കുട്ടികള്‍ അത്ര കുട്ടികളല്ല

സന്തോഷ് ശിശുപാൽ

പെണ്‍കുട്ടികളുടെ മൂത്രപ്പുരയ്ക്കുള്ളില്‍ മൊബൈല്‍ഫോണ്‍ ഒളിപ്പിച്ചുവെച്ച് വീഡിയോ റെക്കോര്‍ഡു ചെയ്യാന്‍ ശ്രമിച്ച രണ്ടു വിദ്യാര്‍ഥികളെ അധ്യാപകര്‍ കൈയോടെ പിടിച്ചു. മധ്യകേരളത്തിലെ ഒരു സ്കൂളിലാണു സംഭവം. വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ അതില്‍ ഒരാളുടെ ബാഗില്‍ നിന്നും ഏതാനും ഗുളികകള്‍ കണ്ടെടുത്തു. വയറുവേദനയ്ക്കുള്ള മരുന്ന് എന്നുകൂടി കുട്ടി പറഞ്ഞത് അധ്യാപകന്‍ അത്ര വിശ്വസിച്ചില്ല. വീട്ടുകാരെ വരുത്തി കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ മകന് അങ്ങനെ ഒരു അസുഖമുള്ളതായോ മരുന്നുകഴിക്കുന്ന കാര്യമോ അവര്‍ക്കറിയില്ല. ഉത്കണ്ഠ കുറയ്ക്കാനും മയക്കത്തിനും മറ്റും കൊടുക്കുന്ന അല്‍പ്രാസൊളാം എന്ന മരുന്നായിരുന്നു അതെന്ന് അധ്യാപകര്‍ കണ്ടെത്തി. ആ കുട്ടികള്‍ ഇതു കഴിച്ചിരുന്നത് ലഹരിക്കു വേണ്ടിയായിരുന്നു. കഞ്ചാവും മദ്യവും അവര്‍ ഉപയോഗിക്കാറുണ്ട്. അശ്ളീല വീഡിയോക്ളിപ്പു റെക്കോര്‍ഡു ചെയ്തു കൊടുത്താല്‍ പണമോ കഞ്ചാവോ കൊടുക്കുന്ന റാക്കറ്റുകളുടെ പിടിയിലേക്കു വീഴുകയായിരുന്നു അവര്‍.

തലസ്ഥാനത്തെ ഒരു പ്ളസ് വണ്‍ വിദ്യാര്‍ഥി അകപ്പെട്ടത് ഇന്റര്‍നെറ്റിന്റെയും ഫാഷന്റെയും മോഹവലയിലാണ്. സാത്താനെ പ്രകീര്‍ത്തിക്കുന്ന ചില വെബ്സൈറ്റുകളുടെ അടിമയായിരുന്നു ആ കുട്ടി. സാത്താന്‍ നാടുവാഴുന്നുവെന്ന് പ്രകീര്‍ത്തിക്കുന്ന ടീഷര്‍ട്ടുകള്‍ അണിഞ്ഞു നടക്കാന്‍ അവനു ഹരമായിരുന്നു. ക്രമേണ കഞ്ചാവിന്റെ മേന്മ പറയുന്ന ടീഷര്‍ട്ടുകളോടായി പ്രിയം. വീട്ടില്‍ മോഷണവും ക്ളാസ് കട്ടു ചെയ്യലും പതിവായപ്പോള്‍ മകനെ നിര്‍ബന്ധിച്ച് ഒരു മനശാസ്ത്രജ്ഞന്റെ മുന്നിലെത്തിച്ചപ്പോഴാണ് ലഹരിക്ക് അടിമപ്പെട്ടുകഴിഞ്ഞുവെന്നുള്ള കാര്യം മനസിലാകുന്നത്.

ലഹരി കോളജില്‍ നിന്നും സ്കൂളിലേക്ക്

എഴുപതുകളിലും എണ്‍പതുകളിലെ തുടക്കത്തിലും കേരളത്തിലെ കാമ്പസുകളില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഒരു ഫാഷന്‍ പോലെ പടര്‍ന്നു പിടിച്ചിരുന്നു. പിന്നീട് അതു മാറുകയും ആ സ്ഥാനം 90 കളോടെ മദ്യം കൈയടക്കുകയും ചെയ്തു. പിന്നീട് അതേ മദ്യലഹരി നുരഞ്ഞിറങ്ങിയത് സ്കൂള്‍ തലത്തിലേക്കായിരുന്നു. സ്കൂളിലെ ആഘോഷദിനങ്ങളില്‍ അവര്‍ മദ്യത്തെ കൂട്ടുപിടിച്ചു. പിന്നെ അതു ശീലമായി. കൌമാരത്തിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ പുതിയ തലമുറ മദ്യത്തിന്റെ രുചി നുകര്‍ന്നു തുടങ്ങുന്നതായി ശാസ്ത്രസാഹിത്യ പരിഷത്തിന്റേതുള്‍പ്പെടെയുള്ള പഠനങ്ങളുണ്ട്. ഈ കുട്ടികളിലധികവും കൌമാരത്തിന്റെ രണ്ടാംപകുതിയില്‍ കഞ്ചാവുള്‍പ്പെടെ ലഹരിയേറിയ മയക്കുമരുന്നുകളിലേക്കു ചേക്കേറുന്ന സ്ഥിതിയാണിപ്പോള്‍. ഹാന്‍സ് മുതല്‍ തമ്പാക്കുവരെയുള്ള ലഹരിദായക പുകയില ഉല്‍പന്നങ്ങളാണ് ഒരു ഘട്ടത്തില്‍ അവര്‍ ആശ്രയിച്ചിരുന്നത്. അവയ്ക്ക് നിരോധനം വന്നശേഷം പല പ്രഫഷനല്‍ കാമ്പസുകളിലും കഞ്ചാവിന്റെ ഡിമാന്‍ഡു വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അവന്‍ ഏതു രൂപത്തിലും വരും

