കുട്ടികളെ പിടി കൂടിയാല്‍

പഠിക്കാനും പടം വരയ്ക്കാനും മിടുക്കിയായ 12 വയസുകാരി ലക്ഷ്മി ആര്‍ സി. സി യില്‍ ചികിത്സയ്ക്കെത്തുന്നത് 1999 ലാണ്. കടുത്ത വയറുവേദനയും ഛര്‍ദിയും ഉണ്ടായി അടുത്തുള്ള ആശുപത്രിയില്‍ സ്കാന്‍ ചെയ്തപ്പോഴാണ് അണ്ഡാശയത്തില്‍ മുഴയുള്ളതായി കണ്ടുപിടിച്ചത്. അടിയന്തരമായി ശസ്ത്രക്രിയക്കു വിധേയയായ ലക്ഷ്മിയുടെ ഇടത്തെ അണ്ഡാശയത്തിലെ മുഴ പൂര്‍ണമായും നീക്കം ചെയ്തു. പതോളജി പരിശോധനയിലൂടെ കാന്‍സറാണ് എന്നു കണ്ടെത്തി. മാത്രമല്ല അപ്പോഴേക്കും രണ്ടു ശ്വാസകോശങ്ങളിലേക്കും കാന്‍സര്‍ പടര്‍ന്നുകഴിഞ്ഞിരുന്നു. ലക്ഷ്മിക്ക് ഇനി ആറുമാസത്തില്‍ താഴേയേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്തയുമായാണ് ഏക മകളായ ലക്ഷ്മിയെയും കൊണ്ട് അവളുടെ മാതാപിതാക്കള്‍ ആര്‍. സി. സി യില്‍ എത്തിയത്.

 

പരിശോധനകളിലൂടെ ലക്ഷ്മിയുടെ രോഗം അണ്ഡാശയത്തിലെ ഒരുതരം അര്‍ബുദം ആണെന്നും ഗുരുതരമായ നാലാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഡോക്ടര്‍ സമാധാനിപ്പിച്ചുകൊണ്ടു ലക്ഷ്മിയോടും അച്ഛനമ്മമാരോടും പറഞ്ഞു. നമുക്ക് ആറുകോഴ്സ് കീമോതെറപ്പി(കാന്‍സറിന്റെ മരുന്നുചികിത്സ) കൂടി എടുക്കണം. മൂന്നാഴ്ച കൂടുമ്പോള്‍ കൃത്യമായി ആര്‍. സി. സിയില്‍ വരണം. അഡ്മിഷന്റെ ആവശ്യമില്ല. ഇന്‍ജക്ഷനു ശേഷം വീട്ടിലേക്കു തിരിച്ചുപോകാം. എല്ലാം ശരിയാകും.

 

ലക്ഷ്മിക്കു ചികിത്സയ്ക്കിടയില്‍ ഛര്‍ദിയും മുടികൊഴിച്ചിലുമല്ലാതെ മറ്റു പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ല. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചു ലക്ഷ്മി ചികിത്സയോടൊപ്പം സ്കൂള്‍ പഠനവും തുടര്‍ന്നു. രണ്ടു മാസത്തിനുശേഷം നെഞ്ചിന്റെ എക്സ്റേയില്‍ ശ്വാസകോശത്തിലെ മുഴകള്‍ വലുപ്പം കുറഞ്ഞതായി കണ്ടെത്തി. ആറുകോഴ്സ് കീമോതെറപ്പിക്കുശേഷം അവ പൂര്‍ണമായും അപ്രത്യക്ഷമായി. പിന്നീട് ഇടയ്ക്കുള്ള ചെക്കപ്പുകള്‍ മാത്രമായി ലക്ഷ്മിയുടെ വരവ്. ഇതിനിടെ ലക്ഷ്മി 14ാം വയസില്‍ ഋതുമതിയായി . പത്താം തരത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി. പിന്നീട് എം.എ വരെ പഠിച്ച് ഉദ്യോഗവും കരസ്ഥമാക്കി. രണ്ടുവര്‍ഷം മുമ്പു വിവാഹിതയായ ലക്ഷ്മി ഇന്നു മിടുക്കിയായ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമാണ്. ലക്ഷ്മിയെപ്പോലെതന്നെ കുട്ടിയായിരിക്കുമ്പോള്‍ കാന്‍സറിനെ ധൈര്യപൂര്‍വം നേരിട്ടു വിജയിച്ച അനേകം പേര്‍ നമ്മുടെ കേരളത്തിലുണ്ട്. അവരില്‍ ഒാട്ടോറിക്ഷാ ഡ്രൈവര്‍ മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വരെ ഉള്‍പ്പേടുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ എല്ലാ കര്‍മരംഗങ്ങളിലും കാന്‍സര്‍ വിമുക്തരായ കുട്ടികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

