നാവില്‍ രുചിക്കൂട്ടൊരുക്കുന്ന വിഷുക്കാലം

നിഷ കെ. നായര്‍

ഗന്ധങ്ങളുടെ കൂടി ഉല്‍സവമാണ് വിഷു. മണ്ണിന്റെ, കര്‍ഷകന്റെ ഉല്‍സവം. കന്നിവിളയുടെ പണി വിഷു നാളിലാണ് തുടങ്ങുന്നത്. പാടത്തു വിളയ്ക്കു ചാലുകീറുമ്പോള്‍ മൂക്കിലേക്കു കുതിച്ചെത്തും മണ്ണിന്റെ മണം. മാവു പൂക്കുന്ന കാലമായതിനാല്‍ വിഷുക്കാറ്റിന് മാമ്പൂ മണമുണ്ടാകും. നാട്ടുഫലങ്ങള്‍ മൂത്തുപഴുക്കുന്ന കാലവുമാണ്. ചക്ക, മാങ്ങയുള്‍പ്പെടെയുള്ള പഴങ്ങള്‍ വിള ഞ്ഞുപഴുത്ത് അവയുടെ ഉന്മത്ത ഗന്ധം പരത്തും.

വിഷുവിന്റെ അടുക്കളയോ, നാവിന് ആഘോഷമൊരുക്കുന്ന തനി നാടന്‍ വിഭവങ്ങളുടെ മണങ്ങളുമായി കൊതിപ്പിക്കുന്നു. വിഷുനാളില്‍ തെക്കന്‍ കേരളത്തിന്റെ വീട്ടുമുറ്റത്താണ് ആദ്യവിഭവം ഒരുങ്ങുന്നത്. വിഷുവിന്റെ പ്രധാനിയായ ആദിത്യ ഭഗവാന്റെ പ്രീതിക്ക് വിഷുക്കഞ്ഞിയൊരുക്കുന്നത് ഇന്നും തെറ്റാത്ത പതിവ്. അരിയും ശര്‍ക്കരയും ധാരാളം വെള്ളം ചേര്‍ത്ത് മുറ്റത്ത് അടുപ്പുകൂട്ടിയാണ് വിഷുക്കഞ്ഞിയുണ്ടാക്കുന്നത്. ആദിത്യപ്രീതിക്കായതിനാല്‍ മുറ്റത്ത് സൂര്യപ്രകാശത്തില്‍ത്തന്നെ വിഷുക്കഞ്ഞി തയാറാക്കുന്നു. വിഷുസദ്യയില്‍ വരവ് വിഭവങ്ങള്‍ അടുക്കളപ്പടിക്ക് പുറത്തേ നിര്‍ത്താറുള്ളു. ചുറ്റുവട്ടത്തു ണ്ടാകും ഒരു നല്ല സദ്യയ്ക്കുള്ള എല്ലാ കോപ്പുകളും.

സാമ്പാര്‍, രസം തുടങ്ങി പരദേശി വിഭവങ്ങള്‍ വിഷുസദ്യയില്‍ പതിവില്ല. മാങ്ങയും ചക്കയുമൊക്കെ സുലഭമായി കിട്ടുന്ന കാലമായതിനാല്‍ സദ്യയിലും മുന്‍തൂക്കം അവയ്ക്കു തന്നെ. ഇടിച്ചക്ക തോരനാണ് ഊണിന്റെ സ്പെഷല്‍. ഇടിച്ചക്ക തോരനുണ്ടാക്കാന്‍ പൊടിച്ചക്ക (കൈപ്പരുവമായ ഇളംചക്ക) മുള്ളുനീക്കി ചെറുകഷണങ്ങളാക്കി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കണം. ഇത് അമ്മിയില്‍ വച്ച് ചതച്ചെടുക്കുന്നു. പിന്നീട് ഉഴുന്നുപരിപ്പ് താളിച്ച് എണ്ണ ചൂടാക്കിയ ശേഷം തേങ്ങയും മഞ്ഞപ്പൊടിയും മുളകുപൊടിയും ജീരകവും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കിയാല്‍ ഈ ലോകത്തിലെ ഏറ്റവും രുചിയുള്ള തോരനായി. ചക്ക വറുത്തെരിശ്ശേരിയാണ് വിഷുസദ്യയില്‍ മറ്റൊരു മുന്‍പന്തിക്കാരന്‍. പച്ചക്കറി അവിയലിനു പകരം ചക്ക അവിയലുണ്ടാകും. കണിവയ്ക്കുന്ന വെള്ളരിയെ എല്ലാവരും കണികണ്ട ശേഷം അടുക്കളയിലേക്കു മാറ്റിയാല്‍ അതുകൊണ്ട് ഉഗ്രന്‍ പച്ചടിയുണ്ടാക്കും. അല്‍പം മാങ്ങ കൂടി അരിഞ്ഞിട്ടുണ്ടാക്കുന്ന പച്ചടി ചക്ക എരിശേരിക്കൊപ്പം ഉഗ്രന്‍ കോംപിനേഷ നുമാണ്. ഊണിന് എരിവും പുളിയും പകരാന്‍ കടുമാങ്ങ അച്ചാര്‍.

