മകരജ്യോതി കാണാവുന്ന പാഞ്ചാലിമേട്, പരുത്തുംപാറ, പുല്ലുമേട്

ടി.കെ.രാജപ്പൻ

പൂങ്കാവനങ്ങൾ കുളിരു ചൂടി. മകരജ്യോതി ദർശനത്തിന്റെ പുണ്യത്തിലേക്ക്. ശബരിമലയിൽ നിന്നും കിലോമീറ്റർ അകലെ പാഞ്ചാലിമേട്, പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങൾ അയ്യപ്പ ഭക്തരെ കൊണ്ട് നിറയുകയാണ്.
പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയുമ്പോൾ അതുകണ്ട് തൊഴുകൈകളോടെ ശബരീശനെ ശരണംവിളിച്ച് ആത്മനിർവൃതിനേടാനായി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്.കുടിക്കാൻ വെള്ളമോ, മൊബലിനു റേഞ്ചോ , സന്ധ്യയായാൽ വെളിച്ചമോ ഇല്ലാത്ത പ്രദേശമാണ്. ഒരു തടസവുമില്ലാതെ ജ്യോതി കാണാൻ പറ്റിയ പ്രദേശം. അതാണ് ഇവിടേക്ക് ഭക്തരെ കൂടുതൽ ആകർഷിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ തീർഥാടകർ തടിച്ചു കൂടുന്ന പുല്ലുമേട് പെരിയാർ കടുവ സങ്കേതത്തിലെ ഏറ്റവും മനോഹരമായ പ്രദേശമാണ്. മരങ്ങൾ ഒന്നുമില്ലാതെ പുല്ലുമാത്രം ഉള്ള മലകൾ. എപ്പോഴും കാട്ടാനകളും കാട്ടുപോത്തുകളും മാനും കേഴയും ഏറെയുളള പ്രദേശം. പൊന്നമ്പമേടിനു തൊട്ടടുത്ത മല. അതിനാലാണ് ജ്യോതി ദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 102 അയ്യപ്പന്മാർ ഇവിടെ മരിക്കാൻ ഇടയായത്. കർണ്ണാടക,ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്‌തരും വിനോദസഞ്ചാരികളുമടക്കം വൻ ജനാവലിയാണ് പരുന്തുംപാറയിലെയും പാഞ്ചാലിമേട്ടിലെയും കുന്നിൻചെരുവുകളിൽ ഇവിടെ തടിച്ചു കൂടുക. ഇടുക്കി ജില്ലയിലാണ് മകരജ്യോതി ദർശിക്കാൻ കഴിയുന്ന ഈസ്ഥലങ്ങൾ . ഇവിടേക്ക് എത്താൻ കഴിയുന്ന വഴികളും മൂടൽ മഞ്ഞ് ഉണ്ടായാൽ ജ്യോതി കാണാൻ പറ്റുമോ എന്നുമുള്ള കാര്യങ്ങൾ ചുവടേ–

റൂട്ട്
∙ പരുന്തുംപാറയിലും പാഞ്ചാലിമേടിലും മൂടൽമഞ്ഞുണ്ടായാൽ മകരജ്യോതി ദർശനം ബുദ്ധിമുട്ടാകും. എന്നാൽ പുല്ലുമേട്ടിൽ ജ്യോതി ശരിക്കും കാണാം.
∙ പുല്ലുമേടിലേക്കുള്ള റൂട്ട്:
കോട്ടയം–കുമളി റൂട്ടിൽ വണ്ടിപ്പെരിയാറിൽനിന്ന് സത്രം വഴി പുല്ലുമേടിലെത്താം. മകരജ്യോതി കണ്ട് തിരിച്ച് കോഴിക്കാനത്തെത്തിയാൽ തിരികെ മടങ്ങാൻ കെഎസ്ആർടിസി ബസ് സൗകര്യമുണ്ട്.
∙ പരുന്തുംപാറയിലേക്കുള്ള റൂട്ട്
കോട്ടയം–കുമളി റൂട്ടിൽ പഴയ പാമ്പനാർ–കല്ലാർ കവലയിൽനിന്നു തിരിഞ്ഞാൽ പരുന്തുംപാറയിലെത്താം.
∙ പാഞ്ചാലിമേടിലേക്കുള്ള റൂട്ട്
കോട്ടയം–കുമളി റൂട്ടിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിലുള്ള മുറിഞ്ഞപുഴയിൽ നിന്നു തിരിഞ്ഞ് പാഞ്ചാലിമേടിലെത്താം.

നിയന്ത്രണങ്ങൾ
∙മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു തടസ്സം സൃഷ്ടിക്കുന്ന ഒരുതരത്തിലുള്ള ഇടപെടലും ഈപ്രദേശത്ത് അനുവദിക്കില്ല.
∙ ബാരിക്കേട് മറികടന്ന് വനത്തിനുള്ളിൽ പ്രവേശിക്കുന്നത് കർശനമായി വിലക്കിയിരിക്കുകയാണ്.
∙സ്വകാര്യവാഹനങ്ങൾ പുല്ലുമേടിലേക്കു കടത്തിവിടില്ല. ഔദ്യോഗികവാഹനങ്ങൾ മാത്രമേ പുല്ലുമേടിലേക്കു കടത്തിവിടൂ.
∙അസ്കാലൈറ്റ് സ്ഥാപിച്ച് വെളിച്ചം നൽകും.
∙ തിരക്ക് നിയന്ത്രിക്കാനായി വിവിധ ഭാഷകളിലുള്ള അനൗൺസ്മെന്റു് ഉണ്ടാകും.

പൊലീസ്
∙അപകടം ഒഴിവാക്കാൻ പൊലീസിനു വിപുലമായ ക്രമീകരണങ്ങൾ
∙ കുമളി, വണ്ടിപ്പെരിയാർ, സത്രം, കോഴിക്കാനം, ഉപ്പുപാറ, പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, തുടങ്ങിയ സ്ഥലങ്ങളെ 15 സെക്ടറുകളായി തിരിച്ച് രണ്ടായിരത്തിലേറെ പൊലീസിനെ വിന്യസിപ്പിക്കും.
∙ഗതാഗത നിയന്ത്രണത്തിനായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘവും ഉണ്ടാകും.

കെഎസ്ആർടിസി
∙ മകരജ്യോതി കഴിഞ്ഞ് മടങ്ങാൻ കോഴിക്കാനത്ത് നിന്ന് കുമളിക്ക് 50 ബസ്സുകൾ ഉണ്ടാകും.