എല്ലാം ചേർന്നാൽ തൃശൂർ പൂരം..!

എല്ലായിടത്തും കത്തിക്കുന്നതു കരിമരുന്നാണ്. അത് ഉണ്ടാക്കുന്നതു ഒരേ വിദ്യ ഉപയോഗിച്ചുമാണ്. എന്നിട്ടും എന്താണ് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടുകാണാനായി മാത്രം ആളുകള്‍ കിലോമീറ്ററുകളോളം യാത്ര ചെയ്തും മണിക്കൂറുകളോളം കാത്തിരിക്കുന്നത്?

അതാണ് പൂരം വെടിക്കെട്ട്. വെറുതെ പടക്കം പൊട്ടിച്ചാല്‍ വെടിക്കെട്ടാകില്ല. ഇതൊരു വലിയ സംഗീത പരിപാടിപോലെയാണ്. കുറെ ശബ്ദങ്ങള്‍ ചേരുമ്പോള്‍ മനോഹരമായ സംഗീതമുണ്ടാകുന്നതുപോലെ.

രണ്ടു വിഭാഗം പൊട്ടിക്കുന്നു എന്നതു മാത്രമല്ല പൂരം വെടിക്കെട്ടിന്റെ പ്രത്യേകത.വെടിമരുന്നിന്റെ കല അറിയാവുന്നവര്‍ ചിട്ടപ്പെടുത്തുന്നതാണു പൂരം വെടിക്കെട്ട്. അതിനു പ്രത്യേക താളവും സംഗീതവുമുണ്ട്.

വെടിക്കെട്ടു തുടങ്ങുന്നതു മൂന്നു ൈഡനകളില്‍നിന്നാണ്. 15 സെക്കന്റ് ഇടവിട്ടു പൊട്ടുന്ന മൂന്നു ഡൈനകള്‍. അപ്പോഴേക്കും ഒാലപ്പടക്കത്തിനു തീ പിടിച്ചിരിക്കും. ഒാലയുടെ നാലുവരിയാണ് ആദ്യമെ പൊട്ടിത്തുടങ്ങുക. തുടക്കം മുതല്‍ ഒാരോ വരി ഗുണ്ടുകള്‍ കാണും. ഒാലപൊട്ടിത്തുടങ്ങുന്നതോടെ തീ മൂന്നിലുള്ള ഗുണ്ടുകളിലേക്കു പാറിവീഴും. അതോടെ അവ ഒരുമിച്ചു പൊട്ടും. അഞ്ചുമീറ്റര്‍ പൊട്ടിക്കഴിയുമ്പോഴേക്കും ഗുണ്ടുകള്‍ രണ്ടുവരിയാകും. അതോടൊപ്പം നിറമുള്ള ചെറിയ അമിട്ടുകളും ഉയര്‍ന്നു തുടങ്ങും. പരമാവധി 50 മീറ്റര്‍ മാത്രം ഉയരെപ്പോകുന്ന അമിട്ടുകളാണിത്. വൈകാതെ ഗുണ്ടുകളോടൊപ്പം കുഴിമിന്നലുകളും പൊട്ടിത്തുടങ്ങും.

ഗുണ്ടിനെക്കാള്‍ ശബ്ദമുള്ളതാണു കുഴിമിന്നല്‍. ഇവയുടെ നിര കൂടി കൂടി വരും. ഗുണ്ടും കുഴിമിന്നലും കൂട്ടിചേര്‍ത്തു പൊട്ടിക്കുന്നതാണു വെടിക്കെട്ടിന്റെ അടിസ്ഥാന താളം. ഇതുവളരെ കൃത്യമായിരിക്കണം. ഇതോടൊപ്പം ഒാലപ്പടക്കത്തിന്റെ തുടര്‍ച്ചയായുള്ള പൊട്ടല്‍ പിന്നണി സൃഷ്ടിക്കും. ഗുണ്ടും മിന്നലും കൂടുന്നതോടെ ശബ്ദവും കൂടും. ഇതിനു പറ്റിയ വിധത്തില്‍ ഒാലപ്പടക്ക മാലയുടെ എണ്ണംകൂട്ടി ശബ്ദം ഉയര്‍ത്തണം.അല്ലെങ്കില്‍ ഗുണ്ടും മിന്നലും ഇടവിട്ടു പൊട്ടുന്നതുപോലിരിക്കും. പൂരം വെടിക്കെട്ടിന്റെ പ്രത്യേകത ശബ്ദം മുറിയില്ല എന്നതാണ്. അന്‍പതു മീറ്ററോളം പൊട്ടിക്കഴിയുമ്പോഴേക്കും വെടിക്കെട്ട് അതിന്റെ രൗദ്രസ്വഭാവത്തിലേക്കു നീങ്ങിയിരിക്കും. ഈ സമയമാകുമ്പോഴേക്കും ഒരു മിനി ഫിനിഷിങ് വയ്ക്കും. അതായത് കൂടുതല്‍ വെടിക്കോപ്പുകള്‍ നിറച്ചുകൊണ്ടുള്ളൊരു പ്രകടനം. വാദ്യത്തിന്റെ കലാശമായി ഇതിനെ കണക്കാക്കാം.
ആദ്യ കലാശം കഴിഞ്ഞാല്‍ മേളത്തിലായാലും വെടിക്കെട്ടിലായാലും ശബ്ദമൊന്നുകുറയും. ഉടന്‍ കുത്തനെ മുകളിലേക്കു കയറുകയും ചെയ്യും. ഇതോടെ കുഴിമിന്നലിന്റെ എണ്ണം കൂടും. ഒരേ സമയം പൊട്ടുന്ന ഗുണ്ടും കുഴിമിന്നലും കൂടി കൂടിവരും. ഇവിടെവച്ചാണു ചെറിയ ഡൈനകള്‍ തുടങ്ങുക. ഇടവേളയിലാണു ഇവ പൊട്ടുക. ഏറ്റവും ഉയര്‍ന്നു പൊട്ടുന്നതും ഇവയാകും. ഇവയുടെ മുഴക്കം മറ്റു ശബ്ദത്തെ മറയ്ക്കാതിരിക്കാനാണു ഉയര്‍ത്തി വിടുന്നത്. മുഴക്കത്തില്‍ മറ്റു ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയണം.

