കാന്‍സര്‍ തടയാം

ഡോ. എം. റഹീനാ ഖാദര്‍

ഒരു കോശമോ, ഒരു കൂട്ടം കോശങ്ങളോ ശരീരത്തിലുള്ള ജോലികള്‍ മറന്ന് സ്വയം വിഘടിച്ചു വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് കാന്‍സര്‍ ഉണ്ടാകുന്നത്. ഭക്ഷണം, പിരിമുറുക്കം, കാര്‍സിനോജനുകള്‍, റേഡിയേഷന്‍ അണുപ്രസരണം, വൈറസുകള്‍, ഹോര്‍മോണുകള്‍ എന്നിവയൊക്കെ ഈ പ്രതിഭാസത്തിനു കാരണമാകാം. ഗവേഷണങ്ങള്‍ തെളിയിക്കുന്നത് 8090 വരെ കാരണം പരിസ്ഥിതിയെ അനുസരിച്ചാണ് എന്നാണ്. ഭക്ഷണവും അതിലൊന്നാണ്.

 

കാന്‍സര്‍ തടയുവാന്‍ ഏറ്റവും നല്ലതു ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണമാണ്. ബീറ്റാകരോട്ടിന്‍ ഒരു തൂപ്പുകാരിയെപ്പോലെ ' ഫ്രിറാജിക്കല്‍സിനെ'( രാസപ്രവര്‍ത്തനങ്ങള്‍ക്കുശേഷം കോശങ്ങളിലവശേഷിക്കുന്ന ചീത്ത രാസവസ്തു) ശരീരത്തില്‍ നിന്നു പുറം തള്ളുന്നു. കടുത്ത മഞ്ഞനിറത്തിലുള്ള മത്തങ്ങ, കാരറ്റ്, പഴുത്ത പപ്പായ, പച്ചനിറത്തിലുള്ള ഇലക്കറികള്‍, പച്ചക്കറികള്‍, ചുവന്ന നിറത്തിലുള്ള പഴങ്ങള്‍ എന്നിവയിലാണ് ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിരിക്കുന്നത്.

 

രോഗപ്രതിരോധ ശക്തി നല്‍കുന്ന ഭക്ഷണം കാന്‍സര്‍ രോഗികള്‍ക്ക് അവശ്യം നല്‍കേണ്ടതാണ്. മധുരമുള്ള പാചകവിധികള്‍ ഒഴിവാക്കണം. ഗ്രീന്‍ ടീ, രോഗിയുടെ അവസ്ഥയനുസരിച്ചു പച്ചയോ പുഴുങ്ങിയതോ ആയ പഴങ്ങള്‍, മധുരം ചേര്‍ക്കാത്ത മാതളനാരങ്ങ, മാങ്ങാനീര്, പൊടിയരി, റവ തുടങ്ങിയ ധാന്യങ്ങള്‍, കൊഴുപ്പ് ഇല്ലാത്ത പാല്‍ ചേര്‍ത്തുണ്ടാക്കിയവ എന്നിവ രാവിലെ നല്‍കാം. ഇടനേരത്തു കൊഴുപ്പു കുറഞ്ഞ മറ്റു ധാന്യങ്ങള്‍കൊണ്ടുണ്ടാക്കിയ കുറുക്കുകള്‍ നല്‍കാം. ഉച്ചയ്ക്ക് റൊട്ടിയുടെ അകഭാഗം കൊണ്ടുള്ള സാന്‍ഡ് വിച്ച്, നന്നായി വേവിച്ചുടച്ച കഞ്ഞി, ഇലക്കറി വേവിച്ചുടച്ചത്, പച്ചക്കറികള്‍ വേവിച്ചുടച്ചത്, അധികം മസാലയില്ലാതെ വേവിച്ചുടച്ച മത്സ്യം, ഏതെങ്കിലും സൂപ്പ് എന്നിവയും നല്‍കാം. ഇടനേരത്തു പഴസത്തോ, ലസ്സിയോ നല്‍കാം. രാത്രി വേവിച്ചുടച്ച ചമ്പാവരി ആവിയില്‍ വേവിച്ച പച്ചക്കറികള്‍, മത്സ്യം, പഴസത്ത് എന്നിവ നല്‍കാം. രോഗിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വിഭവങ്ങള്‍ നല്‍കരുത്.