നാട്ടുമാങ്ങ കൊണ്ടുണ്ടാക്കുന്ന മാമ്പഴപ്പുളിശേരി മാത്രം മതി വിഷുവിനെ നാവിനു പ്രിയപ്പെട്ടതാക്കാന്‍. മുഴുവന്‍ നാട്ടുമാങ്ങ തോലുരിച്ചിട്ടുണ്ടാക്കുന്ന മാമ്പഴപ്പുളിശേരി പിഴിഞ്ഞൊഴിച്ച് സദ്യയുണ്ണാന്‍ ഏറ്റവും ആവേശം കുട്ടികള്‍ക്കു തന്നെ. തൊടി യില്‍ ധാരാളം പയറു കായ്ച്ചിട്ടുണ്ടാവുമെന്നതിനാല്‍ പയര്‍ മെഴുക്കുപുരട്ടിയും വിഷുസദ്യയില്‍ സ്ഥാനം പിടിക്കാറുണ്ട്. ഒാണത്തിന് കായ ഉപ്പേരിയാണ് മുന്‍പനെങ്കില്‍ വിഷുവിന് കൊറിക്കാന്‍ നല്ല മൂത്ത ചക്കച്ചുള വറുത്തതുണ്ടാവും. നന്നായി വരട്ടിയെടുത്ത വരിക്കച്ചക്ക കൊണ്ടാണ് രുചിയുടെ രാജാവായ പ്രഥമന്‍. പാലും അരിയും ചേര്‍ത്ത് പാല്‍പ്രഥമന്‍ കൂടിയു ണ്ടെങ്കിലും കേമം തന്നെ. വിഷുനാളില്‍ വൈകുന്നേരങ്ങളില്‍ വിഷുഅടയും ഒരുക്കാറുണ്ട്. ഇടഞ്ഞെടുത്ത അരിപ്പൊടി കുഴച്ച് ഉരുളയാക്കി പരത്തിയ ശേഷം ശര്‍ക്കരയും തേങ്ങയും ചേര്‍ന്ന കൂട്ട് ഉള്ളില്‍വച്ച് വാഴയിലയിലുണ്ടാക്കുന്ന അടയുടെ രുചികേമത്തം ഗംഭീരമാണ്.

വിഭവങ്ങള്‍ക്കു പഞ്ഞമില്ലെങ്കിലും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഉണ്ണുമ്പോഴാണ് വിഷു കേമമാവുക. വിഷുദിനത്തിനെ ങ്കിലും തീന്‍മേശയുടെ ഒൌന്നത്യം ഒഴിവാക്കി ഭൂമിയെ തൊട്ടിരുന്നത് ഉണ്ണുന്നതും വ്യത്യസ്തമായ അനുഭവം തന്നെ. ചക്ക വിഭവങ്ങള്‍ ധാരാളം കഴിക്കുന്നതിനാല്‍ വയറ് സ്വസ്ഥമാക്കാന്‍ അല്‍പം ഇഞ്ചിക്കറി കൂടിയൊരുക്കാന്‍ വീട്ടമ്മമാര്‍ മറക്കാ റില്ല. എല്ലാം കൂട്ടി ഉണ്ട്, കൈക്കുമ്പിളില്‍ അല്‍പം മോരും കൂടി രുചിക്കുമ്പോഴാണ് വിഷുസദ്യ പൂര്‍ണമാകുന്നത്. ഊണു കഴിഞ്ഞ് വെടിവട്ടത്തിനായി പൂമുഖത്തിരിക്കുമ്പോള്‍ തളിര്‍വെറ്റിലകള്‍ വേണം കാര്‍ന്നോന്മാര്‍ക്ക് മുറുക്കാന്‍. ഒന്നു മുറുക്കി ത്തുപ്പിയാലേ ഊണങ്ങോട്ട് സുഖമാകൂ. എല്ലാം കഴിഞ്ഞ് ഏമ്പക്കവും വിട്ടെണീക്കുമ്പോഴാകും വിഷുപ്പക്ഷിയുടെ പാട്ട് കേള്‍ക്കുന്നത്, ചക്കയ്ക്കുപ്പുണ്ടോ??