മനസ്സിൽ ഒരു നക്ഷത്ര വിളക്ക്
-
മഞ്ഞിൽ മൂടിയ രാത്രിയിൽ ദൂരെ മലമുകളിൽ തിളങ്ങി നിൽക്കുന്ന നക്ഷത്ര വിളക്ക്. ക്രിസ്മസ് ഓർമകൾക്ക് ആ നക്ഷത്ര വിളക്കിന്റെ തിളക്കമാണ്. ഓരോ മലയിലും രണ്ടോ മൂന്നോ നക്ഷത്രങ്ങൾ മാത്രം മഞ്ഞിൽ മൂടി നിൽക്കുന്ന കാഴ്ച.
മലബാറിലേക്കുള്ള കുടിയേറ്റത്തിന് അധികം പ്രായമായിട്ടില്ല. ഓരോ മലയിലും വളരെക്കുറച്ചു വീടുകൾ മാത്രം. രാത്രിയിൽ വീട്ടുമുറ്റത്തെ നക്ഷത്രങ്ങൾ മാത്രം മഞ്ഞിൽ മൂടി അങ്ങനെ തെളിഞ്ഞു നിൽക്കും. നക്ഷത്രങ്ങളെ നോക്കി ഓരോ വീടും ഏതെന്ന് ഊഹിച്ചെടുക്കും. നക്ഷത്ര വിളക്കുകൾക്കെന്നല്ല, ക്രിസ്മസ് ദിനങ്ങളിൽ എല്ലാ വിളക്കുകൾക്കും എന്തോ ഒരു ഭംഗിക്കൂടുതൽ ഉണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പുലർകാല യാത്രകളിൽ ശ്രദ്ധിച്ചിട്ടില്ലേ? മഞ്ഞിൽ മൂടി നിൽക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകളും തെരുവു വിളക്കുകളും. എന്തൊരു ഭംഗിയാണവയ്ക്ക്.
കിസ്മസ് രാവുകളിലെ മഞ്ഞിന് ഇത്രമാത്രം കുളിരെന്തേ? നക്ഷത്ര വിളക്കുകൾക്ക് മനസ്സിനെ കൊതിപ്പിക്കാനുള്ള എന്തോ പ്രത്യേക കഴിവുണ്ടോ? എന്തോ? മഞ്ഞും തണുപ്പും നക്ഷത്ര വിളക്കുകളും സാന്താക്ലോസും കാരളും പള്ളിയിൽ രാത്രിയിലെ തിരുപ്പിറവി ചടങ്ങുകളുമെല്ലാം ചേർന്ന് അന്തരീക്ഷത്തിലും മനസ്സിലുമാകെ വർണങ്ങൾ നിറച്ചതുപോലെ. ക്രിസ്മസ് ഓർമകൾക്കു പോലുമുണ്ട് കുളിര്. മഞ്ഞിൽ പൊങ്ങിക്കിടക്കുന്ന ഒരു ബലൂൺ പോലെ മനസ്സും. മനസ്സിൽ തൂങ്ങിക്കിടന്നു കത്തുന്ന ആയിരം നക്ഷത്രവിളക്കുകൾ .
കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ കാരളിനൊപ്പം വന്ന സാന്താക്ലോസ് മകൾക്കു കൈ കൊടുത്തു. പിന്നെ കൈനിറയെ മിഠായിയും. അപ്പോൾ അവൾക്കു സംശയം. ഈ ക്രിസ്മസ് അപ്പൂപ്പന്റെ വീടെവിടെയാ? അവൾക്കങ്ങനെയാണ്, സംശയങ്ങൾ തീരുകയേയില്ല. ഓണത്തിന്റന്നും ഉണ്ടായി അവളുടെ വക തമാശ. രാവിലെ എഴുന്നേറ്റു വന്നതേ അന്വേഷിച്ചത് ഓണത്തപ്പൻ വന്നോ എന്ന്. നീ ഉറങ്ങിക്കിടന്നപ്പോൾ വന്നു പോയി എന്ന് ചേച്ചിയുടെ വക കുന്നായ്മയും. പിന്നത്തെ പൊല്ലാപ്പും കരച്ചിലും തീർക്കാൻ ഏറെ സമയമെടുത്തു. ക്ലാസിൽ ടീച്ചർ അവളോടു പറഞ്ഞിരുന്നത്രെ, തിരുവോണ നാളിൽ ഓണത്തപ്പൻ നമ്മളെയൊക്കെ കാണാൻ വരുമെന്ന്.