 

മിക്കകുട്ടികളിലും രോഗം മാറും

തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ( ആര്‍. സി. സി)കണക്കു പ്രകാരം ഒാരോ വര്‍ഷവും 12,000 രോഗികളാണു പുതിയതായി കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയ്ക്കെത്തുന്നത്. ഇവരില്‍ 14 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 600 650 (അഞ്ചുശതമാനം) ഒാളമാണ്. കുട്ടികളില്‍ പ്രധാനമായും 10 തരം അര്‍ബുദരോഗങ്ങളാണ് കാണുന്നത്. ഈ കുട്ടികളില്‍ 60 70 ശതമാനം പേരെയും സുഖപ്പെടുത്താന്‍ കഴിയുന്നുമുണ്ട്. അച്ഛനമ്മമാര്‍ വളരെയധികം വിഷമത്തോടെയും മാനസികസമ്മര്‍ദത്തോടെയുമാണു കുട്ടികളെയും കൊണ്ട് ആര്‍. സി. സിയില്‍ വരുന്നത്. കാന്‍സര്‍ എന്ന രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടല്‍ ഇല്ല എന്നാണു മിക്കവരും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ കുട്ടികളിലുണ്ടാകുന്ന കാന്‍സര്‍ രോഗത്തിനെ സംബന്ധിച്ച് ഇതു തികച്ചും തെറ്റാണ്. ചികിത്സയോടു നല്ല രീതിയില്‍ പ്രതികരിക്കുന്നതും രോഗനിവാരണം പലപ്പോലും സാധ്യമാകുന്നതുമാണു കുട്ടികളിലെ കാന്‍സര്‍രോഗം.

 

പേരിലും സ്വഭാവത്തിലും കുട്ടികളിലെ കാന്‍സര്‍ മുതിര്‍ന്നവരുടേതിലും തികച്ചും വ്യത്യസ്തമാണ്. കുട്ടികളില്‍ ഏറ്റവും കൂടുതല്‍ കാണുന്നതു രക്താര്‍ബുദമാണ്. ബ്രെയിന്‍ ട്യൂമര്‍രണ്ടാം സ്ഥാനത്തും ന്യൂറോബ്ളാസ്റ്റോമ മൂന്നാം സ്ഥാനത്തും ആണ് .

 