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍ നിന്നും ഡയസെപം എന്ന മയക്കാനുപയോഗിക്കുന്ന മരുന്നിന്റെ അവശിഷ്ടം കണ്ടെത്തി. പിന്നീട് ബോധം തിരികെ കിട്ടിയപ്പോള്‍ ഡോക്ടര്‍മാരും വീട്ടുകാരും ആവര്‍ത്തിച്ചു ചോദിച്ചിട്ടും അങ്ങനെ ഒരു ഗുളിക കഴിച്ചതായി ഒരു ഓര്‍മയും ആ കുട്ടിക്കുണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ കഴിച്ചത് കൂട്ടുകാരി നല്‍കിയ ഒരു ചോക്ലേറ്റ് മാത്രം. അവള്‍ ഓര്‍ത്തെടുത്തു. കാസര്‍കോടു നിന്നും മയക്കുമരുന്നു കലര്‍ന്ന മിഠായികള്‍ കഴിച്ച് അവശരായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നു. പൊലീസ് റെയ്ഡില്‍ സ്കൂളിനടുത്തുള്ള ഒരു പെട്ടിക്കടയില്‍ നിന്നും ഈ മയക്കുമിഠായികള്‍ കണ്ടെടുക്കുകയും ചെയ്തു. ഗുളികയായും മിഠായി ആയും ചൂയിങ്ഗം ആയും എന്തിന് പേനയുടെ രൂപത്തില്‍ പോലും ഇന്ന് ലഹരി കടന്നുവരാം. കഞ്ചാവു സിഗരറ്റുകള്‍ ഒളിപ്പിച്ചു വച്ച സിഗരറ്റു പേനകളാണ് ഈ രംഗത്തെ പുതിയ ട്രെന്‍ഡ്. ഒരു സാധാരണ പേന പോലെ എവിടേയും കൊണ്ടുപോകാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ പഴയ കഞ്ചാവു പൊതികളും മയക്കുമരുന്നുകളും പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ചതിക്കാനായി എത്തുകയാണ്.

മരുന്നുകള്‍ ദുരുപയോഗിക്കുമ്പോള്‍

പല മരുന്നുകളും ലഹരിക്കുപയോഗിക്കുന്ന പ്രവണത ഏറുകയാണ്. ഛര്‍ദിക്കും ഉറക്കക്കുറവിനും ഉപയോഗിക്കുന്ന സെനര്‍ജന്‍ എന്ന മരുന്ന് ബ്രൌണ്‍ഷുഗറിന്റെ വീര്യം പതിന്മടങ്ങു കൂട്ടാനായി ഉപയോഗിക്കുന്നു. മദ്യത്തോടൊപ്പവും ഇത് ഉപയോഗിക്കുന്നവരുണ്ട്. മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ തീവ്രമാകുമെന്ന സത്യം അറിഞ്ഞോ അറിയാതെയോ അവര്‍ അവഗണിക്കുന്നു. അല്‍പ്രസൊളാം എന്ന മരുന്നാണ് ഏറ്റവും അധികം ദുരുപയോഗം ചെയ്യുന്നത്. നൈട്രസെപ്പാം എന്ന മരുന്നു വ്യാപകമായി ലഹരിക്ക് ഉപയോഗിക്കുന്നു. അപസ്മാരം, കടുത്ത ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയ്ക്കുപയോഗിക്കുന്ന ഈ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ ലഹരിയായി നുണയുമ്പോള്‍ രൂക്ഷമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുണ്‍ ബി. നായര്‍ സൂചിപ്പിക്കുന്നു. തുടക്കത്തില്‍ സന്തോഷവും സമാധാനവും മയക്കവും പിന്നെ എന്തും ചെയ്യാനുള്ള ആത്മവിശ്വാസവും നല്‍കുന്ന ഈ മരുന്നുകള്‍ പിന്നീട് ഉയര്‍ന്ന ഡോസില്‍ കഴിക്കേണ്ടി വരും. കടുത്ത വിഷാദം, അക്രമവാസന, ഭയം എന്നിവയില്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു വരെ കാര്യങ്ങള്‍ നീങ്ങും. പിന്നെ മോചനം പ്രയാസമാവും.

