മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതുവരെയുള്ള ആ വിഷുക്കാലം

എം. മുകുന്ദൻ

വേനൽ അവധിക്ക് സ്കൂൾ അടയ്ക്കുന്നതോടെ കാത്തിരിപ്പ് തുടങ്ങുകയായി. ഇനി വിഷുവിന് കുറച്ചുനാളുകളേയുള്ളൂ. പടക്കം വാങ്ങണം. അതിനു പണം വേണം. ആരും കാണാതെ അകത്തുപോയി ഹുണ്ടിക കുലുക്കിനോക്കും. ചില്ലറകൾ അതിനകത്തുനിന്ന് പുറത്തുചാടാൻ കൊതിച്ചുനിൽക്കുകയാണ്. നാലഞ്ചുമാസത്തെ സമ്പാദ്യമാണ്. അച്ഛനോ അമ്മയോ വല്ലപ്പോഴും തരുന്ന ചില്ലറത്തുട്ടുകൾ. അത് വിഷുപ്പടക്കം വാങ്ങാൻ വേണ്ടി മാറ്റിവച്ചിരുന്നതാണ്. വിഷുവിന് ഒരാഴ്ചയുള്ളപ്പോൾ ഹുണ്ടിക പൊട്ടിക്കും. ചില്ലറകൾ രണ്ടുതവണ എണ്ണിത്തിട്ടപ്പെടുത്തി പടക്കക്കടയിലേക്ക് ഓടുകയായി. ഓലപ്പടക്കങ്ങളും കമ്പിത്തിരിയുമെല്ലാമായി മടങ്ങിവരുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

എന്നും രാവിലെ പടക്കപ്പൊതി തുറന്നുനോക്കും. ഉച്ചയാകുമ്പോൾ വെയിലത്തുവയ്ക്കണം. വെയിലുകൊള്ളിച്ചില്ലെങ്കിൽ വിഷുനാളിൽ പടക്കം പൊട്ടിയെന്നു വരില്ല. പൊട്ടാതെ പോകുന്ന പടക്കത്തെ നോക്കി എത്രയോ തവണ നെടുവീർപ്പിട്ടിട്ടുണ്ട് എന്റെ കുട്ടിക്കാലം.

അമ്മ വിഷുവിന് കണിവയ്ക്കാനുള്ള സാധനങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. കണിവയ്ക്കുന്ന താലത്തിൽ വയ്ക്കാനുള്ള മാങ്ങയും കശുമാങ്ങയുമെല്ലാം എത്തിച്ചുകൊടുക്കേണ്ടത് ഞങ്ങൾ ആൺകുട്ടികളുടെ ചുമതലയാണ്. ദിവസങ്ങൾക്കു മുൻപേ അവയെല്ലാം പല പറമ്പുകളിൽ കണ്ടുവയ്ക്കും. തലേദിവസം വൈകിട്ടു തന്നെ എല്ലാം അമ്മയ്ക്കു കൊണ്ടുകൊടുക്കും. എങ്കിലേ അമ്മയ്ക്കും ഞങ്ങൾക്കും ആശ്വാസമാകൂ.

ഇനിയുള്ള മണിക്കൂറുകൾ മറ്റൊന്നിയായുളള കാത്തിരിപ്പാണ്. പുതിയ ട്രൗസറും കുപ്പായയവും ടെയ്‍ലറുടെ കടയിൽ നിന്ന് അച്ഛൻ കൊണ്ടുവരുന്നതും കാത്ത് എല്ലാവരും ഉമ്മറത്തു തന്നെയുണ്ടാകും. ഓണത്തിനും വിഷുവിനുമാണ് ടെയ്‍ലറുടെ കടയിൽ തിരക്കുണ്ടാകുക. ആ സമയത്താണ് എല്ലാവർക്കും പുത്തൻ വസ്ത്രങ്ങൾ വാങ്ങുക. അതുകൊണ്ടുതന്നെ തയ്ച്ചുകിട്ടാനുള്ള തിരക്കാണ്. എത്ര വൈകിട്ടാണെങ്കിലും എല്ലാവരുടെ പുത്തൻ വസ്ത്രവും ടെയ്‍ലർ തയ്ച്ചുകൊടുക്കും. അദ്ദേഹത്തിനറിയാം ഞങ്ങളുടെ കാത്തിരിപ്പിന്റെ വേദന.

തലേന്ന് രാത്രിയാകുന്നതോടെ ഓരോ വീടുകളിൽ നിന്നായി പടക്കം പൊട്ടിത്തുടങ്ങും. ഞങ്ങളും സാമ്പിളായി ഒന്നുരണ്ടെണ്ണം പൊട്ടിക്കും. പതുക്കെ പതുക്കെ പടക്കങ്ങളുടെ പൊട്ടലുകൾ കൂടി വരും. മത്സരത്തിനായി എല്ലാവരും തയാറാണെന്ന് കാണിക്കുകയാണ് ഈ സാമ്പിൾ പൊട്ടിക്കൽ.