രക്താര്‍ബുദം

കുട്ടികള്‍ക്കുണ്ടാവുന്ന അര്‍ബുദത്തിന്റെ മുന്നില്‍ ഒരു ഭാഗവും രക്താര്‍ബുദം ആണ്. രോഗം ആരംഭിക്കുന്നത് എല്ലുകള്‍ക്കുള്ളിലെ മജ്ജയിലാണ്. പൂര്‍ണവളര്‍ച്ച പ്രാപിക്കാത്ത ശ്വേതരക്താണുക്കള്‍ മജ്ജയ്ക്കുള്ളില്‍ പെരുകുന്നതാണു രോഗകാരണം. മജ്ജയുടെ സാധാരണ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വിളര്‍ച്ച, രക്തസ്രാവം, വിട്ടുമാറാത്ത പനി എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന / വീക്കം , കഴലകള്‍ , പ്ളീഹ, വൃഷണം എന്നിവയുടെ വീക്കം തുടങ്ങിയവയാണു പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍. രക്തസ്രാവം ചിലപ്പോള്‍ ചര്‍മത്തില്‍ കാണുന്ന കൊതുകു കടിച്ചതു പോലെയുള്ള ചുവന്ന കുത്തുകളോ, നീലിച്ച വലിയ പാടുകളോ ആകാം. ചിലപ്പോള്‍ മൂക്കില്‍ നിന്നോ രക്തസ്രാവം ഉണ്ടാകാം. അതുമല്ലെങ്കില്‍ മൂത്രം, മലം എന്നിവയുടെ കൂടെ രക്തം കലര്‍ന്നു പോകുന്നതും ആകാം.

 

മുകളില്‍ പറഞ്ഞ ഒന്നിലധികം രോഗലക്ഷണങ്ങള്‍ കുട്ടിക്ക് ഉണ്ടെങ്കില്‍ രോഗം നിര്‍ണയിക്കുന്നതിനുള്ള പരിശോധനകള്‍ ആവശ്യമാണ്. രക്തപരിശോധയില്‍ ഹീമോഗോബിന്‍ കുറയുക , പ്ളേറ്റ്ലെറ്റ് കുറയുക, വെളുത്ത രക്താണുക്കളുടെ അളവ് കൂടുക(അപൂര്‍വമായി കുറയുകയും ചെയ്യാം) മുതലായവ സൂചനകളാണ്. തുടര്‍ന്ന് മജ്ജ പരിശോധനയിലൂടെയാണു രോഗം സ്ഥിരീകരിക്കുന്നത്. ഫ്ളോസൈറ്റോമെട്രി സൈറ്റോജനറ്റിക്സ് എന്നീ പരിശോധനകളിലൂടെ രക്താര്‍ബുദത്തിനെ വീണ്ടും തരംതിരിക്കാനാവൂം. പ്രധാനമായും മൂന്നുതരം രക്താര്‍ബുദം ആണു കുട്ടികളില്‍ കാണുന്നത്.

1. അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ . കുട്ടികള്‍ക്കുണ്ടാകുന്ന രക്താര്‍ബുദത്തിന്റെ 75 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടതാണ്

2. അക്യൂട്ട് മയ്ലോയിഡ് ലുക്കീമിയ. ഇതു ചികിത്സയിലൂടെ മാറാന്‍ ബുദ്ധിമുട്ടുള്ള തരം കാന്‍സര്‍ ആണ്. ഭാഗ്യവശാല്‍ കുട്ടികളിലെ ലുക്കീമിയയില്‍, 20 ശതമാനം മാത്രമാണു ഇത്.

3. ക്രോണിക് മയലോയിഡ് ലുക്കീമിയയാണ് മൂന്നാമത്തെ വിഭാഗം

 