കൗമാരക്കാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും കഞ്ചാവിന്റെ ഉപയോഗം ഏറ്റവും അപകടകരമാണ്. 1338 വയസ് പ്രായത്തിലുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ബുദ്ധിശേഷിയില്‍ ഗണ്യമായ കുറവുവരുത്തുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ അമിത ലൈംഗികതാല്‍പര്യമുണ്ടാക്കുന്നതിനാലാണ് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ലൈംഗികാതിക്രമങ്ങളിലേക്കു തിരിയുന്നത്. കൊച്ചുകുട്ടികളെ പോലും പീഡിപ്പിക്കുന്ന കേസുകളില്‍ പ്രതികള്‍ മിക്കവരും കഞ്ചാവിന് അടിമകളായിരുന്നെന്നും കാണാം. അക്രമവാസനയും ഓര്‍മക്കുറവും മുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആദ്യമണിക്കൂറില്‍ ഹൃദയാഘാത സാധ്യതവരെയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തശേഷി കുറഞ്ഞു പോവുന്നതിനൊപ്പം ലൈംഗികശേഷിയും നഷ്ടപ്പെടാം.

എങ്ങനെ തിരിച്ചറിയാം

കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ ലഹരി ഉപയോഗം തുടക്കത്തിലേ മനസിലാക്കാനാകുമെന്ന് തുരുവനന്തപുരത്തെ സൈക്കോളജിസ്റ്റായ ഡോ. കെ. ഗിരീഷ് പറയുന്നു. ഉറക്കത്തിന്റെ രീതിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, കുളിമുറിയില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, കണ്ണുകളിലേക്കു നോക്കാതെയുള്ള ഉഴപ്പന്‍ മട്ടിലുള്ള സംസാരം, ദേഷ്യം വരുമ്പോഴുള്ള പൊട്ടിത്തെറിക്കലുകള്‍, പഴയ സൌഹൃദങ്ങള്‍ നഷ്ടപ്പെടല്‍, പുതിയ കൂട്ടുകൂടലുകള്‍, നിശബ്ദത, ഒറ്റയ്ക്കിരിക്കല്‍ തുടങ്ങി പെരുമാറ്റ രീതികള്‍ കുട്ടികളില്‍ പെട്ടെന്നു കണ്ടാല്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.

കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നവരില്‍ മുക്കൊലിപ്പ്, കവിളുകള്‍ ചുവന്നു വീര്‍ക്കല്‍, ചുവന്ന കണ്ണുകള്‍ ഇവ സാധാരണമാണ്. വസ്ത്രങ്ങളില്‍ കരിഞ്ഞപാട്, ശരീരത്തില്‍ കുത്തിവയ്പിന്റെ അടയാളങ്ങള്‍ എന്നിവയും കാണാം. വീട്ടില്‍ നിന്നും പണമോ മറ്റു സാധനങ്ങളോ കാണാതാകുന്നതും സാധാരണമാണെന്നു ഡോ. ഗിരീഷ് പറയുന്നു.

വികൃതിക്കുട്ടിയെ സൂക്ഷിക്കണം

അമിതവികൃതി, പിരുപിരുപ്പ്, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം തുടങ്ങിയ ലക്ഷണങ്ങളുള്ള ഹൈപ്പര്‍ കൈനറ്റിക് കുട്ടികള്‍, അക്രമവാസന, കളവുപറച്ചില്‍, മോഷണം എന്നിവ ശീലമാക്കിയവര്‍ എന്നിവര്‍ ലഹരിക്ക് അടിമപ്പെടാന്‍ ഇടയുണ്ടെന്ന് ഡോ. അരുണ്‍ ബി. നായര്‍ പറയുന്നു. അമിതമായ പരീക്ഷണ ത്വരയുള്ള ഇവര്‍ ലഹരി വസ്തുക്കള്‍ വളരെ ചെറുപ്പത്തിലേ പരീക്ഷിച്ചു നോക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷാകര്‍ത്താക്കള്‍ പരമാവധി കരുതലോടെ വേണം ഈ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാനെന്ന് അദ്ദേഹം പറയുന്നു. ജീവിതസാഹര്യങ്ങളുടെ സ്വാധീനവും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മാതാപിതാക്കളുടെ പൊരുത്തക്കേട്, അച്ഛന്റെ മദ്യപാനം, മോശമായ കൂട്ടുകെട്ടുകള്‍ എന്നിവയൊനക്കെ കുട്ടികളെ ലഹരിയുടെ വഴിയിലേക്കു നയിക്കാറുണ്ട്. ‍