഭുതമാവാം. എങ്കിലും ശ്രേഷ്ഠമായ ഒരു പൈതൃകത്തിന്റെ ദീപസ്മൃതികൾ ഓരോ മനസ്സിലും തുയിലുണർത്താൻ രാമായണമാസം ഉതകുന്നു.

നിഷ്കന്മഷമായ ചിന്തകളും വിശുദ്ധമായ പ്രവർത്തനങ്ങളും നിറഞ്ഞ ഒരു പാരമ്പര്യത്തിന്റെ പിന്മുറക്കാരെന്ന ബോധം തെറ്റുകളിൽ നിന്നും സ്വാർത്ഥതയിൽ നിന്നും പിന്നോക്കം വലിക്കാൻ
വഴിയൊരുക്കിയാൽ അതുതന്നെ രാമായണ മാസാചരണത്തിന്റെ സ്വാർത്ഥകതയും സാഫല്യവും. രാവണനല്ല, രാമനാണു വേണ്ടതെന്ന തിരിച്ചറിവിന്റെ തിളക്കം, രാവണന്മാർ പെരുകിയ ഈ ലോകത്തിന് ഇന്നല്ലെങ്കിൽ നാളെ ഒരു നല്ല മുഖമുണ്ടാവുമെന്ന പ്രത്യാശയ്ക്കും രാമായണമാസം വഴി തുറക്കുന്നു.

ഉള്ളുരുക്കുന്ന അനുഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന ഭക്തമനസുകൾക്കു ചിങ്ങം പുലരുമ്പോൾ ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കമാണുണ്ടാവുക. ഒരു വൽസരക്കാലം മനസ്സിനെ കാരണമില്ലാതെ മദമാൽസര്യങ്ങളിൽ നിന്ന് അടർത്തി നിർത്താനുള്ള കരുത്തു നേടിയെന്ന വിശ്വാസത്തിന്റെ ദാർഢ്യവും.

RELATED ARTICLES