പൂരപ്പിറവിയും ശക്തന്‍തമ്പുരാനും

മഹാപ്രതാപശാലിയും ദൃഢചിത്തനുമായിരുന്ന ശക്തന്‍ തമ്പുരാനുമായാണ് തൃശൂര്‍പൂരത്തിന്റെ ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നത്. നീതിയുടെയും നിയമത്തിന്റെയും മൂര്‍ത്തീഭാവമായിരുന്ന തമ്പുരാനാണ് ഒന്‍പതു ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി വടക്കുംനാഥനെ സാക്ഷിയാക്കി പൂരത്തിനു ജന്മമേകിയത്. ഇതിനുപിന്നിലെ ചരിത്രം ഇങ്ങനെയാണ്. പുരാതനകാലം മുതല്‍ക്കെ ആഘോഷിച്ചിരുന്ന ആറാട്ടപുഴപൂരമായിരുന്നു അന്ന് പൂരത്തില്‍ കെങ്കേമന്‍. ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ദേവകളെത്തുമായിരുന്നു. അക്കാലത്ത് ആറാട്ടുപുഴപൂരത്തിന്റെ ശ്രേഷ്ഠതയും പ്രതാപവും മലയാളക്കരയാകെ വ്യാപിച്ചിരുന്നു.

മേടമാസം. ആകാശമാകെ ഇരുള്‍മൂടി. കാറ്റും പേമാരിയും ദേശമാകെ പെയ്തുതുള്ളി. കാലാവസ്ഥയുടെ ഈ പ്രതികൂലാവസ്ഥയില്‍ ഒന്‍പതുക്ഷേത്രങ്ങള്‍ക്കും പൂരമെഴുന്നള്ളിച്ച് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. കാരണമെന്തായാലും, പൂരത്തിനെത്താതിരുന്ന ക്ഷേത്രങ്ങള്‍ക്കെല്ലാം ഭ്രഷ്ടു കല്‍പ്പിക്കപ്പെട്ടുവത്രേ!ഈ സന്ദര്‍ഭത്തിലാണ് ശക്തന്‍തമ്പുരാന്‍ തൊട്ടടുത്ത പൂരം നാളില്‍ തൂശൂരില്‍ പൂരത്തിനു കളമൊരു ക്കിയത്. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍,

അയ്യന്തോള്‍, ചൂരക്കാട്ട്കാവ്, കണിമംഗലം ശാസ്താവ്, നെയ്തിലക്കാവ് - എല്ലാവരും വടക്കുംനാഥന്റെ സന്നിധിയിലെത്തി. 977 മേടത്തിലെ പൂരം നാളില്‍ തൃശൂര്‍പൂരം ആരംഭിച്ചു. ഇന്ന് ആറാട്ടുപുഴ പൂരത്തെ ബഹുദൂരം പിന്നിലാക്കി തൃശൂര്‍പൂരം വിശ്വപ്രസിദ്ധ മായിരിക്കുകയാണ്. സാംസ്കാരിക കേരളത്തിന്റെ തിലകക്കുറിയായ തൃശൂര്‍ പൂരത്തിന്റെ പിറവിക്കു വഴിയൊരുക്കിയ ശക്തന്‍തമ്പുരാനോടാണ് ഇതിനു നന്ദി പറയേണ്ടത്.