 

രോഗപ്രതിരോധശക്തി ആര്‍ജിക്കുവാന്‍ കാന്‍സര്‍രോഗി നല്ല പോഷകസമ്പൂര്‍ണമായ ഭക്ഷണം അല്‍പാല്‍പ്പമായി ആറോ എട്ടോ നേരം കഴിക്കണം. മൈദാ ചേര്‍ത്തുണ്ടാക്കിയ വിഭവങ്ങള്‍, പൊരിച്ച വസ്തുക്കള്‍, വറ്റലുകള്‍, കേക്ക്, കുക്കീസ്, നൂഡില്‍സ് ഇവയൊക്കെ ഒഴിവാക്കണം പയറു വര്‍ഗങ്ങള്‍ മുളപ്പിച്ചു സൂപ്പാക്കിയത്, സോയ വിഭവങ്ങള്‍, സോയ പാല്‍ എന്നിവ ഗുണകരമാണ്. കപ്പലണ്ടി ഒഴിച്ചുള്ള എല്ലാ അണ്ടിപ്പരിപ്പുകളും, വാള്‍നട്ട്, ആല്‍മണ്ട്, ഇവയൊക്കെ രോഗപ്രതിരോധശക്തി കൂട്ടുവാനായി രോഗിക്കു നല്‍കാം. നാലു കപ്പു പച്ചക്കറികളും, എട്ടു കപ്പ് ദ്രാവകങ്ങളും കാന്‍സര്‍ രോഗി കഴിച്ചിരിക്കണം. ആപ്പിള്‍, പൈനാപ്പിള്‍, മുന്തിരി, ബെറീസ്, മാതളനാരങ്ങാനീര് എന്നിവ കാന്‍സര്‍ രോഗിക്കു വളരെ നല്ലതാണ്. കൊഴുപ്പു കുറഞ്ഞ സ്കിംമില്‍ക്കാണ് ഏറ്റവും ഉത്തമം. മധുരം ചേര്‍ത്ത വിഭവങ്ങള്‍ ഒഴിവാക്കണം. ക്രീം, ഐസ്ക്രീം എന്നിവ ഒഴിവാക്കണം.തൊലികളഞ്ഞ കോഴിയിറച്ചി നല്‍കാം. അധികം മസാല ചേര്‍ക്കാത്ത മത്സ്യവും കൊടുക്കാം. മറ്റു മാംസങ്ങളൊന്നും നല്‍കരുത്. ഒലിവ് ഓയില്‍ പാചകത്തിന് ഉപയോഗിക്കാം.ഹെര്‍ബല്‍ ചായ, ഗ്രീന്‍ ടീ, ഇഞ്ചി ചായ എന്നിവ നല്ലതാണ്. ഒലിവെണ്ണ ഒഴിച്ചു സസ്യ എണ്ണകള്‍ എല്ലാം ഒഴിവാക്കണം. വനസ്പതി വളരെ ഹാനികരമാണ്. കാപ്പി, പാല്‍ ചേര്‍ത്ത വിഭവങ്ങളും ഒഴിവാക്കണം. പച്ചക്കറി നീര്, പഴസത്ത് എന്നിവ കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ സഹായിക്കുന്നതുകൊണ്ടു ധാരാളം കഴിക്കണം

 