എത്ര നിര കുഴിമിന്നലും ഗുണ്ടും ഡൈനയും വേണമെന്നു തീരുമാനിക്കുന്നതു വെടിക്കെട്ടു കലാകാരന്മാരാണ്.ഒരേ ശബ്ദത്തില്‍ പൊട്ടിപ്പോകരുത്. താഴ്ന്നും കൂടിയും വന്നാല്‍ മാത്രമെ ആസ്വദിക്കാനാകൂ. ഇടയ്ക്കു ഒാലപ്പടക്കത്തിനു മാത്രമായി ചില നിമിഷങ്ങളും കൊടുക്കണം. കേള്‍ക്കുന്നവരുടെ കാതുകള്‍ക്കു എല്ലാം വ്യക്തമായികേള്‍ക്കാന്‍ വേണ്ടിയാണിത്. അല്ലെങ്കില്‍ എന്തെല്ലാമോ പൊട്ടുന്നതുപോലെയെ തോന്നൂ.

ഗുണ്ടുകളുടേയും മിന്നലുകളുടേയും നിര പതുക്കെ പതുക്കെ കൂടി കൂടിവരും. ഗുണ്ടു നടുവിലും കുഴിമിന്നല്‍ വശങ്ങളിലുമായാണു ചിട്ടപ്പെടുത്തുക. ഗുണ്ടിന്റേതു കുറച്ചു പതിഞ്ഞ ശബ്ദമാണ്. മിന്നലിന്റേതു തുറന്നടിക്കലും. ഇവ രണ്ടും കലരുമ്പോഴാണു വെടിക്കെട്ടിന്റെ മുഴക്കമുണ്ടാകുന്നത്. ഈ മുഴക്കങ്ങള്‍ക്കിടയില്‍ നിശബ്ദത വരാതിരിക്കാനാണ് ഒാലപ്പടക്കം. രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോഴേക്കും ഒാലപ്പടക്കം വലിയ മാലകളായി തൂക്കിയിരിക്കും. ഇതാണു ഗുണ്ടിലേക്കും ഡൈനയിലേക്കും മറ്റും തീ പകരുന്നത്. പടക്കത്തിലേക്കു തീ പകര്‍ന്നു പോകുന്നതിനു പത്യേക ഭംഗിയുണ്ട്. തടഞ്ഞു നിര്‍ത്തിയ വെള്ളം പെട്ടെന്നു ഒരു ചാലിലേക്കു തുറന്നുവിട്ടതുമാതിരിയാണിത്. ആവേശത്തോടെ കുതിച്ചു പായുന്ന സ്വര്‍ണ്ണ നിറമുള്ള തീയിന് വല്ലാത്തൊരു ചന്തമാണ്.

അവസാന ഘട്ടത്തിലേക്കുകടക്കുന്നതിനു മുന്‍പു രണ്ടാം ഫിനിഷിങ് നടത്തും. അവിടെയാണ് സമാന്യം വലിയ കൂട്ടപ്പൊരിച്ചിലുണ്ടാകുക. അതോടെ വെടിക്കെട്ടു പൂര്‍ണ്ണ രൂപത്തിലേക്കു കടക്കും. അഗ്നിയുടെ താണ്ഡവ നൃത്തമാണു പിന്നീടു കാണുക. ആടി ഉലയുന്ന അഗ്നിയെ ഇവിടെക്കാണാം.

