നാദപെരുമയേറിയ ഇലഞ്ഞിത്തറമേളം

തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ നാദപെരുമയേറിയ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളികളാകുമ്പോള്‍ അകം നിറയുന്ന ആത്മഹര്‍ഷമാണ് ലഭിക്കുക. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞിയുടെ ചുവട്ടിലാണ് ഇരുന്നൂറോളം വരുന്ന വാദ്യപ്രമുഖരും ഒട്ടനവധി മേളക്കാരും ജനസഹസ്രങ്ങളില്‍ ആവേശമായി പടരുന്നത്. കുഴല്‍ വിളിയോടെ ചെണ്ടപ്പുറത്തു കോലുവീഴുമ്പോള്‍ നാദവിസ്മയ മായി ഇലഞ്ഞിത്തറമേളം തുടങ്ങുകയായി.

'പതികാല'ത്തില്‍ തുടങ്ങുന്ന മേളം സംഗീതമയമാണ്. പതികാലം വിട്ട് താളത്തിന് മുറുക്കം കൂടുന്നതോടെ ജനങ്ങളില്‍ ആവേശത്തിന്റെ അലകളുയരുന്നു. കുറുങ്കുഴലുകാരുടെ തലയാട്ടലിനും കൊമ്പുകാരുടെയും ഇലത്താളക്കാരുടെയും മുന്നോട്ടാഞ്ഞുള്ള താളത്തിനും ആക്കം കൂടുന്നു. ഇടത്തു കലാശം കഴിഞ്ഞാല്‍ അടിച്ച് കലാശത്തിലേക്കും തകൃതത്തിലേയ്ക്കും മേളം കയറിത്തുടങ്ങുന്നു. തകൃതത്തിന്റെയും ത്രിപുടയുടെയും അവസാനഭാഗമെത്തുമ്പോള്‍ ആവേശം നിയന്ത്രിക്കാനാകാതെ
ആസ്വാദകരും താളമിട്ടു പോകും. ജനസഹസ്രങ്ങള്‍ തങ്ങളെത്തന്നെ മറക്കുന്ന മുഹൂര്‍ത്തമാണിത്. മാസ്മരസംഗീതലഹരിയില്‍ വടക്കുംനാഥനെ സാക്ഷിയാക്കി പുരുഷാരം ഒന്നാകുന്ന അവസ്ഥ.

മേളം 'മുട്ടിന്മേല്‍ ചെണ്ട'യിലെത്തുമ്പോള്‍ സംഗീതാസ്വാദകരല്ലാത്തവര്‍ക്കുപോലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. എല്ലാവരും താളമിട്ടു മേളത്തില്‍ ലയിക്കുന്നു. ആവേശത്താല്‍ തെല്ലു കഴിഞ്ഞ് ചെണ്ട മുന്നിലേക്ക് തള്ളിപ്പിടിച്ച് കൊട്ടുന്ന അവസ്ഥയ്ക്കാണ് 'മുട്ടിന്മേല്‍ ചെണ്ട'യെന്നു പറയുന്നത്. ചെണ്ടയും കൊമ്പും കുഴലും കുറുങ്കുഴലും ഇലത്താളവുമെല്ലാമായി മേളം കൊഴുക്കുമ്പോള്‍ പ്രായഭേദമില്ലാതെ ജനങ്ങള്‍ താളമിടുന്നു. കുഴഞ്ഞുമറിഞ്ഞ് ഉയര്‍ന്നുകൊട്ടുന്ന ഈ അവസ്ഥയ്ക്ക് 'കുഴഞ്ഞുമറിഞ്ഞ കാലം' എന്നാണു പറയുന്നത്. ഇലഞ്ഞിത്തറമേളത്തില്‍ പങ്കെടുക്കുന്ന വാദ്യമേളക്കാരെ ഒത്തൊരുമിച്ചു നിര്‍ത്തേണ്ടതും ഓരോരുത്തരെയും
നിയന്ത്രിക്കേണ്ടതും പ്രമാണം കൊട്ടുന്നയാളാണ്.

പെരുമഴപോലെ പടര്‍ന്നുവീണ് സകലതിനെയും മേളലഹരിയില്‍ കടപുഴക്കി ഒരു നിമിഷം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയശേഷം ഇലഞ്ഞിത്തറമേളം നില്‍ക്കുന്നു. ആര്‍പ്പുവിളികളാല്‍ അഭിനന്ദനവര്‍ഷം ചൊരിയുന്ന കാണികളും പരസ്പരം ആശ്ളേഷിക്കുന്ന മേള ക്കാരും അരങ്ങൊഴിയുന്നതോടെ വാദ്യമേളത്തിന്റെ വിസ്മയപ്രപഞ്ചമൊരുക്കിയ ഇലഞ്ഞിത്തറ മേളത്തിന് തിരശീല വീഴുകയായി. മേളം കൊട്ടിത്തീരുന്നതോടെയാണ് പാറമേക്കാവുവിഭാഗം വടക്കുംനാഥനെ വലംവച്ച് തെക്കേനടയിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് ഇറങ്ങുന്നത്.