× ഹോം ഇ–പൂക്കളം കുട്ടിമാവേലി

ഓണക്കാലത്ത് അധ്യാപകരായി ലാലേട്ടനും മമ്മൂക്കയും


ഓണക്കാലം സിനിമകളുടെ ഉത്സവകാലമാണ്. ഓണസദ്യയും ഊഞ്ഞാലും പുലികളിയും കൂടെ ഒരു സിനിമയുമുണ്ടെങ്കിലേ ഓണം പൂർണ്ണമാകുകയുള്ളു. ഇത്തവണ ഓണത്തിന് തീയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കാൻ എത്തുന്നത് രണ്ട് അധ്യാപകരാണ്. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായി മമ്മൂട്ടി എത്തുമ്പോൾ കോളജ് പ്രിന്‍സിപ്പാളായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

ശ്യാംധർ സംവിധാനം ചെയ്യുന്ന 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിലാണ് അധ്യാപകനായി മമ്മൂട്ടി എത്തുന്നത്. മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന സിനിമയില്‍ കോളജ് പ്രിന്‍സിപ്പാളായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ഒരു കോളജിൽ പുതുതായി ചുമതലയേൽക്കുന്ന പ്രിൻസിപ്പാൾ ആണ് പ്രൊഫസർ മൈക്കിൾ ഇടിക്കുള. വെളിപ്പാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്നും റിപ്പോർട്ടുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്നു. അങ്കമാലി ഡയറിസ് ഫെയിം അന്ന രേഷ്മയാണ് ചിത്രത്തിലെ നായിക. പ്രിയങ്ക മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആരോഗ്യപരമായ ബന്ധമാണ് ഏറെ രസകരമായി ചിത്രത്തിൽ പറയുന്നത്. ഗുരു ശിഷ്യ ബന്ധത്തിന്റെ മറ്റൊരു മുഖമാണ് ഈ ചിത്രം.

അനൂപ് മേനോൻ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ചിത്രത്തിന് ശേഷം വീണ്ടും മോഹൻലാലിന് ഒപ്പം ഒന്നിക്കുന്നു. സിദ്ദിക്ക്, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ, അങ്കമാലി ഡയറിസിലെ വില്ലനായ അപ്പാണി രവിയായ ശരത് കുമാർ, ആനന്ദം ഫെയിം അരുൺ, സ്വപ്ന എന്നിവർ പ്രധാനവേഷങ്ങൾ ചെയ്യുന്നു. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വയലാർ ശരത് ചന്ദ്രവർമ, റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ, അനിൽ പനച്ചൂരാൻ, മനു രഞ്ജിത് എന്നിവർ ആണ് ഗാനരചയിതാക്കൾ. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഓണത്തിന് മാക്സ് ലാബ് തീയറ്ററുകളിൽ എത്തിക്കും.

സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. രാജകുമാരൻ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വ്യത്യസ്ത പേരുമായി അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. ഇടുക്കിക്കാരനാണ് മമ്മൂട്ടിയുടെ കഥാപാത്രം. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. എം ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.

© Copyright 2017 Manoramaonline. All rights reserved....