അഴകിന്റെ നിറച്ചെപ്പു തുറക്കുന്ന പൂരം...

ഇരുനൂറ് വര്‍ഷം മുന്‍പു മീനമാസത്തിലെ വേനല്‍മഴ. ധാരധാരയായി പെയ്തിറങ്ങിയ ആ മഴയില്‍ പുഴകളും തോടുകളും നിറഞ്ഞൊഴുകി. മീന മാസത്തിലെ പൂരം നാളടുത്തിട്ടും മഴയ്ക്കു ശമനമില്ല.ചതിച്ചല്ലോ ന്റെ ദേവീ... ഇത്തവണ എങ്ങനെ പെരുവനം പൂരത്തിന് അമ്മേ എഴുന്നള്ളിക്കും..? കരപ്രമാണി തലയില്‍ കൈവച്ചു നൊന്തുവിളിച്ചു. മഴയൊന്നു ശമിച്ചു.
തെല്ലൊരു ആശ്വാസം.

താളവും മേളവുമായി ഗജവീരന്മാരുടെ അകമ്പടിയോടെ തൃശൂര്‍ദേശക്കാര്‍ പെരുവനത്തേക്ക് എഴുന്നള്ളി. വഴിക്കു മഴയങ്ങു കനത്തു പെയ്തു. പുഴ കടക്കാനുമായില്ല. തിടമ്പുകള്‍ ഒരു കുടിലില്‍ ഇറക്കി വച്ചു. ദേശക്കാര്‍ മാറിമാറി ദേവിദേവന്മാരെ സ്തുതിച്ചു. മഴ അടങ്ങിയില്ല. തിരിച്ചെഴുന്നെള്ളേണ്ടി വന്നു. പാറമേക്കവിലമ്മ മാത്രമല്ല തിരുവമ്പാടി ഭഗവതിയും മറ്റു ദേവകളും തിരിച്ചെഴുന്നള്ളി.

കരപ്രമാണിമാര്‍ ശക്തന്‍തമ്പുരാന്റെ മുന്‍പില്‍ സങ്കടമുണര്‍ത്തിച്ചു. കല്ലേ പിളര്‍ക്കുന്ന കല്‍പ്പന ഉടന്‍ വന്നു: ...എന്തിനാ പെരുവനത്തേക്കും ആറാട്ടുപുഴയ്ക്കുമൊക്കെ പോകുന്നേ..? ഇവിടെ വടക്കുന്നാഥന്റെ പൂങ്കാവനമില്ലേ... അവിടെയങ്ങു പൂരം നിരന്നാലെന്താ...പാറമേക്കാവും തിരുവമ്പാടിയും പൂരത്തിനു ചുക്കാന്‍ പിടിക്കെട്ടെ...ന്തേ..!ദേശക്കാര്‍ക്കു സമ്മതം. എല്ലാവര്‍ക്കും സന്തോഷമായി. നാടെങ്ങും പൂരാരവം മുഴങ്ങി. ഇതാ ഇത്തവണ തൃശ്ശിവപേരൂരിലും പൂരം! ചമയങ്ങളും കോപ്പും മേളോപകരണങ്ങളും സംഘടിപ്പിക്കാന്‍ ദേശക്കാര്‍ ഏറെ പണിപ്പെട്ടു. ഒടുക്കം പെരുവനം പൂരത്തോടു വാശിയായി. പെരുവനത്തു പൂരം നടക്കുന്ന അതേ ദിവസം മീനത്തിലെ പൂരം നാളില്‍

തൃശൂരില്‍ പൂരം നിരന്നു. പക്ഷെ എന്തു പറയാന്‍. നാട്ടാരെല്ലാം കേള്‍വികേട്ട പെരുവനം പൂരം കാണാന്‍പോയി. തൃശൂര്‍ പൂരത്തിന് ആനയും മേളക്കാരും നടത്തിപ്പുകാരും മാത്രം. പക്ഷെ തളര്‍ന്നില്ല. അടുത്ത തവണ മേടത്തിലെ പൂരം നാളിലായി തൃശൂര്‍പൂരം. പെരുവനം പൂരം കഴിഞ്ഞുള്ള ഒഴിവായതിനാല്‍ ആനകളും കോപ്പുകളും കിട്ടാനുമെളുപ്പമായി. അത്തവണത്തെ പൂരത്തിനു പുരുഷാരമേറി. പിന്നയങ്ങു പെരുമായാര്‍ന്ന പൂരങ്ങള്‍ പിറന്നുവീണു. തൃശൂര്‍പൂരത്തിന്റെ ഖ്യാതി കടലലകള്‍ കടന്നു. ഇതിനിടയില്‍ തിരുവമ്പാടിയും പാറമേക്കാവും സൌഹൃദമല്‍സരമായി. അതു പൂരത്തിനു കൊഴുപ്പേകി.

മറ്റ് എട്ടു ദേശക്കാര്‍ക്കൂടി പൂരത്തിനു പങ്കെടുക്കാനെത്തി. പണ്ട് ആനക്കാരും സംഘാടകരും മാത്രം നിന്നു നടത്തിയ എഴുന്നള്ളിപ്പുകള്‍ കാണാന്‍ തേക്കിന്‍കാട്ടില്‍ സ്ഥലമില്ലാ തായി. സ്വരാജ്റൌണ്ടും നിറഞ്ഞു. ഇപ്പോള്‍ പൂഴിവീണാല്‍ താഴാത്തത്ര ജനം പൂരത്തിനെത്തും. അങ്ങനെ വര്‍ണതാളമേളവാദ്യലയ ഭംഗിയായി തൃശൂര്‍പൂരം വാനോളം വളര്‍ന്നു.‘’പൂരത്തിന് എന്താത്രേ ശേല്?” ചോദ്യം ആരുടേതാണെങ്കിലും തൃശൂര്‍ക്കാരന്റെ ഉത്തരം ‘ടപ്പേ”ന്നു വരും.‘’ന്റി ഷ്ടാ... കാണാന്‍ പോന്ന പൂരം പറഞ്ഞറിയിക്കണോ?” കേട്ടറിവിന്റെ കേളികൊട്ടിനുമപ്പുറം കണ്‍മിഴിക്കുന്ന നിറകാഴ്ചയാണു പൂരം. ആനകള്‍, എഴുന്നള്ളിപ്പുകള്‍, മേളം, കുടമാറ്റം, വെടിക്കെട്ട്... അഴകിന്റെ നിറച്ചെപ്പു തുറക്കുകയാണീ പൂരം.