സാന്താക്ലോസിന്റെ വീടന്വേഷിച്ച മകൾക്കുണ്ടായ സംശയത്തേക്കാളും ഏറെ സംശയങ്ങൾ എന്റെ ബാല്യത്തിനും ഉണ്ടായിരുന്നല്ലോ. നന്നേ ചെറുപ്പത്തിലെ പ്രധാന സംശയം നക്ഷത്ര വിളക്കുകളെക്കുറിച്ചായിരുന്നു. നക്ഷത്രങ്ങൾ ആകാശത്തല്ലേ ഉണ്ടാവുക. വീടുകളുടെയും കടകളുടെയും മുന്നിൽ ഈ നക്ഷത്ര വിളക്കുകൾ എങ്ങനെ വരുന്നു. ഏങ്ങനെയാണീ വിളക്കുകൾ രാത്രിയിൽ തിളങ്ങുന്നത്. മിന്നാമിന്നുകൾ തിളങ്ങുന്നുണ്ടല്ലോ? അതുപോലെ എന്തെങ്കിലും രഹസ്യം നക്ഷത്രങ്ങൾക്കു പിന്നിലും ഉണ്ടാവും എന്ന ഉത്തരമാണ് എന്റെ കുരുന്നു മനസ്സ് കണ്ടെത്തിയത്.
നക്ഷത്രത്തിളക്കത്തിന്റെ രഹസ്യം കണ്ടുപിടിച്ചപ്പോഴും മറ്റൊരു രഹസ്യം മനസ്സിൽ അനാവരണം ചെയ്യപ്പെടാതെ കിടന്നു. പള്ളിയിലെ തിരപ്പിറവി ചടങ്ങുകളുമായി ബന്ധപ്പെട്ടതായിരുന്നു അത്. പുൽക്കൂട്ടിൽ ഉണ്ണിയെ കൊണ്ടു വച്ചാൽ ഉടൻ ഒരു നക്ഷത്രം തനിയെ ഉദിക്കുകയായി. പിന്നെ അത് തനിയെ നീങ്ങി പുൽക്കൂടിനു മുകളിലെത്തി നിൽക്കുന്നു. ആട്ടിടയൻമാർക്ക് വഴികാട്ടിയ നക്ഷത്രം പക്ഷേ എന്റെ ബാല്യം തേടിയ ഉത്തരങ്ങൾക്കു മുന്നിൽ ഏറെക്കാലം വഴിയടഞ്ഞു നിന്നു.
ഓടക്കാലുകൾ വെട്ടിച്ചീകി കൂട്ടിക്കെട്ടിയാണ് നക്ഷത്രമുണ്ടാക്കുക. അതിൽ വർണക്കടലാസുകൾ ചുറ്റും. ഉള്ളിൽ ഒരു ബാറ്ററി വിളക്കും. പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയായി ചുറ്റും വർണങ്ങൾ വിതറി രാത്രിയിൽ അതങ്ങനെ തിളങ്ങി നിനിൽക്കും. നക്ഷത്രമുണ്ടാക്കാൻ എല്ലാവർക്കുമറിയില്ല. നക്ഷത്രത്തിന്റെ സാങ്കേതിക വിദ്യ അറിയാവുന്നവരുടെ കൊയ്ത്തുകാലമാണ്. അന്നത്തെ ഓടക്കാൽ നക്ഷത്രങ്ങളുടെ ഭംഗിക്കടുത്തെത്താൻ വിപണിയിൽ കാലാകാലങ്ങളിൽ അവതരിച്ച നക്ഷത്രങ്ങൾങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
കൊന്നക്കമ്പുകൾ കൊണ്ടു തീർക്കുന്ന കുഞ്ഞു പുൽക്കൂട്. അതിൽ കപ്പത്തണ്ടിന്റെ ഉള്ളിലെ പൊങ്ങ് കുത്തിയെടുത്ത് കളർ ചേർത്ത് നൂലിൽ കോർത്തിടുന്ന അലങ്കാരങ്ങൾ. ആഡംബരം ചാർത്താനായി, ബന്ധുക്കളുടെ വക പോസ്റ്റിൽ എത്തുന്ന ക്രിസ്മസ് ആശംസാ കാർഡുകളും നിരത്തും. ബേദ്ലഹേമിലെ പുൽക്കൂടിനേക്കാൾ ലളിതം.
രാത്രി കാരൾ സംഘങ്ങളുടെ കൊട്ടിപ്പാടിയുള്ള വരവ്. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വക രണ്ടോ മൂന്നോ സംഘങ്ങൾ. പിന്നെ ക്ലബ്വുകളുടെയും സൗഹൃദ കൂട്ടായമ്കളുടെയുമൊക്കെ പേരിൽ. കാരളുകൾ എത്തിത്തീരുമ്പോഴേക്കും പള്ളിയിലേക്ക്. പാതിരാക്കുർബാനയ്ക്ക്. മഞ്ഞിൽ മൂടി നിൽക്കുന്ന വഴിയിൽ നക്ഷത്ര വിളക്കുകൾക്കിടയിലൂടെ.
കാലം വഴിയോരങ്ങളെ മിന്നിത്തെളിയുന്ന വൈദ്യുതി ദീപങ്ങൾകൊണ്ടലങ്കരിച്ചു. നിരനിരയായി ഓടിക്കത്തുന്ന നക്ഷത്ര വർണങ്ങൾ നിറച്ചു. പക്ഷേ, മനസ്സിലിപ്പോഴും ഓടക്കാലുകൾകൊണ്ടുണ്ടാക്കിയ ആ നക്ഷത്ര വിളക്കുകളാണ്. മനസ്സിൽ നിറയുന്നത് ആ നക്ഷത്രത്തിൽ നിന്നുള്ള വെളിച്ചമാണ്.