'ക്രൂസിഫറസ്' പച്ചക്കറികളായ കാബേജ്, ബ്രോക്കോളി, കോളിഫ്ളവര്‍, റ്റര്‍ണിഷ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഗൂക്കോസിനോലേറ്റുകള്‍ ശരീരത്തിലുള്ള കാര്‍സിനോജനിക് വസ്തുക്കളെ പുറംതള്ളുന്നു. ധാരാളം ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇവ കാന്‍സറിനെ തുരത്തുവാന്‍ സഹായിക്കും. ബീറ്റാകരോട്ടിന്‍, ജീവകം ' സി' ജീവകം ഇ, സെലീനിയം, കാല്‍സ്യം പൊട്ടാസിയം, ക്രോമിയം എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ധാരാളം കഴിക്കണം. സെലീനിയം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മത്സ്യം, മാംസം, മുട്ട,പാല്‍, ഞണ്ട്, കൊഞ്ച് എന്നിവയാണ്. ക്രോമിയം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മുഴുധാന്യങ്ങള്‍, കൂണ്‍, അണ്ടിപ്പരിപ്പ് എന്നിവയാണ് . ഉണങ്ങിയ അത്തിപ്പഴം എല്ലുകളെ സംരക്ഷിക്കുന്നു. കോളൊണ്‍, മുല, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സറിനെ ഇതു തടയുന്നു. കിവി പഴവും കാന്‍സര്‍ പ്രതിരോധിക്കുന്നവയാണ്. ഇതിലടങ്ങിയിരിക്കുന്ന ല്യൂട്ടിന്‍, സീയാ, ക്സാന്‍ന്തിന്‍ എന്നീ ആന്റി ഓക്സിഡന്റുകളും ജീവകം 'സി' യും 'ഇ' യും ഫ്രീറാഡിക്കിള്‍സിനെ രക്തത്തില്‍ നിന്നും ഒഴിവാക്കി കാന്‍സറിനെ പ്രതിരോധിക്കുന്നു.

 

കാന്‍സര്‍ രോഗിക്കു നല്‍കാവുന്ന പാചക വിധികള്‍

മാതളനാരങ്ങാനീര്

ചേരുവകള്‍

മാതളനാരങ്ങ ഒരെണ്ണം

വെള്ളം അര കപ്പ്

തയാറാക്കുന്ന വിധം

മാതളനാരങ്ങ മിക്സിയില്‍ അടിച്ച് അരിച്ചെടുത്തു വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുക

 

മാങ്ങാനീര് /ഓറഞ്ച്

ചേരുവകള്‍

പഴുത്ത മാങ്ങാ ഒരെണ്ണം

ഓറഞ്ച് രണ്ടെണ്ണം

വെള്ളം അര കപ്പ്

തയാറാക്കുന്ന വിധം

മാങ്ങ അല്ലെങ്കില്‍ ഓറഞ്ച് വൃത്തിയാക്കി മുറിച്ചു മിക്സിയില്‍ (ഓറഞ്ചിന്റെ കുരു മാറ്റണം) അടിച്ചെടുത്തു വെള്ളവും ചേര്‍ത്തു നല്‍കാം

 

കാരറ്റ് ജ്യൂസ്

ചേരുവകള്‍

കാരറ്റ് നാല് എണ്ണം

ആപ്പിള്‍ ഒരു പകുതി

ഇഞ്ചി ഒരു ചെറിയ കഷണം

വെള്ളം ഒരു കപ്പ്

തയാറാക്കുന്ന വിധം

കാരറ്റും ആപ്പിളും ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരച്ചെടുക്കണം. ഇഞ്ചി ചതച്ചെടുത്ത നീരും വെള്ളവും ചേര്‍ത്തുപയോഗിക്കാം. ജീവകം സി ധാരാളം നല്‍കുന്നതു കാന്‍സര്‍ രോഗിയുടെ വേദന കുറയ്ക്കുവാനും രോഗമുണ്ടാകാതിരിക്കുവാനും സഹായിക്കുന്നു. കാരറ്റ് ജ്യൂസില്‍ ധാരാളം ജീവകം സി അടങ്ങിയിരിക്കുന്നു

 