ലുക്കീമിയ ചികിത്സ

അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ ചികിത്സ പ്രധാനമായും കീമോതെറപ്പി ആണ്. ഇതു രണ്ടരവര്‍ഷത്തോളം നീളുന്നതാണ് ആദ്യത്തെ ഒരു മാസത്തെ മരുന്നുചികിത്സ (ഇന്‍ഡക്ഷന്‍ കീമോതെറപ്പി) കഴിയുമ്പോള്‍തന്നെ 95 ശതമാനം കുട്ടികളിലും രോഗം നിയന്ത്രണത്തില്‍ ആയിട്ടുണ്ടാവും. അതിനുശേഷം അഞ്ചുമാസംകൂടി അടുപ്പിച്ചുള്ള കുത്തിവയ്പുകള്‍ ഉണ്ട്. പിന്നീട് രണ്ടു വര്‍ഷത്തോളം മാസംതോറും ഒരു ഇഞ്ചക്ഷനും ഗുളികകളും കൃത്യമായി കഴിക്കണം. കുട്ടിക്ക് ഈ സമയത്ത് സ്ക്കൂളില്‍ പോകാനും പഠനം തുടരാനുമൊക്കെ സാധിക്കും. രണ്ടാമത്തെ വിഭാഗമായ അക്യൂട്ട്മയ്ലോയിഡ് ലുക്കീമിയയുടെ ഉത്തമമായ ചികിത്സ മജ്ജ മാറ്റിവയ്ക്കല്‍ ആണ്. കീമോതെറപ്പി ചികിത്സയുടെ ഫലപ്രാപ്തി 30 ശതമാനത്തില്‍ താഴേയേ ഉള്ളൂ.

 

ബ്രെയിന്‍ ട്യൂമര്‍

കുട്ടികളില്‍ മുഴയായി കണ്ടുവരുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണുന്നതു മസ്തിഷകത്തിലാണ്. തലവേദനയും ഛര്‍ദിയും ഒരു വയസ്സിനു താഴെയുള്ള കുട്ടികളില്‍ തലയുടെ വലുപ്പം കൂടുന്നതുമാണു സാധാരണ ലക്ഷണങ്ങള്‍. തലവേദനയും ഛര്‍ദിയും ദിവസേന ആവര്‍ത്തിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ ഗൗരവമായി എടുക്കേണ്ടതും കൂടൂതല്‍ പരിശോധനകള്‍ നടത്തേണ്ടതുമാണ്.

 

സി. ടി, എം. ആര്‍. ഐ സ്കാനിങ്ങുകളിലൂടെ കൃത്യമായി രോഗം നിര്‍ണയിക്കാനാവും . ഒാപ്പേറഷനാണ് പ്രധാന ചികിത്സ. ന്യൂറോസര്‍ജറി വിഭാഗമുള്ള ആശുപത്രികളില്‍ ഒാപ്പറേഷനുള്ള സൌകര്യമുണ്ടായിരിക്കും. ശസ്ത്രക്രിയയ്ക്കുശേഷം പതോളജി റിപ്പോര്‍ട്ടനുസരിച്ചു റേഡിയേഷനോ കീമോതെറപ്പിയോ ചിലപ്പോള്‍ വേണ്ടിവന്നേക്കാം.

 

ലിംഫോമ ആദ്യമേ കണ്ടെത്താം

ഇതു കഴലകള്‍ക്ക് ഉണ്ടാകുന്ന കാന്‍സര്‍ ആണ്. കഴലകളുടെ (കഴുത്ത്, കക്ഷം, ഇടുപ്പ്, വയര്‍, നെഞ്ചിനുള്ളില്‍) വീക്കം ആണു പ്രധാനപ്പെട്ട രോഗ ലക്ഷണം. ലിംഫോമ രണ്ടുതരം ഉണ്ട്. 1. ഹോഡ്ജ്കിന്‍സ് ലിംഫോമ 2. നോണ്‍ഹോഡ്ജ്കിന്‍സ് ലിംഫോമ. ഹോഡ്ജ്കിന്‍സ് ലിംഫോമയ്ക്ക് കടുത്ത പനി, ശരീരഭാരം ആറുമാസത്തിനകം 10 ശതമാനത്തിലധികം കുറയുക എന്നീ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കണ്ടേക്കാം. . വീക്കം ബാധിച്ച കഴലയുടെ ബയോപ്സി പരിശോധനയിലൂടെയാണു രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയില്‍ കീമോതെറപ്പിയാണു പ്രധാനം. ഹോഡ്ജ്കിന്‍സ് ലിംഫോമക്കു ചിലപ്പോള്‍ റേഡിയേഷന്‍ ചികിത്സയും വേണ്ടിവന്നേക്കാം. ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനായാല്‍ 90 ശതമാനം വരെ രോഗനിവാരണം സാധ്യമായേക്കാം.