ഇവിടെ മുതല്‍ കരിമരുന്നിന്റെ പാടമായിരിക്കും. നിലത്തു മുഴുവന്‍ മരുന്നു പാകിയതുപോലെ കാണാം. അതിനെല്ലാം ഒരുമിച്ചു തീ പിടിക്കും. പടക്കത്തിലേക്കു തീ പായുന്നതിന്റെ വേഗം കണ്ണഞ്ചിപ്പിക്കുന്ന വിധമാകും. മൂന്നില്‍ വീഴുന്ന തീ പടര്‍ന്നു പോകുമ്പോഴു പുറകില്‍ പൊട്ടിക്കൊണ്ടിരിക്കും. ഇരുപതു മീറ്റര്‍ ദൂരത്തേക്കുവരെ തീ പടര്‍ന്നു ചാ‌ടുന്നതുകാണാം. നിരനിരയായി ഇട്ട ഗുണ്ടിനും കുഴിമിന്നലിനും ഇരുവശത്തുമായി ഡൈനകളുടെ വലിയ നിരയുണ്ടാകും. അവയെല്ലാം ഒരേ സമയം ആകാശത്തേക്കുയരും. അതു കഴിഞ്ഞാല്‍ പന്ത്രണ്ടടിയോളം ഉയരത്തില്‍ കെട്ടിയ വലിയ ഫ്രെയ്മില്‍ നിറയെ ഒാലപ്പടക്കം വിതാനിച്ചിട്ടുണ്ടാകും. വലിയ മതില്‍പോലുള്ള ഈ മാലപ്പടക്ക മറയിലേക്കു തീ പടരുന്നതോടെ വെടിക്കെട്ടിന്റെ അവസാന ഘട്ടമായി ഫിനിഷിംങ് തുടങ്ങുകയായി.

ഇവിടെ തീ ആകാശത്തേക്ക് ഉയരും. ഫ്രെയ്മിനു നാലുവശത്തുമായി നിരത്തിയ വെടിക്കോപ്പിലേക്കു തീ ഒരേ സമയം പടരും. ആ പ്രദേശം മുഴുവന്‍ അഗ്നിയുടെ വര്‍ണ്ണിക്കാനാകാത്ത താണ്ഡവമാകും. പുകയുടെ മറയില്‍നിന്നു വെളിച്ചം ചീളുപോലെ പുറത്തുവരും. ഭൂമിയാകെ കിടുങ്ങുന്നതായും തോന്നും. വിവിധ ഉയരങ്ങളിലായി ക്രമപ്പെടുത്തിയ ഗുണ്ടും മിന്നലും ഡൈനയും ഒരേ സമയം നൂറടിയോളം ഉയരത്തില്‍ പലയിടത്തായി പൊട്ടിക്കൊണ്ടിരിക്കും. അഗ്നിയുടെ വലിയൊരു ഗോപുരം നിന്നു വിറയ്ക്കുന്നതുപോലെ തോന്നും. നാം അടുത്തു നില്‍ക്കുന്ന ആളെ മറക്കും, ലോകം മറക്കും എവിടെയാണെന്നു മറക്കും. വെളിച്ചവും ശബ്ദവും ആവേശവും ഭൂമിയെ ആകെ എടുത്തു വിറപ്പിക്കുന്നതുപോലെ തോന്നും. ഹൃദയത്തിന്റെ താളത്തിനു ഈസമയത്തു വെടിക്കെട്ടിന്റെ അതേ താളമായിരിക്കും. വെളിച്ച പ്രഭയില്‍ തേക്കിന്‍കാടു മൈതാനം പകല്‍പോലെ തെളിഞ്ഞിരിക്കും. അവിടെ നില്‍ക്കുന്ന ഒാരോ മരവും നമുക്കു പകലിലെന്നപോലെ കാണാനാകും. എവിടെവച്ചു തീരുമെന്നു പറയാനാകാതെ നില്‍ക്കുമ്പോള്‍ വലിയ മൂന്നു ഡൈനകളുടെ ഇടവേളയില്‍ വെടിക്കെട്ട് അവസാനിക്കും. അതോടെ ആയിരക്കണക്കിനു ആളുകളുടെ ആര്‍പ്പുവിളി കേള്‍ക്കാം. അവരെല്ലാം രണ്ടു കൈകളും മാനത്തേക്കുയര്‍ത്തി ചാടുന്നതു കാണാം. വെടിക്കെട്ടു മൈതാനത്തു പരസ്പരം കെട്ടിപ്പിടിക്കുന്നവരെ കാണാം. മുകളിലേക്കു നോക്കിയാല്‍ പുക വലിയൊരു കുടയായി തേക്കിന്‍കാടിനു മുകളില്‍ വിരിഞ്ഞു വിരിഞ്ഞു വരുന്നതു കാണാം.

ഉണ്ണി കെ. വാരിയര്‍