അയല ഗ്രീന്‍പീസ് കട്ലറ്റ്

ചേരുവകള്‍

അയല മീന്‍ അര കപ്പ് (മുള്ളുമാറ്റിയത്)

ഗ്രീന്‍പീസ് വേവിച്ചുടച്ചത് കാല്‍ കപ്പ്

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് കാല്‍ കപ്പ്

ഇഞ്ചി ഒരു കഷണം

വെളുത്തുള്ളി മൂന്ന് അല്ലി

സവാള ഒരു ചെറുത്

തക്കാളി അരിഞ്ഞത് അര ടേബ്ള്‍ സ്പൂണ്‍

കശുവണ്ടി വറുത്തു പൊടിച്ചത് ഒരു ടേബ്ള്‍ സ്പൂണ്‍

മല്ലിയില അരിഞ്ഞത് ഒരു ടേബ്ള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

എണ്ണ അര ടീസ്പൂണ്‍

റവ രണ്ടു ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ചെറിയതായി അരിയുക. ചീനച്ചട്ടി ചൂടാക്കി എണ്ണ തടവി ഇവയതിലിട്ടു വഴറ്റുക. ഉരുളക്കിഴങ്ങ് ഉടച്ചത്, ഗ്രീന്‍പീസ് ഉടച്ചത്, തക്കാളി അരിഞ്ഞത്, മത്സ്യം ഇളക്കിയെടുത്തത്, മല്ലിയില അരിഞ്ഞത്, കശുവണ്ടി വറുത്തുപൊടിച്ചത് എന്നിവ ചേര്‍ത്തു മത്സ്യം വേവുന്നതുവരെ ചെറുതീയില്‍ വഴറ്റുക. ഉപ്പും ചേര്‍ക്കുക. ഇവ വെന്തു കഴിഞ്ഞ് തണുത്തശേഷം ചെറിയ ഉരുളകളായി എടുത്തു ചെറിയ കട്ലറ്റുകള്‍ ഉണ്ടാക്കുക. ഇതു റവയില്‍ ഇട്ട് ഉരുട്ടി, എണ്ണ ദോശക്കല്ലില്‍ തടവി തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കുക. തക്കാളി നീരില്‍ മുക്കി കഴിക്കാം അയിലയില്‍ ധാരാളം ഒമേഗാ 3 അടങ്ങിയിട്ടുണ്ട്. പച്ചക്കറികളും പീസും, കശുവണ്ടിയും പോഷക സമ്പൂര്‍ണമാണ്.

 

ഈന്തപ്പഴം നെല്ലിക്ക ശര്‍ക്കര പാനീയം

 ചേരുവകള്‍

കുരുകളഞ്ഞ് കഷണങ്ങളാക്കിയ ഈന്തപ്പഴം അര കപ്പ്

നെല്ലിക്ക മൂന്നെണ്ണം

ശര്‍ക്കര രണ്ടു ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ഈന്തപ്പഴവും നെല്ലിക്കാ അരിഞ്ഞതും മിക്സിയില്‍ അരച്ചെടുക്കുക. ശര്‍ക്കരപാനിയുണ്ടാക്കി ഈന്തപ്പഴം മിശ്രിതം ചേര്‍ത്ത് ഉപയോഗിക്കാം. കാന്‍സര്‍ രോഗിക്കു ധാരാളം ജീവകം 'സി' യും ഇരുമ്പാംശവും ഗൂക്കോസും ആവശ്യമാണ്. ഇവയെല്ലാം ധാരാളം ഇതില്‍ കലര്‍ന്നിട്ടുണ്ട്. പത്തു ദിവസംകൊണ്ടു തന്നെ വിളര്‍ച്ച മാറി രക്താണുക്കളുടെ അളവു കൂടാന്‍ ഈ പാനീയത്തിനു കഴിഞ്ഞിട്ടുണ്ടെന്നു അനുഭവസ്ഥര്‍ പറയുന്നു.

© Copyright 2015 Manoramaonline. All rights reserved.