ഘടകപൂരങ്ങളുടെ വരവും പോക്കും

വടക്കുന്നാഥന്റെ തിരുനടയില്‍ ഘടകപൂരങ്ങള്‍ എഴുന്നള്ളുന്നതോടെയാണു തൃശൂര്‍ പൂരത്തിനു പൂര്‍ത്തീകരണം. മേളക്കൊഴുപ്പും ദേവീദേവന്മാരുടെ എഴുന്നള്ളത്തും പകരുന്ന കാഴ്ചകളില്‍ നഗരം മതിമയങ്ങും. പൂരത്തെ മഹാപൂരമാക്കുന്ന ഘടകപൂരങ്ങളുടെ വരവും പോക്കും ഇങ്ങനെ:

ലാലൂര്‍ പൂരം

ലാലൂര്‍ കാര്‍ത്യായനി ദേവീക്ഷേത്രത്തില്‍ പഞ്ചവാദ്യത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ ആറരയ്ക്കു പുറപ്പെടുന്ന പൂരം ഒന്‍പതോടെ വടക്കുന്നാഥ സന്നിധിയില്‍ പ്രവേശിച്ച് 10നു സമാപിക്കും. അവിടെനിന്നു ക്ഷേത്രത്തിലേ ക്കു തിരിച്ചെഴുന്നള്ളും.

പനമുക്കുംപിള്ളി പൂരം

പനമുക്കുംപിള്ളി ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ആറിനു ശാസ്താവിനെ എഴുന്നള്ളിക്കും. കിഴക്കുംപാട്ടുകരയില്‍നിന്നു മെഡിക്കല്‍ കോളജ് ജംക്ഷനില്‍ എത്തി, വലത്തേക്കു തിരിഞ്ഞു പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെത്തും. 7.45നു കിഴക്കെഗോപുരം കടന്നു, വടക്കുന്നാഥനെ വലംവച്ച്, 8.45ന് ക്ഷേത്രത്തിലേക്കു മടങ്ങും.

കാരമുക്ക് പൂരം

നടപ്പാണ്ടിയുടെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ കാരമുക്ക് ഭഗവതി കുളശേരി ക്ഷേത്രത്തില്‍ എത്തി ആറോടെ മണികണ്ഠനാല്‍ പന്തലില്‍ വന്നു പഞ്ചവാദ്യം. തുടര്‍ന്ന് 9.30നു ശ്രീമൂലസ്ഥാനത്തു പൂരം കൊട്ടിക്കലാശിക്കും.

ചൂരക്കോട്ടുകാവ് പൂരം

രാവിലെ ഏഴിനു ചൂരക്കോട്ടുകാവ് ദുര്‍ഗാദേവി പൂരത്തിനായി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. നടുവിലാലില്‍ ഇറക്കി എഴുന്നള്ളിപ്പിനുശേഷം 9.30ന് എഴുന്നള്ളിച്ചു വാദ്യഘോഷങ്ങളോടെ ശ്രീമൂലസ്ഥാനത്തെത്തി മേളം അവസാനിക്കും. തുടര്‍ന്നു വടക്കുന്നാഥനെ വലംവച്ചു തെക്കോട്ടിറങ്ങി പാറമേക്കാവില്‍ ഇറക്കിയെഴുന്നള്ളിപ്പ്.

നെയ്തലക്കാവ് പൂരം

നെയ്തലക്കാവ് ഭഗവതി, ക്ഷേത്രത്തില്‍ നിന്നു രാവിലെ ഒന്‍പതോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. മേളത്തിന്റെ അകമ്പടിയോടെ 11നു വടക്കുന്നാഥനിലേക്കു കയറും. തെക്കോട്ടിറക്കം കഴിഞ്ഞു പഴയനടക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്. രാത്രി പന്ത്രണ്ടോടെ ഒരാനപ്പുറത്ത് എഴുന്നള്ളി നടുവിലാലെത്തി ഒന്‍പത് ആനകളോടുകൂടി ശ്രീമൂലസ്ഥാനത്തു സമാപിക്കും.

അയ്യന്തോള്‍ പൂരം

അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ നിന്നു വടക്കുന്നാഥന്റെ തിരുസന്നിധിയിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ ആറിനു തുടങ്ങും. തൃശൂര്‍ നഗരത്തിലെത്തും വരെ വീഥിക്കിരുവശവും നിറപറയും നിലവിളക്കും വച്ചു ദേവിയെ വരവേല്‍ക്കും.

കണിമംഗലം പൂരം

ആറിനു കുളശേരി ക്ഷേത്രത്തില്‍ നിന്ന് ഏഴാനപ്പുറത്ത് നടപ്പാണ്ടിയോടു കൂടി മണികണ്ഠനാല്‍ പന്തലിലെത്തും. പിന്നീട്, തെക്കെ ഗോപുരത്തിലൂടെ വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറച്ചുവട്ടില്‍ ചെമ്പട കൊട്ടി മേളം ആരംഭിക്കും.

ചെമ്പൂക്കാവ് പൂരം

കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ രാവിലെ ഏഴരയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പ് ടൌണ്‍ഹാളിനു മുന്‍പിലൂടെ ഒന്‍പതിനു പാറമേക്കാവ് ക്ഷേത്രനടയിലെത്തും. അവിടെ നിന്നു വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കെഗോപുരത്തിലൂടെ കടന്നു തെക്കെഗോപുരത്തിന്റെ സമീപമെത്തുമ്പോഴേക്കും പഞ്ചവാദ്യം അവസാനിക്കും.