 

ന്യൂറോബ്ളാസ്റ്റോമ

ന്യൂറോബ്ളാസ്റ്റോമ എന്ന അര്‍ബുദം നട്ടെല്ലിന്റെ ഇരുവശത്തും ചെയിന്‍പോലെ കാണപ്പെടുന്ന സിംപതെറ്റിക് നെര്‍വസ് സിസ്റ്റത്തിലും വൃക്കകളുടെ തൊട്ടു മുകളിലുള്ള അഡ്രീനല്‍ ഗ്രന്ഥിയിലും മുഴ പോലെയാണ് ആരംഭിക്കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ ഉള്ളില്‍ ആയതിനാല്‍ പ്രാരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണില്ല. ട്യൂമര്‍ വളരുന്നതനുസരിച്ച് അടുത്തുള്ള അവയവങ്ങളിലേക്കും എല്ലുകള്‍, മജ്ജ, കരള്‍ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നു. പലപ്പോഴും വളരെ വൈകി ഈ ഘട്ടത്തിലാണു രോഗം കണ്ടുപിടിക്കാന്‍ സാധ്യമാകുന്നത് . വയറിനകത്തു മുഴ മൂലമുള്ള വയറുവീക്കം, നട്ടെല്ലിനകത്തുള്ള സുഷുമ്നാനാഡിയെ ബാധിക്കുമ്പോള്‍ കാലുകളുടെ ചലനശേഷി കുറയുന്നത്, മലമൂത്രവിസര്‍ജനത്തിനു തടസ്സം എന്നിവയാണു പ്രധാന രോഗലക്ഷണങ്ങള്‍. ബയോപ്സിയിലൂടെയാണു രോഗനിര്‍ണയം സാധ്യമാകുന്നത്. ശസ്ത്രക്രിയയും കീമോതെറപ്പിയും ചിലപ്പോള്‍ റേഡിയേഷനും ചേര്‍ന്നുള്ള ചികിത്സയാണ് ഈ രോഗത്തിന് ഉത്തമം. കീമോതെറപ്പി നല്‍കി അര്‍ബുദം ചുരുങ്ങിയതിനുശേഷം ശസ്ത്രക്രിയ ചെയ്യാറാണു പതിവ്.

 

നെഫ്രോബ്ളാസ്റ്റോമ

വൃക്കയെ ബാധിക്കുന്ന ഈ കാന്‍സര്‍ , വില്‍മസ് ട്യൂമര്‍ എന്നും അറിയപ്പെടുന്നു. ചികിത്സയോടു നല്ല രീതിയില്‍ പ്രതികരിക്കുന്ന ട്യൂമറായതിനാല്‍ ജെന്റില്‍മാന്‍ട്യൂമറും എന്നും അറിയപ്പെടുന്നു. പ്രധാന ലക്ഷണങ്ങള്‍ വയറിനുള്ളില്‍ കാണപ്പെടുന്ന മുഴ, രക്താതിസമ്മര്‍ദം, മൂത്രത്തില്‍ രക്തം കലര്‍ന്നു പോവുക എന്നിവയാണ്. സ്കാനിങ്ങിലൂടെരോഗം നിര്‍ണയിക്കാനാവും. ശസ്ത്രക്രിയയും കീമോതെറപ്പിയുമാണു പ്രധാന ചികിത്സ. ചില കുട്ടികള്‍ക്കു റേഡിയേഷനും വേണ്ടിവരാം. ഒന്നാം ഘട്ടത്തില്‍തന്നെ രോഗം കണ്ടെത്താനായാല്‍ ചികിത്സാഫലപ്രാപ്തി 90 95 ശതമാനം വരെയാണ്.

