× ഹോം ഇ–പൂക്കളം കുട്ടിമാവേലി

ഓണത്തിനു കാണാം, ശങ്കരൻകോവിൽ എന്ന പൂക്കൂട

ചെങ്കോട്ട – മധുര ദേശീയപാത. പുളിയൻകുടി ജംക്‌ഷൻ. അര കിലോമീറ്റർ പിന്നിട്ടു വലത്തേക്കു തിരിഞ്ഞാൽ സംസ്ഥാനപാത 76. ശങ്കരൻകോവിൽ 16 കിലോമീറ്റർ എന്നു സൂചിപ്പിക്കുന്ന ദിശാബോർഡ്. പാതയ്ക്കിരുപുറവും പച്ചക്കറികളും പൂക്കളും വിളയുന്ന പാടങ്ങൾ. വിളയൊഴിഞ്ഞ വയലേലകൾ. നേരം പുലരുന്നതേയുള്ളു. ഇരുപുറവും ചേർത്തു തയ്ച്ച കളം കളം കൈലിയുടെ മടിക്കുത്തിലേക്കു മുല്ലമൊട്ട് പറിച്ചിടുകയാണു മാരിയമ്മൻ. തൊട്ടുചേർന്ന കൃഷിയിടത്തിൽ മഴ കുറഞ്ഞതിൽ പരിതപിച്ചു സാരിക്കുത്തിൽ ശേഖരിച്ച പൂമൊട്ടുകൾ കായസഞ്ചിയിലേക്കു മാറ്റുകയാണു മല്ലി. 
100 മീറ്റർ അകലെ പൂപ്പാടത്തു കോഴിപ്പൂവുകൾ ചെറിയ കത്തിക്ക് അറുത്തു ചാക്കിൽ നിറയ്ക്കുകയാണ് അണ്ണാമല. വിലക്കുറവായതിനാൽ ശേഖരിക്കാൻ കൂട്ടാക്കാതെ ബന്ദിപ്പാടം ആടുകൾക്കു തിന്നാനായി വിട്ടുകൊടുത്തിരിക്കുന്ന കഥ ജോലിക്കിടയിൽ അണ്ണാമല പറഞ്ഞു. പൂപ്പാടങ്ങൾക്കിടയിലൂടെ ഒച്ചവച്ചു തലങ്ങും വിലങ്ങും നടക്കുന്ന മയിൽക്കൂട്ടങ്ങൾ.
 
ശങ്കരൻകോവിൽ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ലെവൽ ക്രോസ് പിന്നിടുമ്പോൾ തെളിഞ്ഞു കാണുന്നതു നൂറ്റാണ്ടുകളുടെ പെരുമ പറയുന്ന ക്ഷേത്രഗോപുരം. പാണ്ഡ്യരാജധാനി വാണ തിരുമലനായ്ക്കന്റെ ഭരണകാലത്തു പണിതതാണെന്നു ചരിത്രം. പ്രധാന നിരത്തോടു ചേർന്ന് അടുക്കിയടുക്കി പണിതിരിക്കുന്ന ഇരുനില – മൂന്നുനില വീടുകൾ. അരിമാവുകൊണ്ടു കോലം വരച്ച വഴികളിൽ കേരളത്തിലേക്കു പൂവുമായി പോകാൻ കാത്തുകിടക്കുന്ന പിക്ക്അപ്പുകൾ.

ഇതു ശങ്കരൻകോവിലാണ്. 365 ദിവസവും അവധിയില്ലാതെ തുറന്നുവച്ചിരിക്കുന്ന പൂക്കൂട. അത്തം പിറക്കുന്നതോടെ മലയാൺമയുടെ മുറ്റങ്ങളെ നിറച്ചാർത്തണിയിക്കാനായി എത്തുന്നവയടക്കം കൊല്ലം ഉൾപ്പെടെയുള്ള കേരളത്തിലെ വിപണിയിലേക്കു സുഗന്ധം വിതച്ചു പൂക്കൾ എത്തുന്നത് ഇവിടെനിന്ന്.
ശങ്കരനാരായണസ്വാമി, ഗോമതിയമ്മാൾ, ശങ്കരലിംഗം എന്നീ മൂന്നു പ്രതിഷ്ഠകൾ കുടികൊള്ളുന്ന ശങ്കരൻകോവിൽ. മുല്ലയും ജെണ്ടുമല്ലിയും ജമന്തിയും റോസും ട്യൂബ്റോസും കൂടിക്കലർന്നു പൂമണം വിതറുന്ന വഴി. സർപ്പരൂപങ്ങളും നാളികേരവും ഉൾപ്പെട്ട പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകൾ. ചായക്കലങ്ങൾ തിളച്ചു മറിയുന്ന ചെറുപീടികകൾ. ഇഡ്ഡലിക്കും ഊത്തപ്പത്തിനും ഒപ്പം തലേ ദിവസത്തെ പൂക്കച്ചവടക്കഥ വിവരക്കുന്ന വ്യാപാരികൾ. ക്ഷേത്ര ദർശനത്തിന് എത്തുന്നവരൊഴികെ ഇവിടെ കാണുന്ന എല്ലാ മുഖങ്ങൾക്കും പൂക്കളുമായി ഇറുത്തെറിയാൻ കഴിയാത്ത ബന്ധം.
 
