അഴകേറും വെഞ്ചാമരങ്ങള്‍

കാലങ്ങളായി തിരുവമ്പാടിക്കായി വെഞ്ചാമരവും ആലവട്ടവും നിര്‍മിക്കുന്ന കണിമംഗലം കടവത്ത് വീട്ടില്‍ കെ. ചന്ദ്രന്‍ അവസാനഘട്ട ഒരുക്കങ്ങളിലാണ്. പൂരം കൊഴുപ്പിക്കാന്‍. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ നമ്മുടെ നാട്ടില്‍ പശു എന്നതുപോലെ അവിടത്തുകാര്‍ വളര്‍ത്തുന്ന യാക്കിന്റെ രോമം ഉപയോഗിച്ച് നിര്‍മിക്കുന്ന വെഞ്ചാമരങ്ങളുടെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്.

1. ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് യാക്കിന്റെ രോമം കമ്പിളി വസ്ത്രങ്ങള്‍, വാര്‍മുടി എന്നിവയുടെ നിര്‍മാണത്തിനായി ബെംഗളൂരുവില്‍ എത്തിക്കുന്നു. ഇവിടെനിന്നാണ് വെഞ്ചാമരത്തിന്റെ നിര്‍മാണത്തിനായി രോമം ശേഖരിക്കുന്നത്. ഇതില്‍നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിച്ച് വൃത്തിയാക്കി കരളത്തിലേക്ക് എത്തിക്കുന്നു.

2. വെഞ്ചാമരത്തിന്റെ നിര്‍മാണത്തിനായി എത്തിക്കുന്ന യാക്കിന്റെ രോമങ്ങളില്‍നിന്ന് ചെമ്പന്‍ നിറമുള്ളത് മാറ്റി വെള്ള നിറമുള്ളത് മാത്രം ശേഖരിക്കുന്നു.

3. പരുത്തികാണ്ട് നിര്‍മിക്കുന്ന കയറില്‍ യാക്ക് രോമങ്ങള്‍ പിന്നിയെടുക്കുന്നു. ഇതാണ് വെഞ്ചാമരം നിര്‍മിക്കുന്നതിലെ ഏറ്റവും വൈദഗ്ദ്യം ആവശ്യമായ ഘട്ടം. ഇങ്ങനെ പിന്നിയെടുക്കുന്ന നാല് വാലുകളാണ് ഒരു ജോടി വെഞ്ചാമരത്തിന് ആവശ്യമായി വരുന്നത്.

4. പിന്നിയെടുത്ത വാലുകള്‍ കടഞ്ഞെടുത്ത തടികാണ്ടുള്ള പിടിയില്‍ ചുറ്റിയെടുക്കുന്നതോടെ വെഞ്ചാമരം തയാറാകുന്നു.

യാക്കിന്റെ രോമം കിലോയ്ക്ക് 5,000 രൂപയാണ് വില. ഒരു വെഞ്ചാമരം നിര്‍മിക്കാന്‍ മൂന്ന് കിലോഗ്രാം രോമം വേണം. തടികാണ്ടുള്ള പിടിക്ക് 1,000 രൂപയുംഅതില്‍ ലോഹം പൊതിയുന്നതിന് 1,200 രൂപയും ചെലവ് വരും. നിര്‍മിക്കുന്നതിനുള്ള കൂലി കിലോയ്ക്ക് 2,000 രൂപ. ചുരുക്കത്തില്‍ പ്പറഞ്ഞാല്‍ വെഞ്ചാമരം ഒന്നിന് 25,000 രൂപയ്ക്കടുത്താണ് ചെലവ്. ഒരു വെഞ്ചാമരത്തിന് ഏഴു കിലോയോളം ഭാരമുണ്ട്. അത് ഒരു ജോടിയാകുമ്പോള്‍ 14 കിലോയാകും.