CHRISTMAS STAR

'' ആ സൺഡേ സ്കൂൾ അനുഭവം എന്റെ ജീവിതത്തെ മാറ്റിമറിച്ചു ''

പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളസിനിമാ ചരിത്രത്തിൽ തന്റേതായ ഇടംനേടിയ സംവിധായകനാണ് വൈശാഖ്. തളർന്നുപോകുന്ന പല പ്രതിസന്ധിഘട്ടങ്ങളിലും ഒറ്റയ്ക്കായപ്പോഴും വൈഖാഖ് പിടിച്ചു നിന്നു. കോടികള്‍ മുടക്കുന്ന സിനിമയുടെ തലവനായി നീണ്ടനാൾ പോരാടിയ ശേഷമാണ് പുലിമുരുകനെ പ്രേക്ഷകരിലേക്ക് സമർപ്പിച്ചത്. വെല്ലുവിളി നിറഞ്ഞ സംവിധാനരീതിയും പ്രതികൂലഘട്ടങ്ങളെ മെരുക്കിയെടുക്കുന്ന കരവിരുതും വൈശാഖ് നേടിയത് കടന്നുവന്ന ജീവിതവഴികളിലൂടെ തന്നെ. കുട്ടിക്കാലം തന്റെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് വൈശാഖ്.

‘കുട്ടിക്കാലത്ത് വേദപാഠക്ലാസിൽ പഠിക്കുന്ന സമയം. അന്ന് സൺഡേ സ്കൂളിൽ പഠന കളരി നടക്കുകയാണ്. മത്സരമൊക്കെ കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ പല ഗ്രൂപ്പുകളായി തിരിക്കും അതിൽ ഒരു ഗ്രൂപ്പിന്റെ ലീഡർ ആയി എന്നെയാണ് തിരഞ്ഞെടുത്തത്.

നമുക്കൊരു പേപ്പർ തരും. അതിൽ കുറേ കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാകും. സോഡാകുപ്പി അടപ്പ്, തീപ്പെട്ടി കമ്പ്, സ്ലൈഡ്, കോയിൻ അങ്ങനെ കുറേ ലിസ്റ്റ് ഉണ്ടാകും. ആ ലിസ്റ്റിലുള്ള സാധനങ്ങൾ ഏറ്റവും ആദ്യം കൊണ്ടുവരുന്ന ഗ്രൂപ്പിനാണ് ഒന്നാം സ്ഥാനം കൊടുക്കുന്നത്. എല്ലാ ഗ്രൂപ്പ് ലീഡേഴ്സിനും ലിസ്റ്റ് എഴുതിയ പേപ്പർ കൊടുക്കും.

എനിക്കും കിട്ടി വലിയൊരു ലിസ്റ്റ്. ലിസ്റ്റ് കിട്ടിയ പാടെ ഞാൻ നോക്കി. കിട്ടിയ ലിസ്റ്റിൽ ഗ്ലാസിന്റെ കഷണം എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ഗ്ലാസിന്റെ കഷണം അന്വേഷിച്ച് നടന്നാൽ കിട്ടാൻ വലിയ പാടാണ്. ഞാൻ കഷ്ടപ്പെട്ട ഓടിചെന്ന് അത് എടുത്തു. എന്നിട്ട് ഗ്രൂപ്പിലുള്ള കൂട്ടുകാർക്കൊക്കെ ഈ സാധനങ്ങൾ എവിടെയാണ് ഇരിക്കുന്നതെന്ന് പറഞ്ഞുകൊടുത്തു. അവസാനം എന്റെ ഗ്രൂപ്പിനു മാത്രം സമ്മാനം കിട്ടിയില്ല. അത്യാവശ്യം മറ്റുപരിപാടികൾക്ക് സമ്മാനം കിട്ടിക്കൊണ്ടിരുന്നതാണ്. അപ്പോൾ വലിയ സങ്കടമായി.

അന്ന് ഈ മത്സരം ലീഡ് ചെയ്തിരുന്ന ഫാദർ എന്നോട് ഒരു കാര്യം പറഞ്ഞു. ‘നിങ്ങൾ നന്നായി പരിശ്രമിച്ചു. പക്ഷേ നഷ്ടമായത് ലീഡർഷിപ്പ് ക്വാളിറ്റി ആണ്. അതുകൊണ്ടാണ് നിങ്ങൾക്ക് സമ്മാനം കിട്ടാതെ പോയത്. ഒരു ലീഡർ ഒരു നല്ല കോർഡിനേറ്റർ ആകണം. പത്ത് സാധനങ്ങളായിരുന്നു ലിസ്റ്റിൽ തന്നിരുന്നത്. നിങ്ങളുടെ ഗ്രൂപ്പിൽ പതിനഞ്ച് കുട്ടികളും ഉണ്ടായിരുന്നു. പത്ത് കുട്ടികൾക്കും ഓരോ സാധനങ്ങളും പറഞ്ഞുകൊടുത്തിട്ട് നേതാവായ നീ അവിടെ ഒരു കസേരയിൽ ഇരുന്നിരുന്നെങ്കിൽ അവർ ആ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് തരുമായിരുന്നു. അങ്ങനെയെങ്കിൽ ചിലപ്പോൾ സമ്മാനം നിങ്ങളുടെ ഗ്രൂപ്പിന് ലഭിക്കുമായിരുന്നു.

കൊച്ചുകുട്ടിയായിരുന്ന സമയത്താണ് ഈ സംഭവം. എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത് ഒരു ലീഡറായിരിക്കുമ്പോൾ നമ്മൾ നന്നായി കോഡിനേറ്റ് ചെയ്യുക എന്നതാണ്. സിനിമയിൽ ആണെങ്കിലും അങ്ങനെ തന്നെയാണ് ചെയ്യാറ്. ‌ഇറങ്ങിക്കളിക്കുന്ന ആൾ പടയാളിയും ലീഡ് ചെയ്യുന്ന ആൾ നേതാവുമാണ്.’

© Copyright 2016 Manoramaonline. All rights reserved