സമയം രാവിലെ എട്ടര. പൂവണ്ടികൾ എന്ന ചെല്ലപ്പേരുള്ള ടിവിഎസ് 50 ഒന്നിനു പുറകെ ഒന്നായി എത്തിത്തുടങ്ങി. കാരിയറും ഫുട് റെസ്റ്റും കവിഞ്ഞു നിൽക്കുന്ന പ്ലാസ്റ്റിക് ചാക്കുകളിൽ കുത്തിനിറച്ചു ജെണ്ടുമല്ലിയും ജമന്തിയും കൊളുന്തും. ഹാൻഡിൽ ബാറുകളിൽ കൊരുത്തിട്ട കായസഞ്ചികളിൽ മുല്ലയും റോസും ട്യൂബ്റോസും. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് അരളിപ്പൂക്കൾ. കിഴക്കേയ്ക്കു ദർശനമുള്ള കോവിലിന്റെ ഇടതുവശത്തു കരിങ്കല്ലിൽ തീർത്ത ഹാളാണു നൂറ്റാണ്ടുകളുടെ പൂക്കച്ചവടചരിത്രം പറയുന്ന മാർക്കറ്റ്. അഞ്ചു വരികളിലായി നൂറോളം കച്ചവട മേശകൾ. നാലുപേരുൾപ്പെട്ട സംഘമാണ് ഓരോ കച്ചവടകേന്ദ്രത്തിന്റെയും നടത്തിപ്പുകാർ.

പൂവ് അളക്കാൻ രണ്ടു തരം ത്രാസ്. കെട്ടിടത്തിന്റെ മേൽക്കുരയ്ക്കു താഴെ കുറുകേ ഉറപ്പിച്ചിട്ടുള്ള ഇരുമ്പു പൈപ്പുകളിൽ കൊളുത്തിയ നൂറു കിലോവരെ തൂക്കാവുന്ന സ്പ്രിങ് ത്രാസ്. ചെറിയ ത്രാസ് മുല്ലയും താമരയും കനകാമ്പരവും തൂക്കാൻ. നാനൂറ് ഗ്രാം വീതമാണു മുല്ല തുക്കുക. കൂടുതലുണ്ടെങ്കിൽ ഈ കണക്കിൽ ആവർത്തിക്കും. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു കൊണ്ടുവരുന്ന ജെണ്ടുമല്ലിയും കോഴിപ്പൂവും തെച്ചിയും തൂക്കാറില്ല. കൈക്കണക്കാണ് ഇവയുടെ കച്ചവടം. കൂനയായി കിടക്കുന്ന പൂവിൽ ഇരുകൈകളും ചേർത്തു വാരും. ‘ഇട’ എന്നു വിളിക്കുന്ന ഈ അളവിൽ ഒരളവിൽ രണ്ടു കിലോ പൂവ് ഉണ്ടാവുമെന്നു വ്യാപാരികൾ.

അളന്നു മാറ്റിയാൽ അടുത്ത കെട്ട് ഇടുന്നതിനു മുൻപു കച്ചവടമേശ നനഞ്ഞ തുണികൊണ്ട് ഒരാൾ തുടയ്ക്കും. ഇടയ്ക്കിടെ പൂവിന്റെ വിലവിവരം വാങ്ങാനെത്തുന്നവർ കേൾക്കാനായി ഉച്ചത്തിൽ പറയും. അളക്കുന്ന പൂവിന്റെ കണക്ക് ബുക്കിൽ കുറിച്ചു കർഷകനു തുണ്ടിലെഴുതി നൽകലും വാങ്ങുന്നവരുടെ പേരുവിവരം കുറിക്കലുമാണ് ഒരാളുടെ ജോലി. ഈ സമയത്തു പൂവിന്റെ വില എത്രയെന്നു പറയാറില്ല. വ്യാപാരം പകുതി പിന്നിടുമ്പോഴാവും വില പലപ്പോഴും സ്റ്റെഡിയാവുക. അത്യാവശ്യക്കാർക്ക് രൊക്കം പണം. ബാക്കിയുള്ളവർക്ക് ആഴ്ചയവസാനം. വാങ്ങുന്നവരും അങ്ങനെ തന്നെ.
 
കേരളത്തിലേതടക്കം പ്രധാന വ്യാപാരികൾക്കുവേണ്ടി എജന്റുമാരാണു പൂവ് വാങ്ങുക. അളവു കഴിഞ്ഞാൽ ഉടൻ ചാക്കിൽ നിറച്ചു തലച്ചുമടായോ തെള്ളുവണ്ടികളിലോ കയറ്റി പ്രദക്ഷിണ വഴികളുടെ പുറത്തു പാർക്ക് ചെയ്തിരിക്കുന്ന പിക്ക്അപ്പുകളിലേക്കു മാറ്റും. മറ്റിടപാടെല്ലാം കച്ചവടക്കാർ തമ്മിൽ. എജന്റിന്റെ കമ്മിഷനും മറ്റും കണക്കു തീർക്കാൻ എത്തുമ്പോൾ കൈമാറും. മണി 12 ആകുമ്പോഴേക്കും കച്ചവടത്തിന്റെ ചൂരും ചൂടും കുറയും. കച്ചവടക്കളങ്ങൾ ഓരോന്നായി ഒഴിയും. പൂവണ്ടികൾ മിക്കവയും ഇതിനകം തന്നെ കേരളത്തിലേക്കു തിരിച്ചിട്ടുണ്ടാവും. അംബാസമുദ്രം കളക്കാട് ഷർമാദേവിയിൽ നിന്നു പൂക്കൾ കെട്ടാനുള്ള ഏത്തവാഴ, കദളി നാരുകളുമായി എത്തുന്നവർ വിറ്റൊഴിയാത്ത വാഴനാരുകെട്ടുകൾ വണ്ടികളിലേക്കു മാറ്റും. അതോടെ മനം മയക്കുന്ന ഗന്ധവുമായി പൂ മാർക്കറ്റ് നാളത്തേക്കായി എല്ലാവരോടും വിടപറയും...

© Copyright 2017 Manoramaonline. All rights reserved....