വിഷുവിനു പുലർച്ചെ കണി വയ്ക്കുന്നതോടെയാണ് ഞങ്ങളുടെ യഥാർഥ പൊട്ടിക്കൽ വരുന്നത്. അപ്പോഴാണ് അച്ഛൻ കൊണ്ടുവന്ന പടക്കം ഞങ്ങൾക്കു തരിക. എന്നാലും എല്ലാം കൂടി കുറച്ചുനേരം പൊട്ടിക്കാനേ ഉണ്ടാകൂ. ഞങ്ങളുടെ വീടിനു മുൻവശത്തുള്ള വലിയ വീട്ടിൽ നിന്ന് അന്നേരവും പൊട്ടൽ തുടർന്നുകൊണ്ടിരിക്കും. പണമില്ലാത്തതിന്റെ അപകർഷതാ ബോധം അന്നേരമാണു മനസ്സിനെ വേദനിപ്പിക്കുക. ആ വീട്ടിൽ ‍ജനിച്ചിരുന്നെങ്കിൽ എന്ന് അന്നേരം വിചാരിച്ചുപോകും.
വിഷു സദ്യ കേമമാക്കാൻ അമ്മ വളർത്തിയ കോഴിയുടെ പിന്നാലെ ഓടുകയാണ് അന്നത്തെ മറ്റൊരു ജോലി. ഓണത്തിനും വിഷുവിനുമാണ് ആ കാലത്ത് ഞങ്ങളുടെ നാട്ടിലെ മിക്ക വീടുകളിലും ഇറച്ചിയുണ്ടാകുക. മീൻ മിക്ക ദിവസങ്ങളിലും ഉണ്ടാകും. ഓണത്തിനും വിഷുവിനും ഇറച്ചിയുണ്ടാക്കാനായി മിക്ക വീടുകളിലെയും അമ്മമാർ പൂവൻ കോഴിയെ വളർത്തും. കോഴി ഇല്ലാത്തവർ ആട്ടിറച്ചി വാങ്ങും. കൊല്ലത്തിൽ രണ്ടുതവണ മാത്രമേ ആട്ടിറച്ചി കഴിക്കാനും അവസരമുണ്ടാകൂ.

ഉച്ചഭക്ഷണം കഴിഞ്ഞാൽ ചിലർ ബന്ധുവീടുകളിൽ പോകും. പുതുതായി വിവാഹം കഴിഞ്ഞവർ കടപ്പുറത്തുപോകും. ഭാവിയെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പങ്ങൾ അവിടെ വച്ചാണ് പലരും പരസ്പരം തുറന്നുപറയുക. കടപ്പുറത്തെ മണൽത്തരികൾ ആ പ്രണയസങ്കൽപ്പങ്ങൾ എത്രയെത്ര കേട്ടിരിക്കും.

ഞങ്ങൾ അന്നുച്ചയ്ക്കു സിനിമയ്ക്കു പോകും. കടപ്പുറം അവിടെ തന്നെയുണ്ടാകുമല്ലോ. സിനിമ കാണാൻ വല്ലപ്പോഴും കിട്ടുന്ന അവസരമാണ്. അച്ഛനമ്മമാർക്കൊപ്പം ഞങ്ങളെല്ലാവരും മാറ്റിനി കാണാൻ പോകും.
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതുവരെ ഇതായിരുന്നു എന്റെ വിഷു. ഡൽഹിയിലെത്തിയ ആദ്യ വർഷങ്ങളിൽ വിഷു ആഘോഷമൊന്നുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് ശ്രീജ അവിടേക്കു വന്നതോടെയാണ് വിഷു ആഘോഷിക്കാൻ തുടങ്ങിയത്. കണിക്കൊന്നയെല്ലാം ഡൽഹിയിൽ ധാരാളം ലഭിക്കാനുണ്ടായിരുന്നു. അതെല്ലാം കൊണ്ടുവന്ന് കണിവയ്ക്കും. ഉച്ചയാകുന്നതോടെ കൂട്ടുകാരെല്ലാം വീട്ടിലേക്കുവരും. ശ്രീജ നന്നായി മീൻകറിയുണ്ടാക്കും. അതാണ് വിരുന്നുകാരുടെ ആകർഷവും.

ഡൽഹിയിലെ ജീവിതം അവസാനിപ്പിച്ച് മയ്യഴിയിൽ വീണ്ടുമെത്തിയപ്പോഴേക്കും നാട്ടിലെ വിഷുവിൻറെ തിളക്കമെല്ലാം നഷ്ടമായിരുന്നു. പുതിയ തലമുറയ്ക്കൊന്നും ഇത്തരം ആഘോഷങ്ങളിൽ താൽപര്യമില്ല. മക്കളൊന്നും അടുത്തില്ലാത്തതിനാൽ ഞങ്ങളുടെ വിഷു ആഘോഷം കണിയൊരുക്കുന്നതിൽ മാത്രമായി ചുരുങ്ങി. എങ്കിലും കുട്ടിക്കാലത്തെ വിഷുക്കാലം എന്നും മനസ്സിൽ ആയിരം പൂത്തിരികൾ കത്തിച്ചുകൊണ്ടിരിക്കും.

Related Articles
വിഷുച്ചിത്രങ്ങൾ വരവായി, ഇനി എല്ലാം മറന്നുള്ള ആഘോഷം!
വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
വിഷുവിന് തട്ടീം മുട്ടീം, മിനിസ്ക്രീനിലെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ
ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളും
മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം, ഒരിക്കലും മറക്കില്ല
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതു വരെയുള്ള വിഷുക്കാലം
ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ
സമ്പൂർണ്ണ വിഷുഫലം 2017, ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം
© Copyright 2017 Manoramaonline. All rights reserved....