 

റെറ്റിനോബ്ളാസ്റ്റോമ

കണ്ണിനകത്തുള്ള റെറ്റിനയെ ബാധിക്കുന്ന അര്‍ബുദമാണിത്. രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണിതു കാണപ്പെടുന്നത്. കണ്ണിലെ കൃഷ്ണമണിക്കുള്ളില്‍ പ്രകാശം വീഴുമ്പോള്‍ പൂച്ചക്കണ്ണു പോലെ കാണപ്പെടുന്ന വെളുത്ത നിറമാണ് പ്രധാന രോഗലക്ഷണം. ഇത്തരത്തില്‍ സംശയം തോന്നിയാല്‍ ഉടനെതന്നെ ഒരു നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടതാണ്. വൈകുംതോറും അര്‍ബുദം കണ്ണിന്റെ ഞരമ്പിലേക്കും തലച്ചോറിലേക്കു പടരാനും കാഴ്ച ശക്തി നശിക്കാനും സാധ്യതയുണ്ട്.

 

അസ്ഥിയെ ബാധിക്കുന്ന ട്യൂമര്‍

ഒാസ്റ്റിയോ സാര്‍കോമ, ഇവിംഗ്സ് സാര്‍കോമ എന്നിവയാണ് ബോണ്‍ ട്യൂമറുകളില്‍ പ്രധാനം. എല്ലുകളില്‍ കാണുന്ന അസാധാരണമായമുഴയും ചിലപ്പോള്‍ വേദനയുമാണ് ലക്ഷണങ്ങള്‍. ഇവിംഗ്സ് സാര്‍കോമയുടെ പ്രധാന ചികിത്സ ഒരു വര്‍ഷം നീണ്ട കീമോതെറപ്പിയും റേഡിയേഷനോ ശസ്ത്രക്രിയയോ ആണ് . ഒാസ്റ്റിയോ സാര്‍കോമയ്ക്ക് കീമോതെറപ്പിയും ശസ്ത്രക്രിയയുമാണു വേണ്ടത്. കഴിഞ്ഞ അമ്പതു വര്‍ഷത്തെ ചികിത്സാരംഗത്തെ പുരോഗതി വച്ചു നോക്കുമ്പോള്‍, സമീപഭാവിയില്‍ തന്നെ കാന്‍സര്‍ ബാധിച്ച മിക്കവാറും കുട്ടികള്‍ക്കും ചികിത്സയിലൂടെ പൂര്‍ണസൌഖ്യം പ്രാപ്താമാക്കുവാന്‍ നമുക്കു സാധിക്കുമെന്നു കരുതാം.

 

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുട്ടികളിലെ കാന്‍സറിനു സാധാരണ കാണാറുള്ള ചില പ്രധാന ലക്ഷണങ്ങളാണ് വിട്ടുമാറാത്ത പനി, വിളര്‍ച്ച, രക്തസ്രാവം, എല്ലുകളുടെ വേദന, സന്ധികളിലൂടെ വീക്കമോ വേദനയോ തുടങ്ങിയവ. അവയ്ക്കു പുറമേ കഴലവീക്കം, കരള്‍, പ്ളീഹ, വൃഷണം മുതലായവയുടെ വീക്കം , ശരീരത്തില്‍ പുതുതായി കാണപ്പെടുന്ന മുഴകള്‍, കണ്ണിലെ കൃഷ്ണമണിക്കുള്ളിലെ വെളുത്ത നിറം , ഛര്‍ദി, തലവേദന, വയറിനകത്തുള്ള മുഴ, വീക്കം മുതലായ ലക്ഷണങ്ങളും കാണാം. മറ്റു രോഗങ്ങളുടെ ഭാഗമായും ഇതേ ലക്ഷണങ്ങള്‍ സാധാരണ കാണാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

 

ഡോ. പ്രിയാ കുമാരി

അഡീഷണല്‍ പ്രഫസര്‍

പീഡിയാട്രിക് ഒാങ്കോളജി റീജിയണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം

© Copyright 2015 Manoramaonline. All rights reserved.